ഡിട്രോയ്റ്റ്: പ്രകൃതിദുരന്തങ്ങള്‍ നിസ്സാരനായ മനുഷ്യന്റെ നിസ്സഹായതയുടെ ഓര്‍മ്മപ്പെടുത്തലുകളാണ്, എന്നാല്‍ അതിജീവനത്തിനായുള്ള അവന്റെ ആന്തരിക അഭിവാഞ്ജ അവനെ വീണ്ടും കൈപിടിച്ചുയര്‍ത്തി കര്‍മ്മോല്‍സുകരാക്കാറുണ്ട്. അതാണ് പ്രപഞ്ച നീതി.
കേരളം തുടര്‍ച്ചയായി പിന്നിട്ട രണ്ടു പ്രളയങ്ങളിലും രൂപപ്പെട്ട സംഘടിത പ്രതിരോധങ്ങളും കൂട്ടായ്മകളും പ്രപഞ്ച നീതിയോടൊപ്പം സഹാനുഭുതിയുടെയും സഹജീവി സൗഹാര്‍ദ്ദത്തിന്റെയും മഹനീയ മാതൃകകളുമായിരുന്നു.
പ്രളയത്തിന്റെ ദുരിതത്തില്‍പെട്ടു സര്‍വ്വതും നഷ്ട്ടപ്പെട്ട നിരാലംബയായ ഒരു നര്‍ത്തകിയുടെ പ്രത്യാശയെയും ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനെയും ഹൃദയ സ്പര്‍ശിയായി ആവിഷ്കരിക്കുന്ന ഒരു നൂതന നൃത്ത രൂപവുമായി അമേരിക്കയില്‍ നിന്നുമൊരു കലാകാരി,
തിരുവല്ല കുന്നന്താനം സ്വദേശിനിയായ ഡിട്രോയ്റ്റിലെ ദേവിക രാജേഷ്.ആകര്‍ഷകമായ അംഗചലനങ്ങളിലൂടെയും ഭാവാവിഷ്കാരത്തിലൂടെയും ഇന്ദ്രിയങ്ങളില്‍ അനുഭൂതിയുടെ ദേവസ്പര്‍ശം ചൊരിയുന്ന ഈ മോഹിനിയാട്ട നടനവിസ്മയത്തിനു ഗാനം രചിച്ചിരിക്കുന്നത് ബിനു പണിക്കരും വരികള്‍ ആലപിച്ചിരിക്കുന്നത് ബിനി പണിക്കരുമാണ്. ആധുനിക സാങ്കേതിക മികവുകളോടെ ഈ ദൃശ്യ വിരുന്നിനെ വ്യത്യസ്തമാക്കുന്നതു രവിശങ്കറിന്റെ സംവിധാനമാണ്.
സഹജീവികളുടെ ദുരിതങ്ങളില്‍ ആര്ദ്രമാകുന്ന മനുഷ്യ മനസ്സിന്റെ നൊമ്പരങ്ങളും, വരദാനമായി കിട്ടിയ കലാവാസന നഷ്ടപ്പെടുമോ എന്ന ആകുലതയാല്‍ അത് തിരിച്ചു പിടിക്കാനുള്ള ഒരു കലാകാരിയുടെ ആത്മസമര്‍പ്പണവും സമന്വയിക്കുന്ന ഈ നൃത്താവിഷ്കാരത്തിന്റെ സങ്കല്പം അമേരിക്കയിലെ അറിയപ്പെടുന്ന വാദ്യ കലാകാരന് രാജേഷ് നായരുടേതാണ്.
ശ്രീവത്സന്‍ മേനോന്റെ ഓര്ക്കസ്ട്രഷനിലൂടെയും ഇടപ്പള്ളി അജിത്കുമാറിന്റെ ഗന്ധര്‍വ്വ സംഗീതത്തിലൂടെയും രംഗവേദിയിലെത്തിയ നടനരൂപം ദൃശ്യ മാധ്യമത്തിന്റെ വര്‍ണ്ണലോകത്തിനായി ചിട്ടപ്പെടുത്തിയത് അജ്മല്‍ സാബു, ഫിറോസ് നെടിയത് എന്നി സാങ്കേതിക വിദഗ്ധരും കൊറിയോഗ്രാഫി നിര്‍വഹിച്ചത് പ്രശസ്ത നര്‍ത്തകി ആശാ സുബ്രമണ്യനുമാണ്. തികച്ചും വേറിട്ട മികവോടെ ദൃശ്യ വിരുന്നാകുന്ന ഈ നൃത്തോപഹാരം കലാ കേരളം ഇരു കൈകളും നീട്ടി സ്വീകരിക്കുമെന്നതിനു സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: