ഇടുക്കി: രാജ്യത്ത് തന്നെ അണക്കെട്ടില്‍ ഫ്ളോട്ടിങ് സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഏറ്റവും വലിയ പദ്ധതിയായി മാറാനൊരുങ്ങി ഇടുക്കി ജലവൈദ്യുത പദ്ധതി. രണ്ടുഘട്ടങ്ങളിലായി 325 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന ലക്ഷ്യമിടുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിലെ ഉല്‍പ്പാദനം 125 മെഗാവാട്ടാണ്.
ഇടുക്കി സംഭരണിയുടെ വിവിധ ഭാഗങ്ങളില്‍ ഫ്ളോട്ടിങ് സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനാവുമെന്ന് ഇതു സംബന്ധിച്ച് പഠനം നടത്തിയ എന്‍ടിപിസി(നാഷണല്‍ തെര്‍മല്‍ പവര്‍ കോര്പ്പറേഷന്) സംസ്ഥാന വൈദ്യുതി ബോര്‍ഡിന് റിപ്പോര്‍ട്ട് നല്കി. ഇടുക്കി സംഭരണിയുടെ ക്യാച്ച്മെന്റ് ഏരിയായായ അഞ്ചുരുളിയില്‍ നിന്ന് 100 മെഗാവാട്ടും ചെറുതോണി അണക്കെട്ടിനോടനുബന്ധിച്ച് വെള്ളത്തില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ച് 25 മെഗാവാട്ട് വൈദ്യുതിയുമാണ് ആദ്യ ഘട്ടത്തില്‍ ഉത്പാദിപ്പിക്കുക.
ഉത്പാദിപ്പിക്കുന്ന വൈദ്യുതി സമീപത്തെ സബ് സ്റ്റേഷനിലേക്ക് എത്തിക്കാന്‍ കേബിള്‍ വലിക്കുന്നതിനുള്ള അനുമതി വനംവകുപ്പില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്. ഇത് ലഭിച്ചാല്‍ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് തീരുമാനമെന്നും ഡിസംബറോടെ പദ്ധതി തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും വൈദ്യുതി ബോര്‍ഡ് വ്യക്തമാക്കി.
രണ്ട് ഘട്ടങ്ങളിലായുള്ള പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ അണക്കെട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ പദ്ധതിയായി ഇടുക്കി മാറും. സംസ്ഥാന വൈദ്യുതി ബോര്‍ഡിന് വേണ്ടി എന്‍ടിപിസിയാണ് പദ്ധതി നടപ്പിലാക്കുക. എന്‍ടിപിസി ഉത്പാദിപ്പിക്കുന്ന വൈദ്യുതി നിശ്ചിത വിലയ്ക്ക് വൈദ്യുതി ബോര്‍ഡ് വാങ്ങും.
കേബിള്‍ വലിക്കുന്നതിനായി വനംവകുപ്പിന്റെ അനുമതി എത്രയും വേഗം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് വൈദ്യുതി വകുപ്പ്. പോസ്റ്റ് സ്ഥാപിച്ച് വൈദ്യുതി ലൈന്‍ വലിക്കുന്നതിനു തടസവാദം ഉന്നയിച്ചാല്‍ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നതിനും ബോര്‍ഡ് തയാറാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടികാട്ടിയാണ് വനംവകുപ്പിന് കത്ത് നല്‍കിയിട്ടുള്ളത്.
ചെറുതോണിയില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കുളമാവ് സബ്സ്റ്റേഷനിലേക്കും അഞ്ചുരുളിയിലേത് കട്ടപ്പന നിര്മ്മലസിറ്റിയിലെ സബ് സ്റ്റേഷനിലേക്കും എത്തിക്കും. ഇതിനായി നിര്‍മ്മലാ സിറ്റിയില്‍ 220 കെവി സബ് സ്റ്റേഷനും സ്ഥാപിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് റിന്യൂവെബിള്‍ എനര്‍ജിയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്തും പദ്ധതി നടപ്പിലാക്കുന്നത്.
ഇതിന് പുറമെ മൂലമറ്റം പവര്‍ ഹൗസിനോടു ചേര്‍ന്ന് 780 മെഗാവാട്ട് ഉത്പാദിപ്പിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട പഠനങ്ങളും അവസാന ഘട്ടത്തിലാണ്. സോളാര്‍ പാനല്‍, രണ്ടാമത്തെ പവര്‍ ഹൗസ് എന്നിവ കൂടി യാഥാര്‍ഥ്യമായാല്‍ ഇടുക്കി സംസ്ഥാനത്തിന്റെ ഊര്‍ജ ഹബ്ബായിമാറുമെന്നും അധികൃതര്‍. നിലവില്‍ 130 മെഗാവാട്ടിന്റെ ആറ് ജനറേറ്ററുകളാണ് മൂലമറ്റത്തെ പവര്‍ ഹൗസിലുള്ളത്. പദ്ധതിയെല്ലാം നടപ്പിലാക്കാനായാല്‍ 1885 മെഗാവാട്ടാകും ഇടുക്കിയിലെ മൊത്തം ഉത്പാദന ശേഷി. ശരാശരി 2500-3500 മെഗാവാട്ടിനും ഇടയിലാണ് സംസ്ഥാനത്ത് പീക്ക് ടൈമില്‍ പോലും ഉപയോഗിക്കുന്ന വൈദ്യുതി. മേഖല ഇടുക്കി വന്യജീവി സങ്കേതത്തിലുള്ള സ്ഥലമായതിനാല്‍ വനംവകുപ്പിന്റെ അനുമതി ലഭിക്കാന്‍ കാത്തിരിക്കുകയാണ് കെഎസ്ഇബി. ഇത്തരം പദ്ധതികള്‍ നടപ്പിലാകുന്നതോടെ പുറത്ത് നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവും കുറക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: