ന്യുദല്‍ഹി: അഗ്നി പരീക്ഷകളെ അതിജീവിച്ച് വികസനത്തെ നെഞ്ചോട് ചേര്‍ത്ത് ജനങ്ങളിലൊരാളായി ജനങ്ങള്‍ക്കൊപ്പം നിന്ന ഭരണാധികാരിയായി നരേന്ദ്ര ദാമോദര്‍ ദാസ് മോദി ഇന്നലെ (2020 ഒക്ടോബര്‍ 7) ഇരുപത് വര്‍ഷം പിന്നിട്ടു. 2001 ഒക്ടോബര്‍ ഏഴിനാണ് ഗുജറാത്തില്‍ പുതു ചരിത്രം സൃഷ്ടിച്ച് നരേന്ദ്ര മോദി മുഖ്യമന്ത്രിയായത്. പിന്നെ ജനങ്ങള്‍ക്കുവേണ്ടി വിശ്രമമില്ലാതെ ദിവസം പതിനെട്ടു മണിക്കൂര്‍ വരെ ജോലി ചെയ്ത് മഹത്തായ മാതൃക സൃഷ്ടിക്കുകയായിരുന്നു. മുഖ്യമന്ത്രിയായി തുടങ്ങി ഒരു ഇടവേള ഇല്ലാതെ രണ്ടാം വട്ടം പ്രധാനമന്ത്രിപദത്തില്‍ എത്തിയിരിക്കുന്ന മറ്റൊരു നേതാവും ചരിത്രത്തില്‍ ഇല്ല. തുടര്‍ച്ചയായി മുഖ്യമന്ത്രി പദത്തില്‍ ഇരുന്നവരുണ്ട്. തുടര്‍ച്ചയായി പ്രധാമന്ത്രിയായിരുന്നവരുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയില്‍ തുടങ്ങി പ്രധാനമന്ത്രിയായി ഭരണരംഗത്ത് 20 വര്‍ഷം തികയ്ക്കുകയെന്ന അപൂര്‍വത്വം മോദിക്കുമാത്രം സ്വന്തം.
മോദി മൂന്നുതവണയാണ് ഗുജറാത്തില്‍ മുഖ്യമന്ത്രിയായത്. അതും കോണ്‍ഗ്രസിന്റെ കേന്ദ്ര ഭരണത്തില്‍. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ വേട്ടയാടി. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നിയോഗിച്ച അന്വേഷണ കമ്മീഷനുകളും സിബിഐയും പ്രത്യേക അന്വേഷണ സംഘവുമെല്ലാം മോദിക്ക് കലാപങ്ങളില്‍ പങ്കില്ലെന്ന് ക്ലീന്‍ ചിറ്റ് നല്കി. എന്നിട്ടും കോണ്‍ഗ്രസും പ്രതിപക്ഷങ്ങളും വെറുതെ വിട്ടില്ല. എന്നാല്‍ എന്നും ജനങ്ങള്‍ അദ്ദേഹത്തോടൊപ്പമായിരുന്നു. ആ ജൈത്രയാത്ര 2014ല്‍ മോദിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ചു. ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ വീണ്ടും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ വര്‍ധിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേറി. മികച്ച ഭരണത്തിനുള്ള തുടര്‍ച്ചയാണ് ജനങ്ങള്‍ നല്‍കിയത്.
കരുത്തനായ പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദിയെ ലോകം അംഗീകരിച്ചുകഴിഞ്ഞു. ഈ കരുത്തനായ നേതാവ് എന്തുപറയുന്നു, എന്തു ചെയ്യുന്നു എന്നാണ് ലോകം വീക്ഷിക്കുന്നത്. ഐക്യരാഷ്ട്രസഭയോടുള്ള കഴിഞ്ഞദിവസത്തെ അഭിസംബോധന ലോകം കൈയടിച്ചാണ് സ്വീകരിച്ചത്. ഇടവേളയില്ലാതെ രണ്ടുപതിറ്റാണ്ടു പിന്നിട്ട് ചരിത്രപുരുഷനായി മോദി മുന്നേറുകയാണ്.
അഗ്നിശോഭയുള്ള ഇരുപതാണ്ടുകള്‍
ന്യൂദല്‍ഹി: സോമനാഥ ക്ഷേത്രത്തില്‍ നിന്നുള്ള ശംഖ്നാദം മുഴങ്ങുന്ന ഗുജറാത്തില്‍ നിന്ന് ഇന്ദ്രപ്രസ്ഥത്തിലെത്തി രാജ്യത്തിന്റെ നായകനിലെത്തി നില്ക്കുന്ന യാത്ര നരേന്ദ്ര മോദിക്ക് എളുപ്പമുള്ളതായിരുന്നില്ല. കല്ലുംമുള്ളും മാത്രമല്ല കോണ്‍ഗ്രസിന്റെയും ബിജെപി വിരുദ്ധരുടെയും ചതികളെയും നേരിട്ടായിരുന്നു ആ യാത്ര.
2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുമ്പോള്‍ സംസ്ഥാനം വന്‍ തകര്‍ച്ചയിലായിരുന്നു. ഭൂകമ്പം തകര്‍ത്തെറിഞ്ഞ സംസ്ഥാനത്തെ മുന്നോട്ട് നയിക്കുകയെന്ന വെല്ലുവിളി അതിജീവിച്ച് വികസനത്തിന്റെ പുത്തന്‍ മാതൃക സൃഷ്ടിച്ചു മോദി. വികസനത്തിന്റെ ഗുജറാത്ത് മാതൃകയെ എതിരാളികള്‍ക്കുപോലും അംഗീകരിക്കേണ്ടി വന്നു. ആ മാതൃക ഒരു സുപ്രഭാതത്തിലുണ്ടായതല്ല, വിശ്രമരഹിതമായ പ്രവര്‍ത്തനത്തിന്റെ ഫലമായിരുന്നു.
ഗുജറാത്ത് കലാപത്തെക്കുറിച്ച് നുണകള്‍ പ്രചരിപ്പിച്ച് മോദിയെ വേട്ടയാടാന്‍ കേന്ദ്രത്തിലെ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരുകളും കമ്മ്യൂണിസ്റ്റുകളും ശ്രമിച്ചു. പ്രചണ്ഡമായ നുണപ്രചാരണം നടത്തിയപ്പോഴും ജനങ്ങള്‍ മോദിക്കൊപ്പം നിന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ പ്രധാനമന്ത്രിയാകുന്നതു വരെ മൂന്ന് തവണ മുഖ്യമന്ത്രിയായി ഗുജറാത്ത് ജനത തെരഞ്ഞെടുത്തത്.
2001ല്‍ ആരംഭിച്ച വികസന തേരോട്ടത്തില്‍ നിന്ന് മോദിക്ക് പിന്തിരിഞ്ഞുനോക്കേണ്ടി വന്നില്ല. വ്യവസായങ്ങള്‍ ഗുജറാത്തിലേക്കൊഴുകി. പശ്ചിമ ബംഗാളില്‍ നിന്ന് ടാറ്റയെ കെട്ടുകെട്ടിച്ചപ്പോള്‍ അഭയം നല്കി. ലോകം മുഴുവന്‍ മോദിയെ അംഗീകരിച്ചു. ഈ വികസന മാതൃകയെ പ്രശംസിക്കേണ്ടി വന്നു. എതിരാളികളുടെ നുണ പ്രചാരണങ്ങളെ ജനങ്ങള്‍ തള്ളിക്കളഞ്ഞു.
2014ല്‍ ലോക്സഭ തെരഞ്ഞെടുപ്പിനെ നയിച്ച് ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തിലേറുമ്പോള്‍ അത് പുത്തന്‍ ചരിത്ര രചനയായിരുന്നു. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ മനസ്സിലാക്കി രാജ്യത്ത് ശൗചാലയങ്ങള്‍ പണിതു നല്കി സ്ത്രീകളുടെ അഭിമാനമുയര്‍ത്തിയപ്പോള്‍ രാജ്യം തന്നെ ഒറ്റക്കെട്ടായി മോദിക്കൊപ്പം നിന്നു. സ്വച്ഛ്ഭാരതും എല്ലാവര്ക്കും ബാങ്ക് അക്കൗണ്ടുകള്‍ തുറന്ന് ആനുകൂല്യങ്ങള്‍ നേരിട്ട് ജനങ്ങളിലെത്തിച്ചപ്പോഴും സാധാരണക്കാരും പട്ടിണിപ്പാവങ്ങളും അന്നുവരെ അറിഞ്ഞിട്ടില്ലാത്ത വികസനത്തെ അനുഭവിച്ചറിഞ്ഞു.
സര്‍ക്കാര്‍ ആനുകൂല്യം പാവപ്പെട്ടവരില്‍ നേരിട്ടെത്തിയതും മഹാത്മാഗാന്ധി തൊഴില്‍ദാന പദ്ധതിയിലൂടെ തൊഴില്‍ നല്കിയതും കുപ്രചാരണങ്ങള്‍ക്കുള്ള മറുപടിയായി. ഇന്ത്യക്കെതിരെ അപ്രഖ്യാപിത യുദ്ധം നടത്തുന്ന പാക്കിസ്ഥാന് സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ തിരിച്ചടി നല്കിയപ്പോള് ലോകം ഇന്ത്യയുടെ കരുത്ത് മോദിയിലൂടെ തിരിച്ചറിഞ്ഞു. ചൈനയുടെ വെല്ലുവിളികളെ സധൈര്യം നേരിട്ട് തിരിച്ചടി നല്കുമ്പോള് ലോകം ഇന്ത്യക്കൊപ്പമാണെന്നത് മോദിയുടെ നയതന്ത്ര വിജയമായിരുന്നു. ലോകം ഇന്ന് പ്രതീക്ഷയോടെ നോക്കുന്ന ലോകനേതാവായി ഉയരാനും മോദിക്കായി. ഒരിക്കലും നടപ്പാക്കാന്‍ കഴിയില്ലെന്ന് എതിരാളികള്‍ പ്രചരിപ്പിച്ച ബിജെപിയുടെ മുദ്രാവാക്യങ്ങളായ 370-ാം വകുപ്പ് റദ്ദാക്കല്‍, അയോധ്യയിലെ രാമക്ഷേത്രം എന്നിവ യാഥാര്‍ത്ഥ്യമായി.
ജന്‍ധന്‍ യോജന, മുദ്രയോജന, ജന്‍ സുരക്ഷാ യോജന, സൗഭാഗ്യ യോജന, ആയുഷ്മാന്‍ ഭാരത്, പ്രധാന്‍മന്ത്രി ആവാസ് യോജന, പിഎം കിസാന്‍ യോജന എന്നിങ്ങനെ ജനക്ഷേമ പദ്ധതികളുടെ നീണ്ട പട്ടികയുണ്ട് എടുത്തുകാട്ടാന്‍. കൊവിഡിനെ നിയന്ത്രിച്ച് നേരിടാന്‍ നടപടികളെടുത്ത് ലോകത്ത് ജനസംഖ്യയില്‍ രണ്ടാമത് നില്ക്കുന്ന ഇന്ത്യ ലോകത്തിന് അദ്ഭുതമായി മാറിയതും മോദിക്ക് കീഴില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: