ന്യൂദല്‍ഹി : വ്യോമസേനാ ദിനത്തില്‍ ആശംസകള്‍ അറിയിച്ച് നേതാക്കള്‍. രാജ്യത്തെ സംരക്ഷിക്കുന്നതിനൊപ്പം ദുരന്ത സമയങ്ങളില്‍ മനുഷ്യരാശിക്ക് കൈത്താങ്ങാകുന്നതിലും വ്യോമസേന സുപ്രധാന പങ്കുവഹിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യന്‍ വ്യോമസേനയുടെ ധീര യോദ്ധാക്കള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുന്നതായും ഭാരതാംബയെ സംരക്ഷിക്കുന്നതിനുള്ള വ്യോമസേനയുടെ അര്‍പ്പണബോധവും ധീരതയും എല്ലാവര്ക്കും പ്രചോദനം നല്‍കുന്നതാണ്. വ്യോമസേനയുടെ ഒരു വീഡിയോയും ഇതോടൊപ്പം മോദി ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ധീരതയോടെയും നിശ്ചയദാര്‍ഢ്യത്തോടെയും വ്യോമസേനാ ഉദ്യോഗസ്ഥര്‍ രാജ്യത്തിനായി സേവനം അനുഷ്ഠിക്കുന്നുവെന്ന് അമിത് ഷാ അറിയിച്ചു. രാജ്യത്തെ സംരക്ഷിക്കുന്നതിനായും എല്ലാ പ്രതികൂല സാഹചര്യങ്ങളെയും നേരിടുന്നതിനുമായി ധൈര്യത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയുമാണ് ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥര്‍ രാജ്യത്തെ സേവിക്കുന്നതെന്നും അമിത് ഷാ ട്വിറ്ററിലൂടെ അറിയിച്ചു.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും വ്യോമസേനയ്ക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട്. ‘2020ലെ ഇന്ത്യന്‍ വ്യോമാസേനാ ദിനത്തില്‍ എല്ലാ വ്യോമസേനാ വൈമാനികര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും തന്റെ ആശംസകള്‍. 88 വര്‍ഷങ്ങളായുള്ള സമര്‍പ്പിതമായ സേവനമാണ് ഇന്ത്യന്‍ സുരക്ഷയ്ക്കായി വ്യോമസേന നിര്‍വ്വഹിക്കുന്നത്. അവരുടെ ത്യാഗവും മികവും മറ്റാര്‍ക്കും അവകാശപ്പെടാനാകാത്തവിധം ശക്തവും തീഷ്ണവുമായ സേനാ വ്യൂഹമാക്കി വ്യോമസേനയെ മാറ്റിയിരിക്കുന്നുവെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യന്‍ ആകാശം വ്യോമസേനയുടെ കയ്യില്‍ അതീവസുരക്ഷിതമാണെന്ന് ആത്മവിശ്വാസമുണ്ട്. എല്ലാവര്ക്കും ആകാശനീലിമയുടെ വിശാലതയും സുരക്ഷിതമായ തിരിച്ചിറങ്ങലുകളും ആശംസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
88ാമത് വ്യോമസേനാ ദിനമാണ് ഇന്ന്. 1932 ഒക്ടോബര്‍ എട്ടിനാണ് ഇന്ത്യന്‍ വ്യോമസേന സ്ഥാപിതമായത്. ഇതിനാലാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ എട്ടിന് ഇന്ത്യന്‍ വ്യോമസേനാ ദിനമായി ആചരിക്കുന്നത്. ഇതിനോടനുബന്ധിച്ച് ദല്‍ഹി ഹിന്ഡാലിലെ വ്യോമസേനാ കേന്ദ്രത്തില്‍ ആഘോഷങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി മാറിയ റഫേലിന്റെ സാന്നിദ്ധ്യം തന്നെയാണ് ഇത്തവണത്തെ വ്യോമസേനാ ദിനത്തെ വേറിട്ടതാക്കുന്നത്. ചൈനയ്ക്കെതിരായ പ്രതിരോധത്തില്‍ ഇന്ത്യന്‍ ആകാശത്ത് അതിസുരക്ഷാ കവചമായിട്ടാണ് അത്യാധുനിക യുദ്ധവിമാനമായ റഫേലിനെ കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: