തിരുവനന്തപുരം: വിഎച്ച്എസ്സി വിദ്യാര്‍ത്ഥികള്‍ക്കായുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചത് പോക്സോ കേസിലെ പ്രതിയെ കൊണ്ട്. കുട്ടികളെ പീഡിപ്പിച്ചെന്ന കേസില്‍ വിചാരണ നേരിടുന്ന ഡോ. കെ. ഗിരീഷിനെകൊണ്ട് കുട്ടികളുടെ മാനസിക പിരിമുറക്കം കുറയ്ക്കുന്നതിനുള്ള പരിശീലന പരിപാടി വിഎച്ച്എസ്സി സംഘടിപ്പിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല നല്‍കിയിട്ടുള്ളത്. കൗണ്‍സിലിങ്ങിനെത്തിയ കുട്ടികളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് രണ്ട് പോക്സോ കേസാണ് ഗിരീഷിനെതിരെ ചുമത്തിയിട്ടുള്ളത്. ഈ രണ്ട് കേസുകളിലും തിരുവനന്തപുരം പോക്സോ കോടതിയില്‍ വിചാരണ നടന്നുവരികയാണ്.
എന്നാല്‍ ക്ലിനിക്കല്‍ സൈക്കോളിസ്റ്റെന്ന നിലയിലാണ് വെക്കോഷണല്‍ ഹയര്‍ സെക്കന്‍ഡറിയുടെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിങ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വെബിനാറില്‍ പങ്കെടുപ്പിച്ചത്. പോക്സോ കേസിനെ കുറിച്ച് അറിയില്ലായിരുന്നുമെന്നുമാണ് അധികൃതര്‍ മറുപടി നല്‍കിയിരിക്കുന്നത്. കൊറോണ കാലത്തെ കുട്ടികളുടെ മാനസികസംഘര്‍ഷമെന്ന വിഷയത്തിലായിരുന്നു വെബിനാര്‍.
ചടങ്ങില്‍ പങ്കെടുക്കാനായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന് ബാബുവിനെ ക്ഷണിച്ചുവെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. ലയണ്‍സ് ക്ലബുമായി ചേര്‍ന്നു നടത്തിയ വെബിനാറില്‍ സംസ്ഥാനത്തെ 389 സ്കൂളുകളിലെ കരിയര്‍ മാസ്റ്റര്‍മാര്‍ക്കായി ഗിരീഷ് ക്ലാസെടുത്തു. അതേസമയം പോക്സോ കേസില്‍ പ്രതിയായിട്ടും പോലീസ് ഗിരീഷിനെ അറസ്റ്റ് ചെയ്യാതിരുന്നത് വിവാദമായിരുന്നു. അതിന് പിന്നാലെയാണ് പുതിയ ആരോപണവും ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: