നിസ്വാര്‍ത്ഥമായ സേവനങ്ങളിലൂടെ ജനഹൃദയങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന ദേശീയ സേവാഭാരതിക്ക് കോവിഡ് കാലത്തെ ഏറ്റവും മികച്ച സന്നദ്ധ പ്രവര്‍ത്തനത്തിനുള്ള ഇന്ത്യാ ടുഡെ ഗ്രൂപ്പിന്റെ ഹെല്‍ത്ത് ഗിരി പുരസ്കാരം ലഭിച്ചിരിക്കുന്നത് അര്‍ഹതയ്ക്കുള്ള അംഗീകാരമാണ്. കോവിഡ് കാലത്തെ പകരംവയ്ക്കാനില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ പുരസ്കാരമെന്ന സംഘാടകരുടെ വാക്കുകള്‍ സാമൂഹ്യ പ്രതിബദ്ധതയ്ക്കുള്ള സാക്ഷ്യപത്രമാണ്. ഗാന്ധിജയന്തി ദിനത്തിലെ ഈ അംഗീകാരം ഉത്തമമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ പുരസ്കാരത്തിന്റെ തിളക്കം വര്‍ധിപ്പിക്കുകയും, ഒരു സംഘടനയെന്ന നിലയ്ക്ക് സേവാഭാരതിയുടെ അഭിമാനം ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. കോവിഡ് മഹാമാരിക്കെതിരെ മുന്‍നിരയില്‍നിന്ന് പോരാടി ജീവിതം സുരക്ഷിതമാക്കാനുള്ള ശ്രമങ്ങള്‍ക്ക് ശക്തിപകരാന്‍ ഈ പുരസ്കാര ലബ്ധി എല്ലാവരെയും പ്രേരിപ്പിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രതികരണം ദേശീയ സേവാഭാരതിക്ക് ലഭിക്കുന്ന അസുലഭമായ അഭിനന്ദനമാണ്.
രാഷ്ട്ര പുനര്‍നിര്‍മാണത്തിന്റെ പാതയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ആര്‍എസ്എസില്‍നിന്ന് പ്രചോദനം നേടി 1989 ല്‍ ആവിര്‍ഭവിച്ച ദേശീയ സേവാഭാരതിക്ക് ഇന്ന് രണ്ട് ലക്ഷത്തിലേറെ സന്നദ്ധ പ്രവര്‍ത്തകരുണ്ട്. രാജ്യവ്യാപകമായി 1200 സ്ഥാപനങ്ങളും, ഓരോ സംസ്ഥാനത്തും വ്യത്യസ്ത ഹെല്പ് ലൈന്‍ നമ്പറുകളുമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടന കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ പ്രതിജ്ഞാബദ്ധമായി നിലകൊള്ളുന്നു. പ്രകൃതിദുരന്തങ്ങള്‍, വിമാന-ട്രെയിനപകടങ്ങള്‍ തുടങ്ങിയവ സംഭവിക്കുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ അതിശയിക്കുന്ന രക്ഷാ-ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള സേവാഭാരതി സേവനത്തിന്റെ അന്യാദൃശമായ മുഖമാണ് കാഴ്ചവച്ചിട്ടുള്ളത്. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലുമൊക്കെ കുടുങ്ങിപ്പോകുന്ന സാധാരണ മനുഷ്യരുടെ പോലും സഹായത്തിനെത്തുന്ന സര്‍വതല സ്പര്‍ശിയായ പ്രവര്‍ത്തന രീതി ഈ സംഘടന വികസിപ്പിച്ചെടുത്തിരിക്കുന്നു.
കേരളത്തില്‍ സേവാഭാരതി എന്ന പേരില്‍ തന്നെ 1982 മുതല്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ സംഘടനയ്ക്ക് നിസ്വാര്‍ത്ഥരായ നൂറുകണക്കിന് സേവാവൃതികളിലൂടെ, അവഗണിക്കപ്പെടുകയും ഒറ്റപ്പെടുകയും പാര്ശ്വവല്ക്കരിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യരിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞു. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ദുരന്തം വിതച്ച് സുനാമിത്തിരമാലകള്‍ ആഞ്ഞടിച്ചപ്പോഴും, കൊച്ചു കേരളമൊന്നാകെ പ്രളയത്തില്‍ ആണ്ടുമുങ്ങിയപ്പോഴും സഹായത്തിനുള്ള സര്‍ക്കാര്‍ സംവിധാനം എങ്ങുമെത്തിയില്ല. സേവാഭാരതിയുടെ ഐതിഹാസികമായ രക്ഷാദുരിത്വാശ്വാസ പ്രവര്‍ത്തനങ്ങളാണ് ജനങ്ങളുടെ ജീവന് രക്ഷിച്ചതും, അവരെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയതും. ആരുടെയെങ്കിലും ഒരു നന്ദിവാക്കുപോലും പ്രതീക്ഷിച്ചല്ല സ്വജീവന്‍ പണയപ്പെടുത്തിക്കൊണ്ടും ആലംബഹീനരായ മനുഷ്യരെ സേവാഭാരതി പ്രവര്‍ത്തകര്‍ സഹായിച്ചത്. എന്തു സഹായം വേണോ സമീപിക്കേണ്ടത് സേവാഭാരതിയെയാണെന്ന ധാരണ ഇതുമൂലം ജനങ്ങളില്‍ രൂപപ്പെട്ടു.
കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ചപ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ സേവാഭാരതി മുന്നിട്ടിറങ്ങി. രോഗവ്യാപനം ഏറ്റവും രൂക്ഷമായി ആയിരങ്ങള്‍ മരണത്തെ മുഖാമുഖം കണ്ട മുംബൈയിലെ ധാരാവിയില്‍ സേവാഭാരതി നടത്തിയ പ്രവര്‍ത്തനം രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചു. സംഘപരിവാറിനോട് ജന്മശത്രുക്കളെപ്പോലെ പെരുമാറിയിരുന്ന ചില മാധ്യമപ്രവര്‍ത്തകര്‍ പോലും സേവാഭാരതിയുടെ മനുഷ്യസ്നേഹ നിര്‍ഭരമായ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയുണ്ടായി. കോവിഡ് വ്യാപനം നിയന്ത്രണാതീതമായ ദല്‍ഹിയില്‍ കുടിയേറ്റത്തൊഴിലാളികള്‍ക്കായി 10000 ഭക്ഷണപ്പൊതികളാണ് ദിനംതോറും വിതരണം ചെയ്തത്. അതിരാവിലെ മുതല്‍ രാത്രിയുടെ അന്ത്യയാമങ്ങള്‍ വരെ ആവശ്യക്കാര്‍ക്കെല്ലാം ഭക്ഷണമെത്തിച്ചു. ഇതിനായി 45 അടുക്കളകളാണ് തയ്യാറാക്കിയത്. രാജ്യത്തെ വിവിധ മെഡിക്കല്‍ കോളജുകളില്‍ കോവിഡ് രോഗികള്‍ക്കായി പാലും ശുദ്ധവെള്ളവുമെത്തിക്കാനും സേവാഭാരതിക്ക് കഴിഞ്ഞു. രണ്ട് ലക്ഷത്തിലേറെ സന്നദ്ധ ഭടന്മാരാണ് കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് സേവനനിരതരായത്.
സേവാഭാരതിക്ക് ഏറ്റവും കൂടുതല്‍ സന്നദ്ധ ഭടന്മാരുള്ളത് കേരളത്തിലാണ്. ഒരുലക്ഷത്തോളം വരുന്ന ഇവര്‍ കോവിഡ് വ്യാപന കാലത്ത് സ്വന്തം നിലയ്ക്ക് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. മാസ്കുകള്‍ വിതരണം ചെയ്യാനും, കോവിഡ് രോഗികളെ പാര്‍പ്പിച്ച കെട്ടിടങ്ങള്‍ അണുവിമുക്തമാക്കാനുമൊക്കെ രംഗത്തിറങ്ങി. പക്ഷേ പൊള്ളയായ അവകാശവാദങ്ങള്‍ക്കപ്പുറം തങ്ങളുടെ പരാജയം തുറന്നുകാട്ടപ്പെടുമെന്ന് ഭയന്ന ഇടതുമുന്നണി സര്‍ക്കാര്‍ സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. സര്‍ക്കാരിന്റെ ആരോഗ്യ സംവിധാനം വഴിയുള്ള പ്രതിരോധം പാളിയതോടെ രോഗികള്‍ കുതിച്ചുയരുന്ന സ്ഥിതി വന്നു. സര്‍ക്കാര്‍ പറഞ്ഞാല്‍ കോവിഡ് പ്രതിരോധത്തിനിറങ്ങാന്‍ ഒരുക്കമാണെന്ന് സേവാഭാരതി വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ നേട്ടം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചാല്‍ കോവിഡ് വ്യാപനം ചെറുക്കാനാവില്ലെന്ന് സര്‍ക്കാര്‍ തിരിച്ചറിയണം. രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുന്ന സേവാഭാരതിയെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കണം. പ്രളയകാലത്തെപ്പോലെ പുതിയൊരു കേരളം പടുത്തുയര്‍ത്താന്‍ സേവാഭാരതിയുടെ കൈത്താങ്ങ് ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: