ബത്തേരി: വയനാട്ടില്‍ പുഷ്പ കൃഷി പ്രോല്‍സാഹനം സര്‍ക്കാര്‍ ലക്ഷ്യമിട്ടതോടെ നിരവധി കര്‍ഷകരാണ് പുഷ്പ കൃഷിയിലേക്ക് തിരിഞ്ഞത്. വയനാട്ടില്‍ കയറ്റുമതി ലക്ഷ്യമിട്ട് അന്താരാഷ്‌ട്ര വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുള്ള ഇനങ്ങളാണ് കൃഷി ചെയ്തതും. എന്നാല്‍ ഇവയൊന്നും കയറ്റുമതി ചെയ്യാനോ വിപണി കണ്ടെത്താനോ കഴിയാതെ വലിയ ദുരിതത്തിലാണ് കര്‍ഷകര്‍.
പുഷ്പകൃഷിക്ക് പ്രോല്‍സാഹനവും ആനുകൂല്യങ്ങളും നല്‍കുന്ന സാഹചര്യത്തിലാണ് ചീരാല്‍ കരിങ്കാളികുന്ന് സനൂപും മോളിയും ഹാര്‍മണി ഓര്‍ക്കിഡ് ഫാം ആരംഭിച്ചത്. 16 ഇനങ്ങളിലായി 520 ഓളം ഓര്‍ക്കിഡ് ചെടികളാണ് ഇവിടെ പൂവിട്ടു നില്‍ക്കുന്നത്. ഫെലോനേ സിസ്, ഡ്രാണ്‍ ഡ്രോബിയ, സ്‌ക്കില്ലേറിയ തുടങ്ങിയ അന്താരാഷ്‌ട്ര വിപണിയില്‍ വലിയ ഡിമാന്റുള്ള ഇനങ്ങളാണ് ഇവിടെ നില്‍ക്കുന്നത്. ഇപ്പോള്‍ കാഴ്‌ച്ചയുടെ വസന്തമൊരുക്കി വിവിധ വര്‍ണ്ണങ്ങളില്‍ വിടര്‍ന്നു നില്‍ക്കുന്ന പൂക്കളില്‍ കര്‍ഷകരുടെ കണ്ണീരാണ് പ്രതിഫലിക്കുന്നത്.
മുറിച്ചെടുത്താലും ആഴ്‌ച്ചകളോളം വാടാതെ നില്‍ക്കുന്ന പൂക്കള്‍ക്ക് കൊറോണകാലത്ത് പ്രാദേശികമായും ആവശ്യക്കാരില്ലാതെയായി. നാലു ലക്ഷം രൂപ മുടക്കി ആരംഭിച്ച പുഷ്പ്പ കൃഷി നഷ്ട കണക്കുകള്‍ മാത്രമാകുമ്പോള്‍ സര്‍ക്കാര്‍ പൂ കര്‍ഷകരെയും പരിഗണിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: