കൊച്ചി: വയനാട്ടിലേക്ക് പോകാന്‍ താമരശ്ശേരി ചുരം ഒഴിവാക്കി മലതുരന്നു നീണ്ട തുരങ്കമുണ്ടാക്കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നില്‍ അഴിമതിയെന്ന് ഹരീഷ് വാസുദേവന്‍. കോടിക്കണക്കിനു രൂപയുടെ പാറയാണ് ഈ തുരങ്കപാതയുടെയും പിന്നില്‍. അല്ലെങ്കില്‍ ഇത്തരം പദ്ധതികള്‍ രഹസ്യമായി തീരുമാനിക്കപ്പെടില്ലല്ലോ. പഠനങ്ങള്‍ വേണ്ടെന്ന് വെയ്ക്കില്ലല്ലോ. മലയിടിഞ്ഞു പാതി വഴിയില്‍ നിര്‍ത്തി പോയാലും കൊങ്കണ്‍ കമ്പനിയെ മുന്നില്‍ നിര്‍ത്തി സബ്കൊണ്ട്രാക്റ്റ് കമ്പനിയും കമ്മീഷന് ഏജന്റുമാരും അവരുടെ തലമുറയും രക്ഷപ്പെടും. ചിലപ്പോള്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് ഫണ്ടും കയിച്ചിലാകുമെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
വയനാട്ടിലേക്കുള്ള തുരങ്കം എങ്ങനെ തീരുമാനിച്ചു?
വയനാട്ടിലേക്ക് പോകാന്‍ താമരശ്ശേരി ചുരം ഒഴിവാക്കി മലതുരന്നു നീണ്ട തുരങ്കമുണ്ടാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പിണറായി വിജയന് സര്‍ക്കാര്‍. വികസനത്തെ തുരങ്കം വെയ്ക്കാന്‍ സമ്മതിക്കില്ലെന്ന് ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുമുണ്ട്. വനമേഖല ഉള്‍പ്പെടെയുള്ള വലിയ മല തുരന്നാണ് തുരങ്കം ഉണ്ടാക്കേണ്ടത്.
വനംമന്ത്രാലയത്തിന്റെ അനുമതിയോ പാരിസ്ഥിതിക അനുമതിയോ കിട്ടാന്‍ അപേക്ഷ പോലും കൊടുക്കും മുന്‍പ് പദ്ധതി പൂര്‍ത്തിയാക്കും എന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. ദാ, നിര്‍മ്മാണ ഉദ്ഘാടനവും കഴിഞ്ഞു.
ഒരു പദ്ധതി വേണോ വേണ്ടയോ എന്നറിയാന്‍ സാമ്പത്തികമായും പാരിസ്ഥിതികമായും സാങ്കേതികമായും വയബിള്‍ ആണോ എന്നറിയണം. അതിനു ഫീസിബിലിറ്റി പഠനം വേണം. വയബിള്‍ ആണെന്ന് കണ്ടാല്‍ പാരിസ്ഥിതിക ആഘാത പഠനം വേണം. പദ്ധതി കൊണ്ടുണ്ടാകാവുന്ന ആഘാതങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്ന് അത് പറയും.പരിഹരിക്കാനാകാത്ത ആഘാതമാണെങ്കിലോ, സാമ്പത്തികമോ സാങ്കേതികമോ ആയി പദ്ധതി നഷ്ടമാണെങ്കിലോ അത് ഉപേക്ഷിക്കും. ഇല്ലെങ്കില്‍ മുന്നോട്ടു പോകും.
ഇവിടെ കാലാകാലങ്ങളായി താമരശ്ശേരി ചുരത്തില്‍ മലയിടിയാതെ ഉള്ള റോഡ് പരിപാലിക്കാനോ വീതി കൂട്ടാനോ കഴിഞ്ഞിട്ടില്ല. അപ്പോഴാണ് മലയിടിച്ചു അടിയിലൂടെ തുരങ്കമുണ്ടാക്കി പുതിയ പദ്ധതി. ആരാണ് ഇതിന്റെ ഫീസിബിലിറ്റി പഠിച്ചത്? എവിടെ പഠനറിപ്പോര്‍ട്ട്?
പരിസ്ഥിതികമായ എന്തൊക്കെ ആഘാതം ഉണ്ടാകും? മണ്ണിടിച്ചില്‍ പ്രദേശമാണോ? ഇത്രയധികം പണം ചെലവിട്ടു നിര്‍മ്മിക്കേണ്ട പ്രയോറിറ്റി എന്താണ്? 100 ദിവസത്തെ വികസന പദ്ധതികളില്‍ സര്‍ക്കാരിന്റെ തന്നെ SDG ക്കും കാലാവസ്ഥാ നയത്തിനും എതിരായ എത്രയെണ്ണം ഉണ്ട്?
ഇതൊന്നും പരിഗണിക്കാതെ ആണല്ലോ മന്ത്രിസഭ ഈ പദ്ധതി തുടങ്ങാന്‍ അംഗീകാരം നല്‍കിയത്. രാഷ്ട്രീയമായോ, ജനാധിപത്യപരമായോ, നിയമപരമായോ അത് ശരിയായ തീരുമാനമല്ല. Informed consent അല്ല. പദ്ധതി വേണമെന്ന് ആദ്യം തീരുമാനിച്ചിട്ടു അതിന്റെ ആഘാതം പേരിന് പഠിക്കുന്നതിന്റെ നാശമാണ് നാം വിഴിഞ്ഞത്ത് കണ്ടുകൊണ്ടിരിക്കുന്നത്.
ഇടുക്കിയില്‍ ഗ്യാപ്പ് റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ കോടിക്കണക്കിനു രൂപയുടെ കല്ലു പൊട്ടിച്ചു കടത്തി. സര്‍ക്കാര്‍ കുറ്റകരമായ മൗനം പാലിച്ചു കൊള്ളയ്ക്ക് ഒത്താശ ചെയ്തു. മലയിടിഞ്ഞു മനുഷ്യര്‍ മരിച്ചു, കൃഷിഭൂമി തകര്‍ന്നു, പലരുടെയും സ്വപ്നങ്ങളും. ഒരു അന്വേഷണവും നടപടിയും ഉണ്ടായില്ല. കുതിരാനില്‍ വര്‍ഷങ്ങളായി ഒരു തുരങ്കം തുറക്കാന്‍ ആകാതെ കിടക്കുന്നു. ദേശീയപാത കേന്ദ്രത്തിന്റെ തലയില്‍ ആയതുകൊണ്ട് സൈബര്‍ സഖാക്കളും ന്യായീകരണ തൊഴിലാളികളും ക്യാപ്സൂള്‍ ഒട്ടിച്ചു മുന്നേറുന്നു.
കോടിക്കണക്കിനു രൂപയുടെ പാറയാണ് ഈ തുരങ്കപാതയുടെയും പിന്നിലെന്ന് ഞാന്‍ ന്യായമായി സംശയിക്കുന്നു. അല്ലെങ്കില്‍ ഇത്തരം പദ്ധതികള്‍ രഹസ്യമായി തീരുമാനിക്കപ്പെടില്ലല്ലോ. പഠനങ്ങള്‍ വേണ്ടെന്ന് വെയ്ക്കില്ലല്ലോ. മലയിടിഞ്ഞു പാതി വഴിയില്‍ നിര്‍ത്തി പോയാലും കൊങ്കണ്‍ കമ്പനിയെ മുന്നില്‍ നിര്‍ത്തി സബ്കൊണ്ട്രാക്റ്റ് കമ്പനിയും കമ്മീഷന് ഏജന്റുമാരും അവരുടെ തലമുറയും രക്ഷപ്പെടും. ചിലപ്പോള്‍ LDF ന്റെ തെരഞ്ഞെടുപ്പ് ഫണ്ടും കയിച്ചിലാകും.
ഇടിയുന്ന താമരശേരി ചുരത്തിനു ബദലായി തുരങ്കം ആകാമെങ്കില്‍ എല്ലാവര്ക്കും നല്ല കാര്യമാണ്. കുറെ കാര്‍ബണ്‍ എമിഷന്‍ പോലും തടയാനാകും. എന്നാലത് ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനിക്കപ്പെടേണ്ട ഒന്നാണ്.
നിലനില്‍ക്കുന്ന വികസനം വേണമെന്ന പരിസ്ഥിതി ദിനത്തിലെ പ്രസംഗങ്ങളില്‍ ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍, ഈ പദ്ധതിയുടെ സമഗ്രമായ ഫീസിബിലിറ്റി റിപ്പോര്‍ട്ട് ഉണ്ടാക്കണം. അത് ജനങ്ങള്‍ക്ക് ഇടയില്‍ ചര്‍ച്ച ചെയ്യണം. അല്ലാതെ ഭൂരിപക്ഷമുള്ളതിന്റെ പേരില്‍ എന്തും എങ്ങനെയും നടപ്പാക്കി കളയാം എന്നാണ് മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനും കൂട്ടരും വിചാരിക്കുന്നതെങ്കില്‍ അത് ഈ നാട്ടില്‍ നടക്കില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ചില അശാസ്ത്രീയ പദ്ധതികള്‍ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുമ്പോള്‍ പരിസ്ഥിതി സ്നേഹികളെ വികസനവിരോധികള്‍ എന്നു മുദ്ര കുത്തിയിട്ടു കാര്യമില്ല. പരിസ്ഥിതി സംരക്ഷണവും വികസനവും ജനങ്ങളെ വിശ്വാസത്തില്‍ എടുത്ത് ആകണം. അതിനു തയ്യാറാകാന്‍ സര്‍ക്കാരിനോട് പൗരന് എന്ന നിലയ്ക്ക് ആവശ്യപ്പെടുന്നു. നന്ദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: