പത്തനാപുരം(കൊല്ലം): മണ്ണുതേച്ച തറയില്‍ കുഞ്ഞനുജത്തിക്കൊപ്പം കിടന്നുറങ്ങുകയായിരുന്നു ആ പൊന്നുമോള്. ഉറക്കത്തില്‍ എപ്പോഴോ ചെവിയില്‍ പാമ്പാണ് കടിച്ചതെന്ന് അവള് അറിഞ്ഞിരുന്നില്ല. നേരം പുലര്‍ന്നപ്പോള്‍ വേദന സഹിക്കവയ്യാതെ അവള് പിടഞ്ഞു. മാതാപിതാക്കള്‍ കുട്ടിയെയും കൊണ്ട് ആശുപത്രികളില്‍ കയറിയിറങ്ങിയെങ്കിലും ഒടുവില്‍ വേദനകളില്ലാത്ത ലോകത്തേക്ക് അവള് യാത്രയായി. ഒരുപക്ഷെ അടച്ചുറപ്പുളള ഒരു വീടുണ്ടായിരുന്നങ്കില് ആദിത്യമോള്‍ക്ക് ഈ ദുര്‍ഗതി ഉണ്ടാകില്ലായിരുന്നു. ലൈഫ് മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് ലഭിക്കാന്‍ ഈ കുടുംബം മൂന്നുതവണ അപേക്ഷിച്ചെങ്കിലും അധികൃതര്‍ നിരസിക്കുകയായിരുന്നു. പട്ടികജാതി വിഭാഗത്തില്‍പെട്ട ഈ പിഞ്ചുബാലികയുടെ മരണത്തിലെ ഒന്നാംപ്രതി സംസ്ഥാന സര്‍ക്കാരാണെന്നാണ് ആരോപണം ഉയരുന്നത്.
പത്തനാപുരം പഞ്ചായത്തിലെ മാങ്കോട് അംബേദ്കര്‍ ഗ്രാമത്തില്‍ ചരുവിള പുത്തന്‍വീട്ടില്‍ രാജീവ്-സിന്ധു ദമ്പതികളുടെ മൂത്തമകള്‍, പത്തുവയസ്സുകാരി ആദിത്യയാണ് പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ മരിച്ചത്. വീട്ടില്‍ അനുജത്തിക്കൊപ്പം തറയില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ ശനിയാഴ്ച പുലര്‍ച്ചെയാണ് പാമ്പുകടിയേറ്റ് അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ പത്തനാപുരത്തെയും അടൂരിലെയും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍കോളേജിലേക്ക് മാറ്റി. എന്നാല്‍ ഇന്നലെ രാവിലെ മരിച്ചു.
മണ്‍കട്ട കൊണ്ട് പണിത കുഞ്ഞുവീട്ടിലായിരുന്നു ഇവരുടെ താമസം. തറയും ഭിത്തിയും മേല്‍ക്കൂരയും തകര്‍ന്ന വീടിന്റെ മുകള്‍ഭാഗത്ത് പ്ലാസ്റ്റിക് ടാര്പ്പോളിന് കെട്ടിയ നിലയിലാണ്. ഏതുനിമിഷവും തകര്‍ന്ന് വീഴാവുന്ന സ്ഥിതിയിലാണ് വീട്. തറയിലെ മാളത്തില്‍ ഒളിച്ചിരുന്ന ശംഖുവരയന്‍ ഇനത്തില്‍പെട്ട പാമ്പാണ് ആദിത്യയെ കടിച്ചത്. ആദിത്യയുടെ അമ്മ സിന്ധു പലതവണ വീടിന് അപേക്ഷിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അധികൃതര്‍ അപേക്ഷകളെല്ലാം നിരസിച്ചു. പതിനഞ്ചുസെന്റിലധികം ഭൂമി ഉണ്ടെന്നതാണ് അപേക്ഷ നിരസിക്കാന്‍ പ്രധാന കാരണമായി പറഞ്ഞിരുന്നത്.
എന്നാല്‍ പട്ടയമില്ലാത്ത പതിനഞ്ച് സെന്റിലധികം ഭൂമിയുണ്ടെന്ന പേരില്‍ നിര്‍ധനകുടുംബത്തിന് അര്‍ഹിച്ച വീട് നിഷേധിച്ച നടപടിക്കെതിരെ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വൈകിട്ടോടെ വീട്ടിലെത്തിച്ച ആദിത്യയുടെ മൃതദേഹം രാത്രിയോടെ സംസ്കരിച്ചു. അഞ്ചുവയസുകാരി അഥീന സഹോദരിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: