തൃശൂര്‍: ഇറിഗേഷന്‍ കനാലില്‍ അടിഞ്ഞുകൂടിയ ചണ്ടിയും കുളവാഴയും കാരണം അന്തിക്കാട് അരിമ്പൂര്‍ പഞ്ചായത്തിലെ നൂറ് കണക്കിന് ഏക്കര്‍ കോള്‍ നില ങ്ങളിലെ കൃഷിയിറക്ക് പ്രതിസന്ധിയില്‍. അഞ്ചു മുറി, വാരിയം കോള്‍ പടവ്, വിളക്കുമാടം, കൊടയാട്ടി, തോട്ടുപുര, കോള്‍ പടവുകളിലെ നൂറ് കണക്കിന് ഏക്കര്‍ നെല്‍കൃഷിയാണ് പ്രതിസന്ധി നേരിടുന്നത്. സെപ്തംബര്‍ ആദ്യവാരം ഇരുപൂ കൃഷിയിറക്കുന്നതിന് ഒരുക്കങ്ങള്‍ ആരംഭിച്ചെങ്കിലും തുടര്‍ന്നു പെയ്ത മഴ വെള്ളം പടവുകളില്‍ നിന്നിറങ്ങി പോകാത്തതാണ് കൃഷിയിറക്കുന്നതിന് കാരണമായത്.
ഇതിന് പുറമെ മനക്കൊടി പുള്ള് റോഡിന്റെ ശോചനീയാവസ്ഥയും കൃഷിക്ക് വിനയായി. ചെറിയ മഴ പെയ്താല്‍ പോലും പൊതുമരാമത്ത് വകുപ്പിന്റെ ഈ റോഡില്‍ വെള്ള കെട്ടുയരും.സമീപത്തെ മറ്റ് ബണ്ടുകളേക്കാള് ഒന്നര മീറ്റര്‍ താഴ്ന്നാണ് ഈ റോഡ് കിടക്കുന്നത്. ഇത് കൊണ്ട് തന്നെ പുറം ചാലില്‍ നിന്നുള്ള വെള്ളം റോഡിലേക്ക് കയറുന്ന സ്ഥിതിയുണ്ട്. വാരിയം പടവിലേക്ക് വെള്ളം കയറുന്നതുമൂലം മറ്റു പടവുകളിലേക്കും ഇതിന്റെ ബുദ്ധിമുട്ട് നീളുന്നുണ്ട്.
ഏകദേശം 500 ഏക്കര്‍ കൃഷിയിടങ്ങളിലേക്കാണ് ഈ വെള്ളം ഒഴുകി പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. ഈ പ്രശ്നങ്ങളില്‍ അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷക സംഘം അരിമ്പൂര്‍ പഞ്ചായത്ത് സെക്രട്ടറി കെ.രാഗേഷ്, വാരിയം കോള്‍ പടവ് പ്രസിഡന്റ് കെ .സി. പുഷ്ക്കരന്‍, കര്‍ഷകസംഘം പഞ്ചായത്ത് ജോ. സെക്രട്ടറി ടി .പി .ഷിജു, സി.എ.അഭിലാഷ് ,പി. ആര്. ശക്തിധരന് ,വി.എസ്. ലെനിന് എന്നിവരുടെ നേതൃത്വത്തില്‍ കൃഷി വകുപ്പ് മന്ത്രിക്ക് നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: