കാസര്‍കോട്: കാസര്‍കോട്ട് ടാറ്റ ഗ്രൂപ്പ് അവരുടെ സാമൂഹ്യ പ്രതിബദ്ധത ഫണ്ടില്‍ നിന്ന് 60 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച് കൈമാറിയ കൊവിഡ് ചികിത്സാകേന്ദ്രം സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ കാരണം ഇപ്പോഴും നോക്കുകുത്തി. വേണ്ടത്ര ചികിത്സാ സംവിധാനങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന കാസര്‍കോടിനും സമീപ ജില്ലയായ കണ്ണൂരിനും ആശ്വാസമാകുമെന്ന പ്രതീക്ഷയായിരുന്നു ടാറ്റ ആശുപത്രി ഒരുങ്ങുമ്പോള്‍ ജനങ്ങള്‍ക്കുണ്ടായിരുന്നത്. എന്നാല്‍, ഇതുവരെ മെഡിക്കല്‍ സ്റ്റാഫടക്കമുള്ള തസ്തികകളില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനം നടത്താത്തതു മൂലം ഈ പ്രതീക്ഷകള്‍ അസ്ഥാനത്തായി.
ഇനിയും മെഡിക്കല്‍ കോളേജ് എന്ന നിലയില്‍ പ്രവര്‍ത്തനം ആരംഭിക്കാത്ത ബദിയടുക്ക ഉക്കിനടുക്കയില്‍ ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്റര്‍ (എഫ്എല്‍ടിസി) സംവിധാനം മാത്രമാണുള്ളത്. കാഞ്ഞങ്ങാട് പ്രവര്‍ത്തിക്കുന്ന കാസര്‍കോട് ജില്ലാ ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റി. ഇവിടത്തെ മറ്റ് ചികിത്സകള്‍ വിവിധ സിഎച്ച്സി, പിഎച്ച്സി, താലൂക്ക്, സഹകരണ, സ്വകാര്യ ആശുപത്രികളിലായി പുനഃക്രമീകരിച്ചത് കൊവിഡിതര രോഗികളെ വലയ്ക്കുന്നു. എന്‍ഡോസള്‍ഫാന്‍ ബാധിതരായ പാവപ്പെട്ട രോഗികള്‍ ചികിത്സയ്ക്കായി വിവിധ ആശുപത്രികള്‍ കയറിയിറങ്ങേണ്ട ഗതികേടിലാണ്.
ജില്ലയിലെ 13 ലക്ഷത്തില്‍പരം ജനങ്ങളുടെ സ്പെഷ്യാലിറ്റി സേവനങ്ങള്‍ക്കുള്ള അത്താണിയായ ജില്ലാ ജനറല്‍ ആശുപത്രിയെയാണ് കൊവിഡ് ആശുപത്രിയാക്കി മാറ്റിയത്. ഇത് കാരണം ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ ജനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ബദല്‍ കാഷ്വാലിറ്റി സൗകര്യങ്ങള്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ജില്ലയിലെ കൊവിഡ് ബാധിച്ചവരില്‍ ഏറെയും മറ്റ് ഗുരുതരമായ അസുഖങ്ങളുള്ള സി കാറ്റഗറിയില്‍പ്പെട്ടവരാണ്. ഈ രോഗികള്‍ക്ക് ആവശ്യമായ വിദഗ്ധ ചികിത്സയ്ക്ക് ജില്ലയില്‍ സൗകര്യങ്ങളില്ല. ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കൊവിഡ് ആശുപത്രി തുടങ്ങിയെങ്കിലും വെന്റിലേറ്റര്‍, ഐസിയു കെയര്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. ഇത് കാരണം ഇവിടെ തീവ്രപരിചരണം ആവശ്യമുള്ള രോഗികളെ ചികിത്സിക്കാനാകില്ല.
ഇരുനൂറു ബെഡ് ഒരുക്കിയെന്ന് പ്രഖ്യാപിച്ചെങ്കിലും അമ്പതില്‍ താഴെ രോഗികളെ മാത്രമേ ഇവിടെ എത്തിക്കുന്നുള്ളു. ആവശ്യത്തിന് ഡോക്ടര്‍മാരും മറ്റു ജീവനക്കാരുമില്ല. താത്കാലികമായി വിവിധ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാരെ നിയമിച്ചിരുന്നു. ഇവരില്‍ 22 ഡോക്ടര്‍മാരെ ജോലി ക്രമീകരണത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതോടെ ഉക്കിനടുക്ക കൊവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനം പേരിന് മാത്രമായി. പിണറായി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ കാസര്‍കോട് മെഡിക്കല്‍ കോളേജ് ഇപ്പോഴും പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ ആരോഗ്യ വകുപ്പിനായിട്ടില്ല.
ജില്ലയ്ക്ക് അനുവദിച്ച സ്ഥിരംഡോക്ടര്മാരുടെ എണ്ണവും ആരോഗ്യ വകുപ്പ് വെട്ടിക്കുറച്ചത് ഇരുട്ടടി. പിഎസ്സി വഴി 39 പേരെയാണ് നിയമിച്ചത്. എന്നാല്‍ അത് 15 ആയി ചുരുക്കി ഉത്തരവിറങ്ങി. ഇതില്‍ മൂന്ന് പേര് മാത്രമാണ് ജോലിയില്‍ പ്രവേശിച്ചത്. ജില്ലയില്‍ നിലവില്‍ അറുപതോളം ഡോക്ടര്‍മാരുടെ ഒഴിവുണ്ട്. ഇതിന് പുറമെ അനുവദിച്ച പോസ്റ്റും പിന്‍വലിക്കുന്നതോടെ ജില്ലയിലെ ആരോഗ്യമേഖല താറുമാറാകുമെന്ന അവസ്ഥയാണ്. നിലവിലെ സാഹചര്യത്തില്‍ വിദഗ്ധ ചികിത്സ ആവശ്യമായ രോഗിക്ക് ചികിത്സ നല്കാന് പൊതുമേഖലയിലെ ക്രിട്ടിക്കല്‍ കെയര്‍ ഐസിയുവില്‍ വെന്റിലേറ്റര്‍ ലഭ്യമല്ല. സര്‍ക്കാര്‍ ആശുപത്രികളിലേക്ക് അനുവദിച്ച വെന്റിലേറ്ററുകളിലധികവും ഐസിയുവുമായി ബന്ധിപ്പിക്കാതെ കിടക്കുകയാണ്. വൃക്ക രോഗബാധിതര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ ഡയാലിസിസ് ചെയ്യാന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ മാത്രമേ പരിമിതമായ സൗകര്യമുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: