ആലപ്പുഴ: ആര്‍എല്‍വി രാമകൃഷ്ണന്റെ ആത്മഹത്യ ശ്രമത്തിലൂടെ വിവാദത്തിലായ കേരള സംഗീത നാടക അക്കാദമിക്കെതിരെ കൂടുതല്‍ പരാതികള്‍. രാഷ്ട്രീയ പക്ഷപാതത്തിന്റെ പേര് കലാകാരന്മാരെ വിവിധ പുരസ്ക്കാരങ്ങള്‍ നല്കുന്നതില് നിന്ന് തഴയുന്നതായാണ് ആക്ഷേപം. ഇടതുപക്ഷക്കാരല്ലാത്ത കലാകാരന്മാരെ പുര്‍ണമായും കെപിഎസി ലളിത അദ്ധ്യക്ഷയായ ഭരണസമിതി വെട്ടിനിരത്തുകയാണെന്നാണ് പരാതി.
ഇതുസംബന്ധിച്ച് ആയിരക്കണക്കിന് വേദികളില്‍ കഥാപ്രസംഗം അവതരിപ്പിച്ച ആര്യാട് വല്ലഭദാസ് മുഖ്യമന്ത്രിക്ക് പരാതി നല്കി. നാടക നടന് കൂടിയാണ് ഇദ്ദേഹം. ഗുരുപൂജ പുരസ്ക്കാരങ്ങള്‍ ഉള്‍പ്പെടെയുള്ള പുരസ്ക്കാരങ്ങള്‍ നല്കുന്നതില് കഴിഞ്ഞ നാലര വര്‍ഷമായി അക്കാദമി കാണിച്ച വിവേചനങ്ങള്‍ വ്യക്തമാക്കിയാണ് വല്ലഭദാസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുള്ളത്.
47 വര്‍ഷങ്ങളായി കഥാപ്രസംഗ രംഗത്തുള്ള വല്ലഭദാസ് ഇതിനകം ഒന്‍പതിനായിരത്തിലേറെ വേദികളില്‍ കഥകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇരുപത്തിയെട്ടോളം പുരസ്ക്കാരങ്ങളും ലഭിച്ചു. 1978 മുതല്‍ റേഡിയോ പ്രോഗ്രാമുകളും അവതരിപ്പിക്കുന്നു. കൂടാതെ നിരവധി നാടകങ്ങളിലും വേഷമിട്ടു. വര്‍ഷങ്ങളായി അപേക്ഷ നല്‍കിയിട്ടും ഇതുവരെ സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ ഒന്നും നല്കാന് തയ്യാറായിട്ടില്ല. ഇടതുപക്ഷക്കാരനല്ലാത്തതിനാലാണ് തന്നെ അവഗണിക്കുന്നതെന്നാണ് വല്ലഭദാസിന്റെ പരാതി.
പ്രമുഖ കാഥികള്‍ വി. സാംബശിവന്റെ കാലഘട്ടത്തില്‍ അദ്ദേഹത്തെ പോലെ നിറഞ്ഞുനിന്നിരുന്ന കാഥികന്മാര് പലരും നിത്യചെലവിന് പോലും മാര്‍ഗമില്ലാതെ ബുദ്ധിമുട്ടുകയാണ്. എന്നാല്‍ അവരെയെല്ലാം അവഗണിച്ച് ഇത്തവണ കഥാപ്രസംഗ കലാകാരനുള്ള പുരസ്ക്കാരം പോലും നല്‍കിയത് രാഷ്ട്രീയം മാനദണ്ഡമാക്കിയാണ്. നാടക അഭിനേതാക്കള്‍ക്കുള്ള പുരസ്ക്കാരത്തിലും രാഷ്ട്രീയ വിവേചനം കാട്ടി. കഴിവും, പതിറ്റാണ്ടുകളുടെ പാരമ്പര്യവുമുള്ള കലാകാരന്മാര് അവഗണിക്കപ്പെടുകയും, ഭരണപക്ഷക്കാര്‍ നല്കുന്ന പട്ടികയില്‍ നിന്ന് പുരസ്ക്കാരങ്ങളും അനൂകൂല്യങ്ങളും നല്കുന്ന നിലപാടിന് മാറ്റം വരണമമെന്നും വല്ലഭദാസ് നിവേദനത്തില്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: