ഇടുക്കി: ഗ്യാപ്പ് റോഡില്‍ ഉണ്ടായ കൃഷിനാശം സംബന്ധിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞു. വലിയ നാശമുണ്ടായതിനാല്‍ ഏക്കറിന് 10 ലക്ഷം രൂപ വീതം നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടപ്പോള്‍ പരമാവധി രണ്ട് ലക്ഷം നല്‍കാമെന്നാണ് കരാറുകാരന് അറിയിച്ചത്.
അശാസ്ത്രീയ നിര്‍മ്മാണം മൂലം മലയിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി വന്‍ കൃഷിനാശമുണ്ടായ മേഖലയാണിത്. ഇക്കഴിഞ്ഞ ജൂണിലും ആഗസ്റ്റിലുമായി കാലവര്‍ഷത്തിലുണ്ടായ രണ്ട് വലിയ ഉരുള്‍പൊട്ടലില്‍ മാത്രം ലോക്ക് ഹാര്‍ട്ട് ഗ്യാപ്പ് റോഡ് ഭാഗത്തുണ്ടായത് പെട്ടിമുടിയുടെ പത്തിരട്ടി വരെ തീവ്രതയുള്ള മലയിടിച്ചിലുകളാണ്. ഇതില്‍ രണ്ടിലുമായി മാത്രം നശിച്ചത് 50 ഹെക്ടറോളം കൃഷി ഭൂമിയാണ്. ഇതിനൊപ്പം ഒരു വീട് പൂര്‍ണ്ണമായും വാസയോഗ്യമല്ലാതായി. രണ്ട് റോഡും ഉരുള്‍പൊട്ടലില്‍ തകര്‍ന്നു.
മന്ത്രി എം.എം. മണി, എം.പി. ഡീന്‍ കുര്യാക്കോസ്, എംഎല്‍എ എസ്. രാജേന്ദ്രന്, ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്, സബ് കളക്ടര്‍ എസ്. പ്രേം കൃഷ്ണന്, കോണ്ട്രാക്ടര്, ദേശീയപാത അതോറ്ററി ഉദ്യോഗസ്ഥര്‍ തുടങ്ങിയ ഉദ്യോഗസ്ഥരും ജന പ്രതിനിധികളും പങ്കെടുത്തു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് ഇത് സംബന്ധിച്ച യോഗം ഗാന്ധി ജയന്തി ദിനത്തില്‍ വിളിച്ച് ചേര്‍ത്തത്. നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ചാണ് യോഗം വിളിച്ചത്. ആദ്യം ഒരു ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ കരാറുകാരന് പിന്നീട് രണ്ട് ലക്ഷവും ഭൂമി നികത്തി നല്‍കാമെന്നും അറിയിച്ചു. 13 ഹെക്ടറോളം ഏലകൃഷി മാത്രം നശിച്ചതായും ഇത് തങ്ങളുടെ ആയുഷ്കാല സമ്പാദ്യമാണെന്നും പറഞ്ഞ് കര്‍ഷകര്‍ മേല്പറഞ്ഞ വാദത്തിലുറച്ച് നിന്നു. ജില്ലാ കളക്ടറും മന്ത്രിയും വലിയ തോതില്‍ കൃഷി നാശമുണ്ടായതായി യോഗത്തില്‍ പറഞ്ഞു. ഓണ്‍ലൈനായി കളക്ടറേറിലും ദേവികുളത്തുമായാണ് യോഗം ചേര്‍ന്നത്.
സര്‍ക്കാര്‍ നല്കുന്ന നഷ്ടപരിഹാരം ഹെക്ടറിന് 250000 രൂപ നിരക്കിലാണ്. ഇത് മതിയാകിലെന്നും സ്ഥലം സന്ദര്‍ശിച്ച ശേഷം തീരുമാനമെടുക്കാമെന്നും കര്‍ഷകര്‍ പറഞ്ഞു. എംപിയുടെ നേതൃത്വത്തില്‍ ഇതിന് വേണ്ട സൗകര്യമൊരുക്കാമെന്ന് അറിയിച്ചു. ജനപ്രതിനിധികളുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് കര്‍ഷകരുമായി നേരിട്ട് ചര്‍ച്ച നടത്തും, കരാറുകാരനും ഒപ്പമുണ്ടാകും.
അതുവരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും തടഞ്ഞിരിക്കുകയാണ്. നേരത്തെ തന്നെ ജില്ലാ ഭരണകൂടം നഷ്ടപരിഹാരം കരാറുകാരന് നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. മനുഷ്യനിര്‍മ്മിത ദുരന്തത്തില്‍ മാസങ്ങളായി കയ്പ്പുനീര് കുടിക്കുകയാണ് കര്‍ഷകര്‍. അതേ സമയം ഇത്രയും വലിയ മണ്ണിടിച്ചില്‍ ഉണ്ടായിട്ടും ദേശീയപാത അതോററ്റിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരാരും സ്ഥലത്തെത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: