തിരുവല്ല: അതിതീവ്ര മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കൃഷിനാശം നേരിട്ട കർഷകരുടെ കണ്ണീര് കാണാതെ സർക്കാർ.പുഞ്ചകൃഷിയ്ക്കായി ഒരുങ്ങുന്ന കർഷകർ സഹായത്തിനായി കൃഷിഓഫീസുകൾ കയറിയിറങ്ങുകയാണ്. സർക്കാരിന്റെയും കൃഷിവകുപ്പിന്റെയും ഉദാസീനത കാരണം ഒരു രൂപ പോലും നഷ്ടപരിഹാരമായി കിട്ടിയില്ല.
ആഗസ്റ്റിലെ വെളളപ്പൊക്കത്തിൽ 16 കോടിയുടെ കൃഷിനാശമാണ് ഉണ്ടായത്.6676 കർഷകരാണ് സഹായത്തിനായി കൃഷിവകുപ്പിൽ അപേക്ഷ നൽകിയത്.ഇവർക്ക് ആകെ കിട്ടിയ സഹായം പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ നിന്ന് മാത്രമാണ്.തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറൻ മേഖലയിലാണ് കൂടുതൽ നാശം നേരിട്ടത്. ബണ്ടുകൾക്ക് നാശം നേരിടാത്ത ഒറ്റ പാടശേഖരം പോലും ഉണ്ടായില്ല. അടുത്ത പുഞ്ചകൃഷിയ്ക്കായി ഒരുക്കങ്ങൾ ആരംഭിക്കാറായിട്ടും നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമുണ്ടാകാത്തതിൽ കർഷകർക്കിടെയിൽ പ്രതിഷേധം ശക്തമാണ്.
പുഞ്ചകൃഷിയ്ക്കായി പമ്പിങ് ലേലം പൂർത്തിയായി.പാടശേഖരങ്ങളുടെ ബണ്ടുകളുടെ കേടുപാടുകൾ തീർത്ത് വെള്ളം വറ്റിയ്ക്കൽ ജോലികളിലേക്ക് പാടശേഖര സമിതികളും കർഷകരും കടക്കുകയാണ്.താലൂക്കിലെ പ്രധാന പാടശേഖരങ്ങളിലൊന്നായ കവിയൂർ പുഞ്ചയിലെ കർഷകർ ഇത്തവണ വിതയ്ക്കണോ എന്ന ആശങ്കയിലാണ്.പുഞ്ചയിലേക്ക് വെളളം കയറാനും ഇറങ്ങാനും ആവശ്യമായ മാർഗ്ഗങ്ങളില്ലാതെ കർഷകർ വലയുകയാണ്.
പുഞ്ചയിലേക്ക് ജലത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്ന കറ്റോട് ഷട്ടർ തകർന്ന് വീഴാറായിട്ടും കൃഷിവകുപ്പ് നടപടിയെടുത്തിട്ടില്ല. ഇങ്ങനെയുളള അവസ്ഥയിലാണ് കർഷകരുടെ നഷ്ടപരിഹാരം വൈകിപ്പിക്കുന്നതും.കേന്ദ്ര സർക്കാരിന്റെ വിള ഇൻഷുറൻസ് പദ്ധതിക്ക് സംസ്ഥാന സർക്കാരും കൃഷിവകുപ്പും വേണ്ടത്ര പ്രചാരണം കൊടുക്കാത്തതിനാൽ ജില്ലയിലെ ഒട്ടനവധി കർഷകർക്ക് പദ്ധതിയിൽ അംഗമാകാനും കഴിഞ്ഞില്ല.ഇത് മൂലം മികച്ച വിള ഇൻഷുറൻസ് ആനുകൂല്യങ്ങൾ കർഷകർക്ക് കിട്ടാതെ പോകുന്ന അവസ്ഥയാണ്.
വെളളപ്പൊക്ക നഷ്ടപരിഹാരത്തിനായി നൽകിയ അപേക്ഷകളാകട്ടെ കൃഷിഭവനുകളിൽ കെട്ടിക്കിടക്കുകയാണ്. നഷ്ടപരിഹാരം സംബന്ധിച്ച റിപ്പോർട്ടുകൾ ഉദ്യോഗസ്ഥർ ഇതുവരെ സർക്കാരിന് കൈമാറിയിട്ടില്ല.ജില്ലയിലെ ഒട്ടനവധി കൃഷിഭവനുകളിൽ കൃഷി ഓഫീസർമാരില്ലാത്തതും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.കോവിഡ് പ്രതിസന്ധി മൂലം കർഷകർക്ക് കൃഷിഓഫീസുകളിൽ അപേക്ഷയുടെ നിജസ്ഥിതി അറിയാനും സാധിക്കുന്നില്ല.ജില്ലയിൽ വാഴ,പച്ചക്കറികൾ,കപ്പ എന്നിവയ്ക്കും വലിയ നാശമാണ് ഉണ്ടായത്. സുഭിക്ഷ കേരളം പദ്ധതിയെ തുടർന്ന് യുവാക്കൾ അടക്കം ഒട്ടേറെ പേരാണ് പുതിയതായി കൃഷിയിലേക്ക് ഇറങ്ങിയത്.
എന്നാൽ വെള്ളപ്പൊക്കം ഇവരുടെ പ്രതീക്ഷകൾ തകർത്തു.കഴിഞ്ഞ മാസത്തെ അതിതീവ്ര മഴയിലും വ്യാപക കൃഷിനാശമുണ്ടായിരുന്നു.കൃഷിയ്ക്ക് നഷ്ടം നേരിട്ടതോടെ പുതിയതായി കൃഷിയിലേക്ക് ഇറങ്ങിയവർ മാനസികമായി തകർന്നുരിക്കുകയാണ്. ഇവരിൽ മിക്കവരും ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് കൃഷി ചെയ്തവരാണ്. നഷ്ടപരിഹാരം വൈകും തോറും ഇവർ കടക്കെണിയിലേക്ക് നീങ്ങുകയാണ്. വിള ഇൻഷുറൻസ് ഉണ്ടായിരുന്നുവെങ്കിൽ ഒരു വാഴയ്ക്ക് 400 രൂപ നഷ്ടപരിഹാരം ലഭിക്കും.അതേ സമയം ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവർക്ക് നൂറ് രൂപ മാത്രമാണ് കിട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: