തിരുവല്ല: ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ കളക്ടർ സിആർപിസി 144-ാം വകുപ്പ് പ്രകാരം പുറപ്പെടുവിച്ച ഉത്തരവ് നിലവിൽ വന്നു. ഇതനുസരിച്ച് പൊതുസ്ഥലങ്ങളിൽ അഞ്ചിലധികം ആളുകൾ സ്വമേധയാ കൂട്ടംകൂടുന്നത്് നിരോധിച്ചു. രാവിലെ ഒൻപതു മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും. ഒക്ടോബർ 31 അർദ്ധരാത്രി വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.
കോവിഡ് സമൂഹവ്യാപനത്തിന്റെ ഘട്ടത്തിൽ എത്തി നിൽക്കെയാണ് സർക്കാർ ഗത്യന്തരമില്ലാതെ ഉത്തരവ് പുറപ്പെടുവിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഭയനാകമാം വിധത്തിലാണ് ഉയരുന്നത്. നഗര,ഗ്രാമ വ്യത്യാസമില്ലാതെ കോവിഡ് പടരുന്നതിനിടെയിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. അതേ സമയം നിരോധനാജ്ഞ കൊണ്ട് മാത്രം രോഗ വ്യാപനത്തെ തടഞ്ഞ് നിർത്താൻ കഴിയില്ലെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. സാമ്പിൾ പരിശോധനകൾ ഇപ്പോഴുള്ളതിന്റെ രണ്ടിരട്ടിയോ മൂന്നിരിട്ടിയോ ആക്കണമെന്നാണ് അവർ നിർദ്ദേശിക്കുന്നത്. ചില സ്ഥലങ്ങളിൽ കോവിഡ് സൂപ്പർ സ്്പ്രെഡിലോ സമൂഹവ്യാപനത്തിലോ എത്തിയിട്ടുണ്ടാകാം. ഇത് കണ്ടെത്തണമെങ്കിൽ പ്രത്യേക പ്രദേശത്ത് വീടുവീടാന്തരമുളള ടെസ്റ്റുകൾ നടത്തണം.എങ്കിൽ മാത്രമെ ലക്ഷണമില്ലാത്ത കോവിഡ് രോഗികൾ അടക്കമുള്ളവരെ തിരിച്ചറിയാൻ കഴിയൂ.
പ്രതിരോധ പ്രവർത്തനത്തിലെ അലംഭാവമാണ് ഇത്തരമൊരു അവസ്ഥയിൽ എത്തിച്ചതെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.ഉത്സവാഘോഷങ്ങളോട് അനുബന്ധിച്ച് നിയന്ത്രണങ്ങളില്ലാതെ മാർക്കറ്റുകൾ അടക്കം തുറന്ന് കൊടുത്തപ്പോൾ ജനം സാമൂഹിക അകലം മറന്നു.ഇത് രോഗവ്യാപനത്തിലേക്ക് നയിച്ചു. കൂടാതെ പരിശോധന നിരക്ക് ഉയർത്തുന്നതിലും പരാജയപ്പെട്ടു. ഓരോ ദിവസം കഴിയും തോറും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നത് പരിശോധനയിലെ കുറവാണ് സൂചിപ്പിക്കുന്നത്. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7 ശതമാനത്തോട് അടുക്കുകയാണ്. ലക്ഷണമില്ലാത്ത കോവിഡ് ബാധിതർ സമൂഹത്തിൽ ഉള്ളപ്പോൾ ഈ നിരക്ക് ഇനിയും ഉയരാം. പ്രകടമായ ലക്ഷണങ്ങളില്ലാത്തവർക്ക് ഗൃഹ ചികിത്സയാണ് ഇപ്പോൾ നിർദ്ദേശിക്കുന്നത്. പക്ഷെ പ്രായമായവരും ജീവിത ശൈലി രോഗമുള്ളവരും ഉള്ള വീടുകളിൽ രോഗികൾക്ക് ഗൃഹ ചികിത്സ നിർദ്ദേശിക്കുന്നത് വിപിരീത ഫലമുണ്ടാക്കുമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.അവർ കഴിവതും മറ്റൊരു വീട്ടിലേക്ക് മാറുന്നതാണ് അഭികാമ്യമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
നിയന്ത്രണങ്ങൾ
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൊതുജനം മാസ്ക് ഉപയോഗിക്കുക,ശാരീരിക അകലം പാലിക്കുക,ഹാൻഡ് സാനിറ്റൈസെർ ഉപയോഗിക്കുക തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായും പാലിക്കുക. വിവാഹത്തിന് 50 പേരിൽ കൂടുതലും ശവസംസ്കാരത്തിന് പരമാവധി 20 പേരിൽ കൂടുതലും പങ്കെടുക്കാൻ പാടില്ല.
സർക്കാർ, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മത ചടങ്ങുകൾ എന്നിവയ്ക്കുള്ള പരിപാടികളിൽ പരമാവധി 20 പേരെവരെ പങ്കെടുപ്പിക്കാം. ചന്തകൾ, ബസ് സ്റ്റാൻഡ്, പൊതുഗതാഗതം, ഓഫീസുകൾ, കടകൾ, റസ്റ്ററന്റുകൾ, തൊഴിലിടങ്ങൾ, ആശുപത്രികൾ, പരീക്ഷാ കേന്ദ്രങ്ങൾ, റിക്രൂട്ട്മെന്റ്, മറ്റ് വാണിജ്യ -വ്യവസായ സ്ഥാപനങ്ങൾ, അനുവദനീയമായ പ്രാഥമിക, ദ്വിദീയ, തൃതീയ സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവ സാമൂഹിക അകലം, ബ്രേക്ക് ദ ചെയിൻ പ്രോട്ടോക്കോളുകൾ പാലിച്ച് പ്രവർത്തിക്കാം.
ആളുകൾ കൂടുവാൻ സാധ്യതയുള്ള ചന്തകൾ, ബസ് സ്റ്റാന്റ്, മറ്റ് പൊതു സ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ദിവസത്തിൽ ഒരിക്കലെങ്കിലും അണുനശീകരണ പ്രവർത്തനം നടത്തണം. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഐ പി സി 188 വകുപ്പ് പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: