കൊറോണ മാഹാമാരിയില്‍ നിന്നുണ്ടായ പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിനുള്ള നടപടികളുമായി മലയാളം സിനിമാ മേഖലയും. മഞ്ജുവാര്യര്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ‘കയറ്റം'(A’HR) ചിത്രത്തിന്റെ ട്രെയ്ലര് റിലീസ് ചെയ്തു. നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്ന കഥയാണിതെന്ന് ട്രയ്ലറില്‍ സൂചന നല്‍കുന്നുണ്ട്.
ഒരു കൂട്ടം അപരിചിതരുടെ ആവേശകരമായ ഹിമാലയന്‍ മലകയറ്റവുമായി ബന്ധപ്പെട്ടുള്ളതാണ് കഥയെന്നും ഇതില്‍ സൂചന നല്‍കുന്നുണ്ട്.
എസ്. ദുര്‍ഗയ്ക്കും ചോലക്കും ശേഷം, സനല്‍കുമാര്‍ ശശിധരനാണ് കയറ്റത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 2020 ഒക്ടോബറില്‍ നടന്ന ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ കിം ജിസോക്ക് അവാര്‍ഡിനായി ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥ രചന, എഡിറ്റിങ്, സൗണ്ട് ഡിസൈന്‍ എന്നിവയും സംവിധായകന് സനല്‍കുമാര്‍ ശശിധരന് തന്നെയാണ് നിര്‍വഹിക്കുന്നത്.
കയറ്റം എന്ന ചിത്രത്തിനു വേണ്ടി തയാറാക്കിയ അഹര്‍സംസ എന്ന ഭാഷയാണ് മറ്റൊരു പ്രത്യേകത. ഈ ഭാഷയില്‍ കയറ്റം എന്നതിനുള്ള വാക്കായ ‘അഹര്‍’ ആണ് ചിത്രത്തിന്റെ മറ്റൊരു ടൈറ്റില്‍. അഹര്‍ സംസയിലുള്ള പത്തു പാട്ടുകളിലൂടെ വ്യത്യസ്തമായ രീതിയില്‍ കഥ പറയുന്ന സിനിമയുടെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത് രതീഷ് ഈറ്റില്ലമാണ്.
ജോസഫ് എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്സ്, പുതുമുഖം ഗൗരവ് രവീന്ദ്രന്, സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്, സോനിത് ചന്ദ്രന്, ആസ്ത ഗുപ്ത, അഷിത, നന്ദു ഠാക്കൂര്‍, ഭൂപേന്ദ്ര ഖുറാന തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ചന്ദ്രു സെല്‍വരാജ് ആണ് ഛായാഗ്രാഹണം.
മഞ്ജു വാരിയര്‍ പ്രൊഡക്ഷന്‍സ്, നിവ് ആര്‍ട്ട് മൂവീസ് എന്നീ ബാനറുകളില്‍ ഷാജി മാത്യു, അരുണ മാത്യു, മഞ്്ജു വാരിയര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഷൂട്ടിങ് നടന്നിരുന്ന ഹിമാലയന്‍ ട്രെക്കിങ് സൈറ്റുകളില്‍ സ്പോട്ട് ഇംപ്രൊവൈസേഷന് ആയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നും മറ്റൊരു പ്രത്യേകതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: