കോഴിക്കോട്: തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കാരാട്ട് ഫൈസല്‍ സിപിഎമ്മിന്റെ ഉറ്റതോഴന്‍. കാരാട്ട് ഫൈസലിന്റെ മിനികൂപ്പര്‍ ചുവന്ന നിറത്തിലുള്ള പി.വൈ. 01 സി.കെ 3000 കാറിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കൊടുവള്ളിയില്‍ എല്‍ഡിഎഫ് ജനജാഗ്രതാ യാത്ര നയിച്ചത്. 2017 ഒക്ടോബറിലായിരുന്നു ഇത്.
ഫൈസലിന്റെ ഈ കാര്‍ നികുതിവെട്ടിച്ചാണ് കേരളത്തില്‍ ഓടുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് പിന്നീട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു. പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തതുവഴി പത്തുലക്ഷത്തോളം രുപയൂടെ നികുതിവെട്ടിപ്പ് ഫൈസല്‍ നടത്തിയതായും കണ്ടെത്തി. പിഴ അടയ്ക്കണമെന്ന് കാണിച്ച് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചെങ്കിലും ഫൈസല്‍ അതിനു തയാറായില്ല. തുടര്‍ന്ന് റവന്യൂ റിക്കവറി നടപടികള്‍ക്കും മോട്ടോര്‍ വാഹന വകുപ്പ് തുടക്കമിട്ടിരുന്നു.
കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വിവാദത്തിലായിരുന്ന ഫൈസിലിന്റെ മിനി കൂപ്പറില്‍ കോടിയേരി അന്ന് നടത്തിയ യാത്ര സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ടിരുന്നു. എന്നാല്‍ കാര്‍ ആരുടേതാണെന്ന് നോക്കിയല്ല താന്‍ കയറിയതെന്നും പ്രാദേശിക നേതൃത്വമാണ് കാര്‍ ഏര്‍പ്പാട് ചെയ്തതെന്ന ന്യായവുമാണ് അന്ന് കോടിയേരി നിരത്തിയത്.
കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ ഏഴാം പ്രതിയാണ് ഫൈസല്‍. 2013 നവംബര്‍ എട്ടിനാണ് ആറു കിലോ സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടിയത്. ഈ കേസിലെ ഒന്നാം പ്രതി ഷഹബാസാണ്. തലശ്ശേരിയിലെ റാഹില ചീരായ്, പുല്‍പ്പള്ളി സ്വദേശിനി എയര്‍ഹോസ്റ്റസ് ഹിറാമോസ വി. സെബാസ്റ്റ്യന്‍ എന്നിവരെയായിരുന്നു ഈ കേസില്‍ ആദ്യം പിടികൂടിയത്. പിന്നീട് കൊടുവള്ളി സ്വദേശികളായ ഷഹബാസ്, ബന്ധു അബ്ദുല്‍ ലെയ്സ്, കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി നബീല്‍ അബ്ദുല്‍ ഖാദര്‍, മുഹമ്മദ് അഷ്റഫ് എന്നിവരും പിടിയിലായി. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഫൈസലിന്റെ പങ്ക് വ്യക്തമായത്. തുടര്‍ന്ന് 2014 മാര്‍ച്ച് 27നാണ് ഫൈസലിനെ ഡിആര്‍ഐ കസ്റ്റഡിയിലെടുത്തത്. ഷഹബാസിന്റെ ഭാര്യയുടെ പേരിലുള്ള ഓഡി ക്യൂ സെവന് കാര്‍ ഫൈസലിന്റെ വീട്ടില്‍ നിന്ന് ഡിആര്‍ഐ കണ്ടെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: