തൊടുപുഴ: പുരാവസ്തുക്കളുടെ ശേഖരം മോഷ്ടിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ചു പേര് അറസ്റ്റില്‍. സിപിഎം പന്നൂര് ബ്രാഞ്ച് സെക്രട്ടറി കരിമണ്ണൂര്‍ പന്നൂര് തെറ്റാമലയില്‍ വിഷ്ണു ബാബു (22) സമീപവാസികളും സുഹൃത്തുക്കളുമായ തച്ചാമഠത്തില്‍ പ്രശാന്ത് (24), പാറയ്ക്കല്‍ രാകേഷ് (കണ്ണന്-30), തച്ചാമഠത്തില്‍ സുധി (28), കാവാട്ടുകുന്നേല്‍ സനീഷ് തങ്കച്ചന് (19) എന്നിവരെയാണ് കരിമണ്ണൂര്‍ പോലീസ് ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.
ജലസേചന വകുപ്പില്‍ നിന്ന് പെന്ഷന് പറ്റിയ ഉപ്പുകുന്ന് അറയ്ക്കല്‍ ജോണ്‍സന്റെ വീട്ടില്‍ കഴിഞ്ഞ മാസം 19ന് ആണ് മോഷണം നടന്നത്. വിഷ്ണുവിനെ സിപിഎം ഓഫീസില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നെന്നാണ് വിവരം. എന്നാല്‍, പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ പ്രതികള്‍ ഒളിപ്പിച്ച് വെച്ചിരുന്ന 15 പുരാവസ്തുക്കളും പ്രതികള്‍ മോഷണത്തിന് ഉപയോഗിച്ച രണ്ട് കാറും ഒരു ഓട്ടോറിക്ഷയും രണ്ട് ബൈക്കും പോലീസ് പിടിച്ചെടുത്തു.
പകല്‍ വന്ന് സ്ഥലം നോക്കിയ ശേഷം രാത്രി 12 മണിയോടെയാണ് മോഷണം നടത്തിയത്. കേസിലെ ഒന്നാം പ്രതി പ്രശാന്തിന് ഉടുമ്പന്നൂര്‍ മേഖലയില്‍ വ്യാപകമായി കഞ്ചാവ് കച്ചവടമുള്ളതായും ഇതില്‍ പ്രതികള്‍ക്കെല്ലാം പങ്കുള്ളതായും അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. പ്രശാന്തിന്റെ കൈവശത്തിലുണ്ടായിരുന്ന കാര്‍ സംഭവദിവസം മോഷണം നടന്ന വീടിന്റെ ഭാഗത്ത് എത്തിയതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. പിന്നാലെ പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഉന്നത സ്വാധീനത്തെ തുടര്‍ന്ന് അറസ്റ്റ് വൈകുകയായിരുന്നു. പിന്നാലെ വീട്ടുടമ ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കുകയും നടപടി വരികയുമായിരുന്നു.
കരിമണ്ണൂര്‍ എസ്ഐ സിനോദിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എസ്ഐ ജബ്ബാര്‍, എഎസ്ഐമാരായ രാജേഷ്, നജീബ്, റെജി, ഉദ്യോഗസ്ഥരായ ഷക്കീര്‍, ജോബിന് കുര്യന്, ബൈജു, രജനീഷ്, രാജേഷ്, അനീഷ്, മുജീബ് എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ തെളിവെടുപ്പിന് ശേഷം വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കി. അതേസമയം, വിഷ്ണുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന് അറിയിച്ചു. രാത്രി തന്നെ ഇയാളുടെ ഫേസ് ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്ത് പുതിയതുണ്ടാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: