വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന് ഭവനസമുച്ചയം നിര്‍മിക്കുന്നതില്‍ വന്‍ അഴിമതി നടന്നുവെന്ന കേസില്‍ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചത് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്. ഇടക്കാല ഉത്തരവിടാനാവില്ലെന്നും, സിബിഐക്ക് അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കിയതോടെ സര്‍ക്കാരിനെ നയിക്കുന്നവരുടെ നെഞ്ചിടിപ്പ് വര്‍ധിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ, വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച് ദുബായിയിലെ റെഡ് ക്രസന്റ് എന്ന സംഘടനയില്‍നിന്ന് 20 കോടി രൂപ വാങ്ങിയെന്നും, ഇതില്‍നിന്ന് ഒന്‍പത് കോടിയോളം ചിലര്‍ കോഴയായി കൈപ്പറ്റിയെന്നുമാണ് ആരോപണം. യുഎഇ കോണ്‍സുലേറ്റിനെ മറയാക്കി സ്വര്‍ണം കടത്തിയെന്ന കേസില്‍ പ്രതിയായ സ്വപ്നാ സുരേഷ് നല്കിയ മൊഴിയിലൂടെയാണ് അഴിമതി വെളിപ്പെട്ടത്.
ലൈഫ് മിഷന് അധ്യക്ഷനായ മുഖ്യമന്ത്രി പിണറായി വിജയനിലേക്കാണ് ഈ അഴിമതിയാരോപണത്തിന്റെ കുന്തമുന നീളുന്നത്. ഇടനിലക്കാര്‍ വഴി ബന്ധത്തില്‍ വന്ന റെഡ്ക്രസന്റ് വടക്കാഞ്ചേരിയിലെ ഭവന സമുച്ചയത്തിന് 20 കോടി രൂപ നല്‍കാമെന്ന് ഏറ്റതോടെ, അവരറിയാതെ യൂണിടാക് എന്നൊരു കമ്പനിയുണ്ടാക്കി നിര്‍മാണ കരാര്‍ നല്‍കുകയായിരുന്നു. സര്‍ക്കാരിന്റെ പദ്ധതിക്ക് ഈ കമ്പനിയുമായുള്ള ബന്ധം എന്താണെന്ന് വിശദീകരിക്കാനോ, ഇടപാടിന്റെ സുതാര്യത സംബന്ധിച്ച രേഖകള്‍ പുറത്തുവിടാനോ സര്‍ക്കാര്‍ തയ്യാറായില്ല. അഴിമതി മൂടിവയ്ക്കുന്നതിനാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉരുണ്ടുകളിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. പദ്ധതിയില്‍ യാതൊരു അഴിമതിയുമില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്ന മുഖ്യമന്ത്രിക്കു തന്നെ ചില ക്രമക്കേടുകള്‍ നടന്നിട്ടുണ്ടാകാമെന്ന് മാറ്റിപ്പറയേണ്ടിവന്നു.
ഒന്നും മറയ്ക്കാനില്ലെങ്കില്‍ എന്തിനാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അസ്വസ്ഥനാകുന്നതെന്ന സംശയം ജനങ്ങളിലുണ്ട്. സര്‍ക്കാരും സിപിഎമ്മും അവകാശപ്പെടുന്നതുപോലെ അഴിമതിയൊന്നും നടന്നിട്ടില്ലെങ്കില്‍ വിജിലന്‍സ് അന്വേഷണം എന്തിനെന്ന ചോദ്യത്തിനും മുഖ്യമന്ത്രിക്ക് മറുപടിയില്ല. അന്വേഷിക്കാന്‍ സിബിഐ വരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തിടുക്കത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. സിബിഐ വന്നിരിക്കുന്നത് രാഷ്ട്രീയ പ്രേരിതമായാണെന്നും, ഇത് അനുവദിക്കാനാവില്ലെന്നുമാണ് സിപിഎം നിലപാട്. നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ വിജിലന്‍സ് നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോയത് സിബിഐ അന്വേഷണം അട്ടിമറിക്കാനാണെന്ന് വ്യക്തം. മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിനു കീഴിലുള്ള വിജിലന്‍സിന്റെ ഈ നടപടിക്കു പിന്നില്‍ ഗൂഢാലോചനയുണ്ട്. സര്‍ക്കാരിനു കീഴില്‍, അതില്‍ തന്നെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന അഴിമതിയാണിതെന്ന ചിത്രമാണ് തെളിഞ്ഞുവരുന്നത്.
സിബിഐ അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ. ആ നിലയ്ക്ക് പ്രതിയാവാതെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതില്‍ നിന്നുതന്നെ സര്‍ക്കാരിന്റെ ആശങ്ക വ്യക്തമാണ്. സിബിഐ അന്വേഷണം നടക്കുമ്പോള്‍ വിജിലന്‍സ് അന്വേഷണം നിയമവിരുദ്ധമാണെന്ന് സര്‍ക്കാരിന് നല്ലതുപോലെ അറിയാം. ഇക്കാര്യത്തില്‍ രണ്ട് ഏജന്‍സികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായാല്‍ സാവകാശം ലഭിക്കുമല്ലോ. അതിനകം കഴിയാവുന്നത്ര തെളിവുകള്‍ നശിപ്പിക്കാം. വടക്കാഞ്ചേരി പദ്ധതി മാത്രമല്ല, പ്രളയ പുനരധിവാസത്തിന്റെ മറവില്‍ മറ്റ് നിരവധി നിയമവിരുദ്ധ പണമിടപാടുകള്‍ നടന്നിട്ടുള്ളതായാണ് വിവരം. സര്‍ക്കാരിനെ നയിക്കുന്നവരാണ് ഇതിന്റെ ഗുണഭോക്താക്കള്‍. സിബിഐ അന്വേഷണത്തിലൂടെ ഇതൊക്കെ വെളിപ്പെടും. തന്നെ ചോദ്യം ചെയ്യുമെന്ന പൂതി മനസ്സില്‍ വച്ചാല്‍ മതിയെന്ന് പ്രതിപക്ഷത്തോടല്ലേ മുഖ്യമന്ത്രിക്ക് പറയാനൊക്കൂ. സിബിഐയുടെ മുന്നില്‍ അത് വിലപ്പോവില്ലല്ലോ. പിന്നെ എങ്ങനെ നെഞ്ചിടിക്കാതിരിക്കും?
മറഞ്ഞുപോയ ശക്തിദുര്‍ഗം
തമിഴ്നാട്ടിലെ ഹിന്ദുത്വ-ദേശീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം കെട്ടിപ്പടുക്കുന്നതില്‍ ജീവിതം സമര്‍പ്പിച്ച കര്‍മധീരനായ രാജ്യസ്നേഹിയെയാണ് രാമഗോപാ
ലന്റെ വേര്‍പാടിലൂടെ നഷ്ടമായിരിക്കുന്നത്. ചെറുപ്രാ
യത്തില്‍ തന്നെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയാവുകയും, ആര്‍എസ്എസില്‍ ആകൃഷ്ടനാവുകയും ചെയ്ത രാംഗോപാല്‍ജി സംഘപ്രചാരകനെന്ന നിലയ്ക്ക് ആദര്‍ശ തീവ്രമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. പരിചയത്തില്‍ വരുന്നവരുടെയെല്ലാം മനസ്സില്‍ സ്നേഹത്തിന്റെ പ്രതീകമായി സ്ഥാനംപിടിച്ചു. ഹിന്ദുക്കള്‍ നേരിടുന്ന ഒരൊറ്റ അനീതിയും ചോദ്യം ചെയ്യപ്പെടാതെ പോ
കരുതെന്ന് ഉറച്ചുവിശ്വസിച്ച ഈ ഉജ്വല സംഘാടകന്‍ രാജ്യത്താദ്യമായി ഹിന്ദുമുന്നണി എന്ന പ്രസ്ഥാനത്തിന് രൂപംനല്കി സമരപഥങ്ങളിലൂടെ സഞ്ചരിച്ചു. കോരിത്തരിപ്പിക്കുന്ന പ്രസംഗങ്ങളിലൂടെ ആയിരങ്ങളെ ആകര്‍ഷിച്ചു. ഹിന്ദു സമൂഹത്തെ ശിഥിലീകരിക്കുന്ന ജാതി വിവേചനങ്ങള്‍ക്കെതിരെ നിലകൊണ്ട രാംഗോപാല്‍ജി, മീനാക്ഷിപുരത്തെയും മറ്റും മതംമാറ്റങ്ങളെ എതിര്‍ക്കാന്‍ മുന്‍നിരയിലുണ്ടായിരുന്നു. ദേശവിരുദ്ധ ശക്തികളെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തതിനാല്‍ അവരുടെ ആക്രമണങ്ങള്‍ക്കിരയായി മരണത്തെ മുഖാമുഖം കണ്ടപ്പോഴും ഒരിഞ്ചുപോലും പിന്മാറാത്ത കരുത്തനായിരുന്നു. നിഷേധാത്മകമായ ദ്രാവിഡ രാഷ്ട്രീയത്തിന്റെ നിശിത വിമര്ശകനായിരുന്നപ്പോഴും എം. കരുണാനിധിയെപ്പോലുള്ള അതിന്റെ നേതാക്കളുമായി നല്ല വ്യക്തി ബന്ധം സൂക്ഷിക്കാന്‍ രാംഗോപാല്ജിക്ക് കഴിഞ്ഞു. ആര്‍എസ്എസിന് ഒരു കര്‍മയോഗിയെയാണ് നഷ്ടമായിരിക്കുന്നത്. തമിഴ്നാട്ടിലെ ഹിന്ദുക്കള്‍ക്ക് ഒരു കാവല്‍ ഭടനെയും. രാംഗോപാല്ജിയുടെ ജ്വലിക്കുന്ന ഓര്‍മകള്‍ ഇനിയും അവര്‍ക്ക് വഴികാട്ടട്ടെ. ആ ഹിന്ദുത്വാഭിമാനിക്ക് ഞങ്ങളുടെ ആദരാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: