കണ്ണൂര്‍: സംസ്ഥാനത്താകമാനവും ജില്ലയിലും വീണ്ടുമൊരു രാഷ്ട്രീയ ശക്തി പരീക്ഷണത്തിന് വേദിയൊരുങ്ങുകയാണ്. അഞ്ച് വര്‍ഷത്തിന് ശേഷം സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ ഭരണസമിതികളിലേക്കുളള തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രഖ്യാപനം അടുത്ത ദിവസം നടക്കാനിരിക്കെ തെരഞ്ഞെടുപ്പിനുളള ഒരുക്കങ്ങള്‍ എങ്ങും തകൃതി. ബ്ലോക്ക് പഞ്ചായത്ത് ഒഴികെയുളള തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡ് നിര്‍ണയം ഇന്നലെയോടെ പൂര്‍ത്തിയായതോടെ തെരഞ്ഞെടുപ്പ് ഒരുക്കം അവസാനഘട്ടത്തിലേക്ക് കടന്നു.
ബ്ലോക്ക് പഞ്ചായത്ത് സംവരണ വാര്‍ഡുകള്‍ സംബന്ധിച്ച് വരുന്ന തിങ്കളാഴ്ചയോടെ തീരുമാനമാകും. കോവിഡ് നിയന്ത്രണം കാരണം പുറമെ ആരവം കുറയുമെങ്കിലും ശക്തമായ പോരാട്ടമാകും ഇത്തവണ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ നടക്കുക. സംവരണ വാര്‍ഡുകള്‍ സംബന്ധിച്ച് ചിത്രം തെളിഞ്ഞതോടെ എന്‍ഡിഎയും ഇടത്-വലത് മുന്നണികളും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് വാര്‍ഡ്തലം തൊട്ട് ചര്‍ച്ചകള്‍ സജീവമാക്കി കഴിഞ്ഞു. അടുത്ത ദിവസം തന്നെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച പ്രഖ്യാപനം നടത്തുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റുമുളള നിശബ്ദ പ്രചാരണം ശക്തമാകുകയും ചെയ്യാനുളള ഒരുക്കത്തിലാണ് എന്‍ഡിഎ അടക്കമുളള മുന്നണികളും മറ്റ് സംഘടനകളും.
എല്‍ഡിഎഫിനും യുഡിഎഫിനും കഴിഞ്ഞ കാലങ്ങളിലേതു പോലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കീറാമുട്ടിയായി മാറുമെന്നുറപ്പാണ്. കാരണം സ്ത്രീ സംവരണമടക്കമുളള സംവരണ സീറ്റുകള്‍ കഴിഞ്ഞ് നാമമാത്രമായ ജനറല്‍ സീറ്റുകളിലേക്ക് സീറ്റ് മോഹികളായി നിരവധി പേരാണ് പ്രാദേശികതലത്തിലടക്കം രംഗത്തുളളത്. ഇരുമുന്നണികളുടേയും പല നേതാക്കളും സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് രഹസ്യ പ്രചാരണം ഇപ്പോള്‍ തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല ഇരുമുന്നണികള്‍ക്കുമെതിരെ ശക്തമായ ജനവികാരം സംസ്ഥാനത്താകമാനം എന്നതു പോലെ ജില്ലയിലും നിലനില്‍ക്കുകയാണ്.
കഴിഞ്ഞ കാലങ്ങളില്‍ നിന്നും ഭിന്നമായി സംസ്ഥാന ഭരണകൂടത്തിനെതിരെ നിലനില്‍ക്കുന്ന അഴിമതി ആരോപണങ്ങളും ജനവിരുദ്ധ നയങ്ങളും സേച്ഛാധിപത്യ നടപടികളും എല്‍ഡിഎഫിനും കണ്ണൂര്‍ ജില്ലയില്‍ പ്രത്യേകിച്ച് സിപിഎമ്മിനും തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടിയാകുന്ന സ്ഥിതിയാണ്. കാലങ്ങളായി പാര്‍ട്ടി ഏകാധിപത്യം നിലനില്‍ക്കുന്ന പല പഞ്ചായത്തുകളിലും കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനിടയില്‍ ബിജെപിയടക്കമുളള സംഘപരിവാര്‍ സംഘടനകൾക്കുണ്ടായിട്ടുളള മുന്നേറ്റം നല്കുന്ന സൂചന ഇതാണ്.
മാത്രമല്ല സംസ്ഥാന ഭരണം ഉപയോഗിച്ച് നടത്തിയ ന്യൂനപക്ഷ പ്രീണനങ്ങളും ശബരിമല വിഷയത്തിലടക്കം സിപിഎം നേതൃത്വം കൈക്കൊണ്ട ഭൂരിപക്ഷ സമുദായ വിരുദ്ധ നിലപാടുകളും എല്‍ഡിഎഫിന് തിരിച്ചടിയാകുമെന്നുറപ്പാണ്. യുഡിഎഫ് ആകട്ടെ മുന്നണിയിലെ ശൈഥില്യവും കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച ഗ്രൂപ്പ് പോരും കാരണം മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസിനകത്ത് രൂപം കൊണ്ടിരിക്കുന്ന കടുത്ത ഗ്രൂപ്പ് പോരു കാരണം തെരഞ്ഞെടുപ്പ് ഗോഥയിലേക്കിറങ്ങാനാകാതെ ബുദ്ധിമുട്ടുകയാണ്. മാത്രമല്ല താഴെതട്ടിലടക്കം പതിവു പോലെ സീറ്റിനു വേണ്ടി കൂടുതല്‍ പേര് രംഗത്തെത്തിയതോടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ആടിയുലയുകയാണ്.
നിരവധി റിബല്‍ സ്ഥാനാര്‍ത്ഥികള്‍ രംഗത്തുണ്ടാവുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. മാത്രമല്ല സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷം എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഴിമതികള്‍ക്കും കൊളളരുതായ്മകള്ക്കുമെതിരെ സമരം ചെയ്യുന്നതിലടക്കം പരാജയപ്പെടുകയും ജനകീയ വിഷയങ്ങളിലിടപ്പെടാതെ നിര്‍ജ്ജീവമായ അവസ്ഥയിലായിരുന്നു. അതിനാല്‍തന്നെ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ഭയത്തിലാണ് നേതൃത്വം. അതേസമയം രാജ്യത്താകമാനം എന്‍ഡിഎയ്ക്കും ബിജെപിക്കും അനുകൂലമായി നില്ക്കുന്ന അനുകൂല അന്തരീക്ഷം കണ്ണൂരിലെ രാഷ്ട്രീയ പ്രബുദ്ധതരായ ജനങ്ങളുടെ മനസ്സുകളിലും വലിയ മാറ്റം ഉണ്ടാക്കിയിട്ടുണ്ടെന്ന നിഗമനത്തിലാണ് എന്‍ഡിഎ, ബിജെപി നേതൃത്വങ്ങള്‍.
കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ താഴെതട്ടിലുളള കര്‍ഷക തൊഴിലാളികള്‍ക്കടക്കം നടപ്പാക്കിയ ക്ഷേമ പദ്ധതികളും ജില്ലയുടെ ടൂറിസമടക്കമുളള വിവിധ മേഖലകള്‍ക്ക് സഹായകമായി അനുവദിച്ച വികസന പദ്ധതികളും രാജ്യത്താകാമാനം ഉണ്ടായിട്ടുളള വികസന മുന്നേറ്റങ്ങളും എന്‍ഡിഎക്ക് അനുകൂലമായ സാഹചര്യം ജില്ലയിലുണ്ടാക്കിയിട്ടുണ്ടെന്നും ഇത് കഴിഞഞ്ഞകാലങ്ങളില് നിന്നും ഭിന്നമായി ശക്തമായ മുന്നേറ്റം ഉണ്ടാക്കാന്‍ സഹായകമാകുമെന്നുമുളള ഉറച്ച വിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. മാത്രമല്ല സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രേഹ നയങ്ങള്‍ക്കും അഴിമതിക്കുമെതിരെ ശക്തമായ പോരാട്ടം നടത്തി മുഖ്യപ്രതിപക്ഷമായി മാറി കഴിഞ്ഞുവെന്നതും തെരഞ്ഞെടുപ്പില്‍ അടിത്തറ ശക്തമാക്കാന്‍ സഹായിക്കുമെന്നുളള കണക്കുകൂട്ടലിലാണ് എന്‍ഡിഎ. കൂടാതെ മറ്റ് രണ്ട് മുന്നണികളില്‍ നിന്നും ഭിന്നമായി മാസങ്ങള്‍ക്കു മുമ്പേ തെരഞ്ഞെടുപ്പിനുളള ഒരുക്കങ്ങള്‍ ആരംഭിച്ച് പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നോട്ടു പോയിയെന്നതും മുന്നണിക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്. കഴിഞ്ഞതവണ ജില്ലാ പഞ്ചായത്തും 11 ബ്ലോക്ക് പഞ്ചായത്തുകളും 71 പഞ്ചായത്തുകളില്‍ 53 ഉം ഒമ്പതു നഗരസഭകളില്‍ ആറും എല്‍ഡിഎഫായിരുന്നു നേടിയത്.
പുതുതായി രൂപംകൊണ്ട കണ്ണൂര്‍ കോര്‍പറേഷനില്‍ ആദ്യ നാലുവര്‍ഷത്തോളം കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെ എല്‍ഡിഎഫും പിന്നീട് ഇങ്ങോട്ട് യുഡിഎഫും ഭരണം നടത്തി വരികയാണ് . മൂന്നു നഗരസഭകളും 18 പഞ്ചായത്തുകളും നിലവില്‍ യുഡിഎഫ് ഭരണത്തിലാണ്. നിരവധി പഞ്ചായത്തുകളില്‍ സാന്നിധ്യമുളള ബിജെപി നിലവില്‍ തലശ്ശേരി, ഇരിട്ടി, പാനൂര്‍ തുടങ്ങിയ നഗരസഭകളില്‍ നിര്‍ണ്ണായക ശക്തിയാണ് . എന്തായാലും വരും നാളുകളിൽ ശക്തമായ പോരാട്ടത്തിന് ജില്ല സാക്ഷ്യം വഹിക്കുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: