തിരുവനന്തപുരം: എന്‍ഐഎ അന്വേഷിക്കുന്ന സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് സസ്പെന്‍ഷനില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് അവധി അനുവദിച്ച ഉത്തരവ് പുറത്ത് വന്നത് വിവാദമായി. സസ്പെന്ഷന് ആരംഭിച്ചത് മുതല്‍ അവധി നല്‍കിയത് വിവാദമായതോടെ പിന്‍വലിച്ച ഉത്തരവും പിന്നാലെ പുറത്തുവിട്ടു.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കറിനു 2020 ജൂലൈ ഏഴ് മുതല്‍ 2021 ജൂലൈ ആറു വരെ അവധി നല്കാന് ജൂലൈ 22 നാണ് ഉത്തരവിറക്കിയത്. ജൂലൈ ഏഴിന് ശിവശങ്കര്‍ സര്‍ക്കാരിനു നല്കിയ അവധി അപേക്ഷ പരിഗണിച്ചായിരുന്നു ഇത്. എന്നാല്‍ അതിനുള്ളില്‍ ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. പിന്നീട് ഇതിലെ അപാകത തിരിച്ചറിഞ്ഞ് ഈ ഉത്തരവ് ആഗസ്റ്റ് പത്തിനിറക്കിയ മറ്റൊരു ഉത്തരവിലൂടെ റദ്ദാക്കുകയായിരുന്നു.
ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷനിലായാല്‍ അവധി നല്‍കാനാകില്ല. മുന്‍കാല പ്രാബല്യത്തോടെയാണ് അവധി നല്‍കിയിരുന്നത്. ഇതോടെ സസ്പെന്‍ഡ് ചെയ്ത ജൂലായ് ഏഴ് മുതല്‍ ശിവശങ്കര്‍ അവധിയിലാണെന്ന് വരും. സ്വകാര്യ ആവശ്യത്തിന് അവകാശമുള്ള അവധി അനുവദിച്ചിരിക്കുന്നു എന്നാണ് പൊതുഭരണ വകുപ്പ് ഇറക്കിയ ആദ്യ ഉത്തരവിലുള്ളത്. ഇത് വിവാദമായതോടെ ആണ് ഉത്തരവ് റദ്ദ് ചെയ്ത വിവരം പുറത്ത് വിട്ടത്.
സ്വപ്ന സുരേഷുമായുള്ള ബന്ധത്തെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള റിവ്യൂ കമ്മിറ്റിയാണ് ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് എന്‍ഐഎ മൂന്ന് തവണ ചോദ്യം ചെയ്തു. കസ്റ്റംസും ശിവശങ്കറിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: