അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്ന സംഭവത്തില്‍ സിബിഐ കുറ്റാരോപണം നടത്തിയ 32 പ്രതികളും കുറ്റവിമുക്തരാക്കപ്പെട്ടു. നീതിന്യായ ചരിത്രത്തിലെ അഭൂതപൂര്‍വമായ ഈ വിധി രാജ്യത്തെ കപട മതേതരക്കാരുടെ മുഖത്തടിയേറ്റപോലെയാണ്. ആ വിഭാഗം ആരാണെന്ന് ഇതിനകം ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അറിവുള്ളതാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഹിന്ദുവിരുദ്ധ നിലപാട് എന്നാണ് അതിന്റെ ചുരുക്കപ്പേര്.
രാജ്യത്തിന്റെ നഷ്ടപ്പെട്ട ആത്മാഭിമാനം വീണ്ടെടുക്കാന്‍ ഗുജറാത്തിലെ സോമനാഥക്ഷേത്രം പുനര്‍നിര്‍മാണം നടത്തിയത് ഇക്കൂട്ടരുടെ കണ്ണില്‍ വര്‍ഗീയമാണ്. ശബരിമലയില്‍ അയ്യപ്പന്റെ ചിത്രം ഭക്തരില്‍നിന്ന് തട്ടിപ്പറിച്ച് ബൂട്ട്സ് ഇട്ട് ചവിട്ടുന്നത് മതേതരമാണ്. പക്ഷെ മൂന്നാര്‍ പ്രദേശത്ത് അനധികൃതമായി കുരിശു നാട്ടിയത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര് അവരുടെ കടമ നിര്‍വഹിച്ചുകൊണ്ട് എടുത്തുമാറ്റുന്നത് മതേതരവിരുദ്ധമാണ്. വിദേശ ആക്രമണകാരിയായ ഒരു രാജാവ് അധികാരമുപയോഗിച്ച് ഹിന്ദുദൈവ വിഗ്രഹങ്ങള്‍ അടങ്ങുന്ന കെട്ടിടം തകര്‍ത്ത് പള്ളി പണിയുന്നത് ഇവരുടെ ദൃഷ്ടിയില് മതേതരത്വമാണ്.
ആരാണീ മതേതരക്കാര്‍? അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ക്കാനുള്ള ഏര്‍പ്പാടുകള്‍ യഥാര്‍ത്ഥത്തില്‍ ക്രമീകരിച്ചത് തങ്ങളാണെന്ന് അവകാശപ്പെടുന്ന മഹാരാഷ്ട്രയിലെ ശിവസേനക്ക് അഹോരാത്രം മതേതരമന്ത്രം ഉരുവിടുന്ന കെങ്കികളുമായി ഭരണം പങ്കിടാന്‍ കൈ പൊന്തിക്കുന്ന മാര്‍ക്സിസ്റ്റ് എംഎല്‍എയും ഇക്കൂട്ടത്തിലാണെന്ന് അവകാശപ്പെടുന്നു. കര്‍ണാടകത്തില്‍ പോപ്പുലര്‍ ഫ്രണ്ടുമായി യോജിച്ചുകൊണ്ട് പൊതുവേദിയില്‍ മതേതര കോണ്‍ഗ്രസ് നേതാക്കന്മാര് പ്രത്യക്ഷപ്പെട്ടത് എല്ലാവര്ക്കും അറിവുള്ളതാണ്. അയോധ്യയിലെ കാലങ്ങളായി നിലനിന്നിരുന്ന ശ്രീരാമക്ഷേത്രം വീണ്ടെടുത്തത് വര്‍ഗീയമാണെന്ന് വിലപിക്കുന്നവര്‍ തുര്‍ക്കിയിലെ ഒരു ക്രിസ്ത്യന്‍ പള്ളി മസ്ജിദ് ആയി മാറ്റിയതില്‍ ആമോദപൂര്‍വ്വം ആഘോഷം നടത്തുന്നവരാണ്. നിരാലംബരായ വിവാഹിതരായ മുസ്ലീം സഹോദരിമാര്‍ ഇന്‍സ്റ്റന്റ് തലാഖ് വഴി വഴിയാധാരമാകുന്നത് തടയുന്നത് ഇക്കൂട്ടരുടെ കണ്ണില്‍ വര്‍ഗീയമാണ്. ഗാന്ധിജി, സര്‍ദാര്‍ പട്ടേല്‍, ഡോ. രാജേന്ദ്രപ്രസാദ്, ആനിബസന്റ് തുടങ്ങിയ യഥാര്‍ത്ഥ മതേതര വിശ്വാസികളെ ഈ വര്‍ഗ്ഗത്തിന് പുച്ഛമാണ്. അവരുടെ കണ്ണില്‍ വിദേശത്തുനിന്ന് നിയമവിരുദ്ധമായി കടത്തിക്കൊണ്ടുവന്ന പരിശുദ്ധ ഖുറാന്റെ കൂടെ സ്വര്‍ണക്കടത്ത് നടത്തുന്നത് മതേതരമാണ്. പക്ഷെ ഒരു പരിശുദ്ധ മതഗ്രന്ഥത്തെ അവഹേളിച്ചുകൊണ്ട് അങ്ങിനെ ചെയ്യാന്‍ പാടില്ലായിരുന്നു എന്ന് പറയുന്നത് വര്‍ഗീയമാണ്. കൂടുതല്‍ വിശദീകരിക്കണോ ഇൗ കപടക്കൂട്ടത്തിന്റെ ദുഷ്ടപ്രവൃത്തികള്‍?
ആരൊക്കെയുണ്ട് ഇക്കൂട്ടത്തില്‍? സിബിഐ കോടതി വിധിക്കെതിരായി പ്രക്ഷോഭം നടത്തും എന്ന് പറയുന്ന ഡിവൈഎഫ്ഐ, എസ്ഡിപിഐ എന്ന സംഘടനയുടെ സഹായത്തോടുകൂടി ചില പഞ്ചായത്ത് ഭരണം കിട്ടാന്‍ വേണ്ടി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയവര്‍. കുപ്രസിദ്ധമായ രാമസിംഹന് കൊലക്കേസും പ്രതികള്‍ ജയിലില്‍നിന്ന് വിട്ടുവന്നപ്പോള്‍ പൂമാലയണിയിച്ച് ഘോഷയാത്ര നടത്തിയവരാണ് മറ്റൊരു കൂട്ടര്. ദ്വിരാഷ്ട്രവാദത്തിന്റെ അവശേഷിക്കുന്ന ക്ഷുദ്രശക്തികളെ ചത്തകുതിര എന്ന് പ്രപിതാമഹന് വിശേഷിപ്പിച്ചുവെങ്കിലും അവരുടെ ഔദാര്യത്തില്‍ എങ്ങിനെയെങ്കിലും പാര്‍ലമെന്റില്‍ എത്തിക്കൂടിയ തുഗ്ലക് റോഡ് നിവാസിയായ രാഷ്ട്രീയ നേതാവ് മതേതരവാദിയാണത്രേ. പക്ഷെ അദ്ദേഹവും സഹോദരിയും ഉത്തര്‍പ്രദേശില്‍ രാമക്ഷേത്ര നിര്‍മാണത്തിന്റെ തറക്കല്ലിടല്‍ തുടങ്ങിവച്ചപ്പോള്‍ ആത്മാഭിമാനത്തിന്റെ നിമിഷങ്ങളാണെന്ന് രോമാഞ്ചപൂര്വം പറഞ്ഞു എന്നത് ജനം ശ്രദ്ധിച്ചുകാണുമല്ലോ?
പോരെ കാപട്യത്തിന്റെ മുഖം വലിച്ചു കീറാനുള്ള വസ്തുതകള്‍? എന്നിട്ടും ലക്നൗ കോടതിവിധി മതേതരത്തിനേറ്റ മുറിവാണെന്ന് വിളിച്ചുകൂവാന്‍ ലജ്ജയില്ലല്ലോ ഇക്കൂട്ടര്‍ക്ക്? വിധിയുടെ ഉള്ളടക്കം ശ്രദ്ധിച്ചോ. ഒരു ഗൂഢാലോചനയുടെ ഫലമല്ല തല്സമയത്തുണ്ടായ വികാര വിക്ഷോഭത്തിലാണ് തര്‍ക്കമന്ദിരം പൊളിക്കപ്പെട്ടത്. അങ്ങിനെ ചെയ്യരുതെന്ന് എല്‍.കെ. അദ്വാനി, മുരളീമനോഹര്‍ ജോഷി എന്നിവര്‍ ഉദ്ബോധിപ്പിക്കാന് ശ്രമിച്ചിരുന്നു. ഹിന്ദുക്ഷേത്രമാണെന്ന് വിശ്വസിച്ചിരുന്ന അശോക് സിംഘാള്‍ തകര്ക്കലിനെതിരായിരുന്നു. ഗൂഢാലോചന എന്ന ആരോപണം തികച്ചും വ്യാജമാണ്.
അര്‍ത്ഥപൂര്‍ണമായ, ദീര്ഘവിചിന്തനത്തോടുകൂടി വിശകലനം ചെയ്തെഴുതിയ ഈ വിധിന്യായം നീതിന്യായ വ്യവസ്ഥയുടെ അന്ത്യമാണ് എന്ന് ആക്ഷേപിക്കുന്നവരുടെ മനോഗതം മനസ്സിലാക്കാന്‍ ഈ രാജ്യത്തെ ജനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: