കൊച്ചി: മിന്നല്പിണര് വേഗത്തില്‍ പിണറായി സര്‍ക്കാരിന്റെ ലൈഫ് മിഷന് പദ്ധതിയുടെ അഴിമതി അന്വേഷിച്ച് സിബിഐ. ഇന്നലെയും യൂണിടാക് എംഡിയെ ചോദ്യം ചെയ്തു. കരാര്‍ ലഭിക്കാന്‍ സര്‍ക്കാര്‍ പക്ഷത്തെ ഉന്നതന്റെ ഇടപെടല്‍ സഹായിച്ചെന്ന് ഒന്നാം പ്രതി എംഡി സന്തോഷ് ഈപ്പന് മൊഴി നല്‍കിയെന്നാണ് അറിയുന്നത്. കേസില്‍ സന്തോഷിന്റെ ഭാര്യയും കമ്പനി ഡയറക്ടറുമായ സീമ പ്രധാന സാക്ഷിയായേക്കും. ഇരുവരേയും ഇന്നലെയും സിബിഐ കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്തു. രാത്രി വൈകി വിട്ടയച്ചു. ഉന്നതന്റെയും മറ്റു ചിലരുടെയും പങ്ക് ഒന്നാം പ്രതി സമ്മതിച്ചതോടെ നിര്‍ണായകമാണ് വരും ദിവസങ്ങളില്‍ ലൈഫ് പദ്ധതിയിലെ സിബിഐ മിഷന്. ലൈഫ് പദ്ധതിയുടെ തൃശൂര്‍ കോര്‍ഡിനേറ്റര്‍ ലീന്‍സ് ഡേവിഡിനെ വൈകിട്ട് ചോദ്യംചെയ്ത് വിട്ടു.
വിദേശ സംഭാവന സ്വീകരണത്തിലെ ചട്ട ലംഘനത്തിനാണ് സിബിഐ കേസ് തുടങ്ങിയതെങ്കിലും ഇപ്പോള്‍ അഴിമതി നിരോധന വകുപ്പുകളും ഉള്‍പ്പെടുത്തുന്നതിന് നിയമസാധുത ഏജന്‍സി തേടിയിട്ടുണ്ട്. സ്വര്‍ണക്കടത്തു കേസില്‍ പ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കും കരാര്‍ ലഭിച്ചതിന് പണം നല്‍കിയെന്ന സന്തോഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: