കൊച്ചി : ലൈഫ് മിഷന് കേസില്‍ കുരുക്കുകള്‍ മുറുക്കി സിബിഐ. വടക്കഞ്ചേരി ഫ്ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കൈക്കലാക്കിയ ഫയലുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാക്കാന്‍ കര്‍ശ്ശന നിര്‍ദ്ദേശം നല്കി സിബിഐ. ലൈഫ് മിഷന് പദ്ധതി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ക്കാണ് സിബിഐ ഇതുസംബന്ധിച്ചുള്ള നോട്ടീസ് നല്‍കിയത്. ഇന്ന് രാവിലെ 11ന്് കൊച്ചി ഓഫീസില്‍ ഫയലുകള്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
ലൈഫ് മിഷന് ഫയലുകള്‍ പരിശോധിക്കുന്നതിനായി സിബിഐ അന്വേഷണ സംഘം തിങ്കളാഴ്ച തൃശൂര്‍ ഓഫീസില്‍ എത്തിയിരുന്നു. എന്നാല്‍ ഓറിജിനല്‍ ഫയല്‍ ഇല്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ സിബിഐയെ തിരിച്ചയയ്ക്കാന്‍ ശ്രമിച്ചതോടെയാണ് ഇന്ന് രാവിലെ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. നഗരസഭ ഓഫീസില്‍ നിന്നു പ്ലാന്‍ അടക്കമുള്ള ഫയലുകളും ബന്ധപ്പെട്ട രേഖകളും കസ്റ്റഡിയില്‍ എടുക്കുകയും സെക്രട്ടറി ഉള്‍പ്പടെയുള്ളവരില്‍ നിന്നു വിവരങ്ങള്‍ തേടുകയും ചെയ്തു.
ശനിയാഴ്ചയാണ് വിജിലന്‍സ് ലൈഫ് മിഷന് ഓഫീസില്‍ നിന്നു ഫയല്‍ കൊണ്ടുപോയത്. റവന്യു രേഖകള്‍, വൈദ്യുതി കണക്ഷന് ലഭിക്കുന്നതിന് വേണ്ടി നടത്തിയ കത്തിടപാടുകള്‍, മറ്റു രേഖകള്‍ എന്നിവയുടെ പകര്‍പ്പുകളും സിഐ ജോണ്‍സന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം എടുത്തു. നഗരസഭയ്ക്ക് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും സിബിഐ ആവശ്യപ്പെട്ട രേഖകള്‍ കൈമാറിയെന്നും അധ്യക്ഷ ശിവപ്രിയ സന്തോഷ് പ്രതികരിച്ചു.
അതേസമയം ലൈഫ് മിഷന് ഇടപാടില്‍ സ്വപ്നയ്ക്കും കൂട്ടര്‍ക്കും കമ്മിഷന് നല്കാന് യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടതായി യൂണിടാക്ക് ബില്‍ഡേഴ്സ് ഉടമ. കൊച്ചി സിബിഐ ഓഫീസില്‍ തിങ്കളാഴ്ച നല്കിയ മൊഴിയില്‍ യുണിടാക് സിഇഒ സന്തോഷ് ഈപ്പനാണ് ഇക്കാര്യം അറിയിച്ചത്. കരാര്‍ കിട്ടാനായി താന്‍ കൈക്കൂലി നല്‍കിയിട്ടില്ല. ലൈഫ്മിഷന് ഫ്ളാറ്റ് നിര്‍മാണം തന്നെ ഇങ്ങോട്ട് വിളിച്ചേല്പ്പിക്കുകയായിരുന്നുവെന്നും സന്തോഷ് ഈപ്പന് സിബിഐ മുമ്പാകെ വെളിപ്പെടുത്തി.
ലൈഫ് മിഷന് ക്രമക്കേടില്‍ വിദേശസഹായ നിയന്ത്രണ ചട്ടം ലംഘിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി സിബിഐ കേസെടുത്തിരുന്നു ഇതില്‍ ഒന്നാം പ്രതി സന്തോഷ് ഈപ്പനാണ്. യൂണിടെക് ഓഫീസിലും വീട്ടിലും നടന്ന റെയ്ഡിന് ശേഷം സന്തോഷിനെ തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ കൊച്ചി സിബിഐ ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയായിരുന്നു. രാത്രി ഏഴര വരെ നീണ്ട ചോദ്യംചെയ്യലില്‍ ലൈഫ് മിഷന് കരാറുമായി ബന്ധപ്പെട്ട രേഖകളും സന്തോഷ് സിബിഐ അന്വേഷണ സംഘത്തിന് സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: