കോവിഡ് മഹാമാരിയ്ക്കെതിരായ പ്രതിരോധം എങ്ങുമെത്താതിരിക്കുമ്പോഴാണ് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ അനുദിനം നടന്നുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന വട്ടിയൂര്‍ക്കാവ് സ്വദേശിയെ പുഴുവരിച്ച നിലയില്‍ വീട്ടിലെത്തിച്ച സംഭവം വേദനാജനകമാണ്. വീണു പരിക്കേറ്റ് ചികിത്സ തേടിയെത്തിയ ഈ വ്യക്തിക്ക് ആശുപത്രിയില്‍ നിന്നാണ് കോവിഡ് രോഗം ബാധിച്ചത്. ചികിത്സയ്ക്ക് ശേഷം പരിശോധനയില്‍ നെഗറ്റീവായ ശേഷം വീട്ടിലെത്തിച്ചപ്പോഴാണ് തലയുടെ പിന്‍ഭാഗത്ത് പുഴുവരിച്ച നിലയില്‍ കണ്ടത്. ചികിത്സാ രംഗത്തെ അനാസ്ഥയുടെ ഇരയാണ് ഹതഭാഗ്യനായ ഈ രോഗി. സര്‍ക്കാരിന്റെ ചികിത്സാ സംവിധാനങ്ങള്‍ കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിലടക്കം കാണിക്കുന്ന കുറ്റകരമായ അനാസ്ഥയുടെ ഒറ്റപ്പെട്ട ഉദാഹരണമല്ല ഇത്.
പൂര്‍ണ ഗര്‍ഭിണിയായ യുവതിക്ക് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ നിഷേധിച്ചതും തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവം അത്യന്തം ദാരുണമാണ്. ചികിത്സ തേടി പതിനാല് മണിക്കൂറോളമാണ് യുവതിയും ഭര്‍ത്താവും ആശുപത്രികള്‍ കയറിയിറങ്ങിയത്. കോവിഡ് നെഗറ്റീവ് ആയിരുന്നിട്ടും യുവതിക്ക് അവഗണനയുംഅതിക്രൂരമായ പെരുമാറ്റവുമാണ് സ്വകാര്യ ആശുപത്രികളില്‍ നേരിടേണ്ടിവന്നത്. ഗുരുതരാവസ്ഥയിലായ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും അതിനകം കുട്ടികള്‍ മരിച്ചിരുന്നു. വെന്റിലേറ്റര്‍ സൗകര്യം ഇല്ലെന്നു പറഞ്ഞ് കാസര്‍കോഡ് മെഡിക്കല്‍ കോളജ് മടക്കിയ കോവിഡ് ബാധിച്ച വൃദ്ധ മരിച്ചതാണ് മറ്റൊരു സംഭവം.
ഒരാഴ്ചയ്ക്കുള്ളില്‍ മാത്രം നടന്ന സംഭവങ്ങളാണിത്. ഇത്തരം നിരവധി സംഭവങ്ങള്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തവയും, അധികൃതര്‍ ഒതുക്കി തീര്‍ത്തവയും എണ്ണത്തില്‍ കൂടുതലായിരിക്കും. ജീവനുവേണ്ടി കേഴുന്ന മനുഷ്യരോട് ആശുപത്രി അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറിയിട്ട് തൊടുന്യായങ്ങള്‍ പറയുന്നതും, ഒഴിവുകഴിവുകള്‍ കണ്ടെത്തുന്നതും ഒരു നിലയ്ക്കും അംഗീകരിക്കാനാവില്ല. അടൂരില്‍ കോവിഡ് ബാധിച്ച ഒരു പാവപ്പെട്ട പെണ്‍കുട്ടിയെ അര്‍ദ്ധരാത്രി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച പ്രാകൃത സംഭവത്തെ തുടര്‍ന്ന് പ്രതിക്കൂട്ടിലായ സര്‍ക്കാര്‍, ഇനി ഇങ്ങനെയൊന്നും സംഭവിക്കില്ലെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. ഇതിനുശേഷമാണ് നിസ്സഹായരായ മനുഷ്യരോടുള്ള നീചമായ പെരുമാറ്റങ്ങള്‍ ആവര്‍ത്തിക്കുന്നത്. മഞ്ചേരിയിലെ യുവതിയുടെ ഇരട്ടക്കുട്ടികള്‍ വയറ്റില്‍ കിടന്ന് മരിക്കാനിടയായതില്‍ അധികൃതരും മറ്റും യഥാസമയം ഇടപെട്ടില്ലെന്ന ആക്ഷേപം യുവതിയുടെ ഭര്‍ത്താവ് ഉന്നയിച്ചത് സര്‍ക്കാര്‍ സംവിധാനത്തിന്റെ നിഷ്ക്രിയതയാണ് വെളിപ്പെടുത്തുന്നത്.
ആരോഗ്യമേഖലയിലെ കേരള മോഡലിനെക്കുറിച്ച് ആവേശം കൊള്ളാനുള്ള അവസരങ്ങളൊന്നും പാഴാക്കുന്നവരല്ല മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും. ഈ അവകാശവാദവും യാഥാര്‍ത്ഥ്യവും തമ്മില്‍ നികത്താനാവാത്ത വിടവാണുള്ളത്. ഇത് പക്ഷേ മൂടിവയ്ക്കപ്പെടുന്നു. കേരളത്തിലെ കോവിഡ് പ്രതിരോധം ലോകത്തിനു തന്നെ മാതൃകയാണെന്ന് കൊട്ടിഘോഷിച്ചിരുന്ന ആരോഗ്യ മന്ത്രി ഇപ്പോള്‍ കോവിഡ് രോഗികളുടെ സംഖ്യ ക്രമാതീതമായി വര്‍ധിക്കുമെന്ന് പറഞ്ഞ് മുന്‍കൂര്‍ ജാമ്യമെടുക്കുന്നത് ഇതുകൊണ്ടാണ്. സാധാരണക്കാര്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രി സംവിധാനം ഇപ്പോഴും പരിതാപകരമായ സ്ഥിതിയില്‍ തന്നെ. രോഗം പരത്തുന്ന കേന്ദ്രങ്ങളായി ഇവ മാറുന്നുമുണ്ട്. സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ കൂണുപോലെ മുളച്ചു പൊന്തുമ്പോഴും ജനങ്ങള്‍ക്ക് ശരിയായ ആരോഗ്യശീലങ്ങള്‍ പകര്‍ന്നു നല്‍കാനും, പ്രാഥമികമായ ചികിത്സ ലഭ്യമാക്കാനും അധികൃതര്‍ ശ്രദ്ധ വയ്ക്കുന്നില്ല. ജീവിതശൈലീ രോഗങ്ങള്‍ക്ക് ജനങ്ങള്‍ അടിമകളായി തുടരുവോളം ജനകീയാരോഗ്യം ഒരു വിദൂര സ്വപ്നമായി അവശേഷിക്കും. ഇപ്പോള്‍ ചില അവാര്‍ഡുകള്‍ സംഘടിപ്പിച്ച് മേനി നടിക്കുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍. കോവിഡ് പ്രതിരോധം പാളിപ്പോകുന്നതില്‍ സര്‍ക്കാരിന് വലിയ ആശങ്കയൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. അഴിമതിക്കെതിരായ പ്രതിപക്ഷ സമരങ്ങളെ ഒഴിവാക്കാനുള്ള ഉപാധിയായാണ് ഇടതുമുന്നണി സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തെ കാണുന്നതെന്ന് പറയേണ്ടിവരുന്നു. രാഷ്ട്രീയ അതിജീവനത്തെക്കുറിച്ചുള്ള ചിന്ത മാറ്റിവച്ച് മറ്റെന്തിനെക്കാളും ജനങ്ങളുടെ ജീവന് വില കല്‍പ്പിക്കുന്ന നിലയിലേക്ക് സര്‍ക്കാര്‍ മാറണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: