ഇടുക്കി: ദേവികുളം ലോക്ക് ഹാര്‍ട്ട് ഗ്യാപ്പ് റോഡില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന മലയിടിച്ചിലുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശവുമായി സബ് കളക്ടറുടെ റിപ്പോര്‍ട്ട്.
ദുരന്തങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കരാറുകാരന്റെയും ദേശീയപാത ഉദ്യോഗസ്ഥരുടെയും വീഴ്ച അന്വേഷിക്കണമെന്ന് കാട്ടിയാണ് ദേവികുളം സബ് കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. വലിയ തോതില്‍ കൃഷി നാശം ഉണ്ടായ സാഹചര്യത്തില്‍ വിദഗ്ധ ഏജന്‍സിയെ കൊണ്ട് പഠനം നടത്തിയ ശേഷമെ ഇനി നിര്‍മ്മാണം അനുവദിക്കാവൂ എന്നും റിപ്പോര്‍ട്ടിലുണ്ട്.
റിപ്പോര്‍ട്ടിലെ പ്രധാന നിരീക്ഷണങ്ങള്‍ ഇങ്ങനെ:
1. 2019 ഒക്ടോബര്‍ 8 ന് ഉണ്ടായ അപകടത്തില്‍ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ കൂടാതെ ജോലി നോക്കിയിരുന്ന രണ്ട് തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഒരാള്‍ മരിച്ചപ്പോള്‍ മറ്റൊരാളെ ഇനിയും കണ്ടെത്താനായിട്ടില്ല. ഈ വര്‍ഷം ജൂണ്‍ 17നും ആഗസ്റ്റ് ആറിനുമായി ഉണ്ടായ ഉരുള്‍പൊട്ടലിലില്‍ വന്‍തോതില്‍ കൃഷിയിടങ്ങളും നശിച്ചു. പ്രദേശത്തെ രണ്ട് പ്രാദേശിക റോഡുകളും തകര്‍ന്ന് കിടക്കുകയാണ്.
2. 2019ലെ അപകടത്തെ തുടര്‍ന്ന് കോഴിക്കോട് എന്‍ഐറ്റിയില്‍ നിന്നുള്ള വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്കി. ഇതേ തുടര്‍ന്ന് നിര്‍മ്മാണം തുടര്‍ന്നെങ്കിലും വീണ്ടും വലിയ അപകടങ്ങളുണ്ടായി. വീണ്ടും കഴിഞ്ഞമാസം ഉദ്യോഗസ്ഥരെത്തി പഠനം നടത്തി ഇത്തരത്തില്‍ നാളിതുവരെ ചെറുതും വലുതുമായ 15 വലിയ അപകടങ്ങളാണ് സ്ഥലത്തുണ്ടായതെന്നും ഇവ പാരിസ്ഥിതി അസന്തുലിതാവസ്ഥയ്ക്ക് തെളിവാണെന്നും മുന്നറിയിപ്പ് നല്കി.
3. സ്ഥലത്ത് പാറപ്പൊട്ടിക്കാനായി വലിയ സ്ഫോടനങ്ങള്‍ നടത്തിയതും പാറയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാതെ ഇട്ടതുമാണ് അപകടത്തിന് ഇടയാക്കിയതെന്നും ഈ റിപ്പോര്‍ട്ടിലുള്ളതായി സബ് കളക്ടര്‍ ചൂണ്ടിക്കാട്ടുന്നു.
4. മുദ്രനിരപ്പില്‍ നിന്ന് 5000 അടി ഉയരത്തിലുള്ള ഇവിടെ നിര്‍മ്മാണം നടത്തുമ്പോള്‍ ദേശീയപാത അതോററ്റിക്ക് കൃത്യമായ അസൂത്രണം ഉണ്ടായിരുന്ന എന്നതും ഇതിന് പ്രാപ്തിയുള്ള ഏജന്‍സിക്കാണോ ചുമതല നല്‍കിയതെന്നും പരിശോധിക്കേണ്ടതാണ്.
5. പഴയ റോഡില്‍ നാളിതുവരെ യാതൊരു വിധ മണ്ണിടിച്ചിലും ഉണ്ടായിട്ടില്ല. ഇത്തരത്തില്‍ അശാസ്ത്രീയമായ നിര്‍മ്മാണവും അനയന്ത്രിത പാറഖനനവും മൂലം സര്‍ക്കാറിന് വീണ്ടെടുക്കാനാകാത്ത നഷ്ടവും പ്രദേശത്തെ പരിസ്ഥിതിക്ക് പരിഹരിക്കാനാകാത്ത ഹാനിയുമാണ് ഉണ്ടായിട്ടുള്ളത്.
6. പാറപ്പൊട്ടിച്ചിരിക്കുന്നത് മുന്‍ നിശ്ചയിച്ചിട്ടുള്ള അലൈന്മെന്റ് പ്രകാരമാണോ എന്നത് പരിശോധിക്കണം. ഇത്തരത്തില്‍ അല്ലയെന്നത് പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയതിനാല്‍ ഈ പാറ മറ്റ് ആവശ്യങ്ങള്‍ക്ക് തരം മാറ്റിയോ എന്നതും കടത്തിക്കൊണ്ട് പോയെ എന്നതും കണ്ടെത്തണം. ഇത്തരത്തിലുള്ളത് കണ്ടെത്തിയാല്‍ ഇയാള്‍ക്കെതിരെ കര്‍ശന നിയമ നടപടി എടുക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
7. കോഴിക്കോട് എന്‍ഐറ്റിയില്‍ നിന്നുള്ള വിദഗ്ധ സംഘം നല്കിയ റിപ്പോര്‍ട്ട് പ്രകാരം കൃത്യമായി തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയോ എന്നതും ഇത് നിരീക്ഷിക്കേണ്ട ദേശീയപാത ഉദ്യോഗസ്ഥര്‍ ഇതിന് വീഴ്ച വരുത്തിയിട്ടുണ്ടോ എന്നതും പരിശോധിക്കണം.
8. ഇതില്‍ വീഴ്ചകണ്ടാല്‍ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന ശിക്ഷണ നടപടി സ്വീകരിക്കാവുന്നതെണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ വീഴ്ച വന്നതായി എന്‍ഐറ്റി സംഘം തന്നെ കുറ്റപ്പെടുത്തിയിരുന്നു.
9. പ്രദേശത്തെ ജോലികള്‍ നിലവിലെ സാഹചര്യത്തില്‍ പുനരാരംഭിക്കുന്നത് സാധ്യമല്ലാത്തതായി കാണുന്നതായും പാറഭാഗങ്ങള്‍ പൊട്ടിച്ച് നീക്കുന്നതുള്‍പ്പെടെയുള്ള ദൗത്യം ശ്രമകരവും ദുഷ്കരവുമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും: കളക്ടര്‍
ഗ്യാപ്പ് റോഡിലെ നിര്‍മ്മാണത്തില്‍ ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ടെന്നത് പ്രഥമ ദൃഷ്ടാ വ്യക്തമാണെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് ജന്മഭൂമിയോട് പറഞ്ഞു. പണി തുടര്‍ന്നാലും ഇല്ലെങ്കിലും മലയിടിച്ചില്‍ തുടരുന്ന അവസ്ഥയാണ്. തുടക്കം മുതല്‍ വലിയ വീഴ്ച നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പല റിപ്പോര്‍ട്ടുകളും ഇത് സംബന്ധിച്ച് നിലവില്‍ തന്നെ നല്കിയിട്ടുള്ളതാണ്.
മലയിടിഞ്ഞത് മൂലം നാശം ഉണ്ടായ ആളുകളുടെയും ജനപ്രതിനിധികളുടേയും യോഗം ഒക്ടോബര്‍ രണ്ടിന് ഓണ്‍ലൈനായി ചേരുന്നുണ്ട്. നഷ്ടപരിഹാരം അടക്കം ഈ യോഗത്തില്‍ തീരുമാനിക്കും. ഇതിന് പിന്നാലെ തന്നെ ജിയോളജിസ്റ്റിന്റെ കൂടി വിവരം തേടിയ ശേഷം വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: