സമാധാനവും സുസ്ഥിര വികസനവും ഉറപ്പു വരുത്തുന്ന പുതിയൊരു ലോക ക്രമം ഉരുത്തിരിയണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം കേൾക്കാൻ കൊതിച്ചിരുന്ന വാക്കുകളാണ് ഐക്യരാഷ്ട്ര പൊതുസഭയുടെ എഴുപത്തിയഞ്ചാം വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നുണ്ടായത്. ഇതിനകം ലോകത്തിന് സംഭവിച്ചിരിക്കുന്ന മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ വിലയിരുത്തുമ്പോൾ 1945ൽ നിലവിൽ വന്ന ഐക്യരാഷ്ട്ര സഭയിൽ കാലാനുസൃതമായ മാറ്റങ്ങൾ സംഭവിച്ചിട്ടില്ലെന്നും, പുതിയ ലോകത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രാപ്തി നേടണമെന്നും, ഇതിനായി ഗൗരവമുള്ള ആത്മപരിശോധനയ്ക്ക് യുഎൻ തയ്യാറാവണമെന്നും മോദി അഭിപ്രായപ്പെട്ടു. ഇത് തീർച്ചയായും അർത്ഥപൂർണമായ ചർച്ചകൾക്ക് വഴിതുറക്കും. തിളക്കമുള്ള ചില നേട്ടങ്ങൾ കൈവരിക്കാൻ യുഎന്നിന് കഴിഞ്ഞിട്ടുള്ളത് ചൂണ്ടിക്കാട്ടിയാണ് ഏറ്റവും വലിയ രാജ്യാന്തര സംഘടനയുടെ അപര്യാപ്തതകളിലേക്കും വീഴ്ചകളിലേക്കും മോദി വിരൽ ചൂണ്ടിയത്.
കോവിഡ് മഹാമാരിയെ ഫലപ്രദമായി നേരിടുന്നതിന് ലോക രാഷ്ട്രങ്ങളെ സജ്ജമാക്കുന്നതിൽ യുഎൻ പരാജയപ്പെട്ടെന്ന് തുറന്നടിച്ച നരേന്ദ്രമോദി, കോവിഡിനെതിരായ യുദ്ധത്തിൽ യുഎൻ എവിടെയാണെന്ന് ചോദിക്കാനും മറന്നില്ല. കോവിഡിനെ പ്രതിരോധിക്കുന്നതിൽ യുഎന്നിന് വീഴ്ച പറ്റിയെന്ന വിമർശനം പലകോണുകളിൽ നിന്നും ഉയർന്നിരുന്നു. ഈ മഹാമാരി ലോകത്തിന് സമ്മാനിച്ചത് ചൈനയാണ്. ചൈനീസ് വൈറസ് എന്നും ഇതിനെ വിശേഷിപ്പിക്കുന്നുണ്ടല്ലോ. ഈ വൈറസ് ബാധ യഥാസമയം ലോക രാഷ്ട്രങ്ങളെ അറിയിക്കുന്നതിൽ കുറ്റകരമായ അനാസ്ഥയാണ് ചൈന കാണിച്ചത്. ഈ നിരുത്തരവാദിത്വത്തെ വിമർശിക്കാൻ യുഎൻ തയ്യാറായില്ല. ഇക്കാര്യം ധീരമായി പ്രഖ്യാപിക്കാൻ തയ്യാറായ ഭാരതത്തിന്റെ പ്രധാനമന്ത്രി മാനവരാശിയുടെ മനസ്സാക്ഷിയുടെ ശബ്ദമാണ് കേൾപ്പിച്ചത്. തീർച്ചയായും ഇതിനനുകൂലമായ പ്രതികരണങ്ങൾ ഉണ്ടാവും.
സ്ഥാപകാംഗമായിരുന്നിട്ടും യുഎന്നിൽ കാലാനുസൃതമായ പരിഷ്കരണങ്ങൾ വരുത്താതെ ഭാരതത്തിന് അർഹമായ പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരെ അതിശക്തമായി തന്നെ പ്രതികരിക്കാൻ മോദിക്ക് കഴിഞ്ഞിരിക്കുന്നു. യുഎന്നിന്റെ കീഴിൽ ലോക സമാധാനത്തിന് വേണ്ടി പടപൊരുതി ഏറ്റവും കൂടുതൽ സൈനികരെ നഷ്ടമായ രാഷ്ട്രമാണ് ഭാരതമെന്ന് പറഞ്ഞ മോദി, 130 കോടി ജനങ്ങൾ പ്രതിനിധീകരിക്കുന്ന ഈ രാഷ്ട്രത്തെ എത്രകാലമാണ് അവഗണിക്കാനാവുകയെന്നും ചോദിച്ചത് ഒരു താക്കീതിന്റെ സ്വരത്തിലാണ്. യുഎൻ രക്ഷാ സമിതിയിൽ ഭാരതം അംഗമാകുന്നതിനെ നിരന്തരം എതിർത്തുകൊണ്ടിരിക്കുന്ന ചൈനയെ ലക്ഷ്യമിട്ടാണ് ഈ വിമർശനം. ചൈനയ്ക്ക് രക്ഷാസമിതിയിൽ അംഗത്വം ലഭിച്ചത് ഭാരതം അന്ന് ഭരിച്ചിരുന്ന പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ദൗർബല്യം കൊണ്ടായിരുന്നു. ഭാരതത്തിന് ഒന്നിലധികം തവണ വാഗ്ദാനം ചെയ്ത പദവിയാണ് ദീർഘവീക്ഷണമില്ലാതിരുന്ന ഈ ഭരണാധികാരി ചൈനയ്ക്ക് സമ്മാനിച്ചത്. ഭാരതത്തിന് കരുത്തനായ ഒരു പ്രധാനമന്ത്രിയെ കിട്ടിയപ്പോൾ ഈ ദൗർബല്യങ്ങൾ ഓരോന്നായി പരിഹരിക്കാനും, ലോകരാഷ്ട്ര സമുച്ചയത്തിൽ അർഹമായ സ്ഥാനം നേടിയെടുക്കാനും ശ്രമിക്കുകയാണ്. ആഗോള നേതൃത്വത്തിന്റെ മുൻനിരയിൽ നിൽക്കുന്ന നരേന്ദ്രമോദിക്ക് അതിന് കഴിയുമെന്ന വിശ്വാസം ഭാരതജനതയ്ക്കുണ്ട്.
മാന്യനായ പാർലമെന്റേറിയൻ
ബിജെപിയുടെ സ്ഥാപകനേതാവും രാജ്യംകണ്ട മികച്ച പാർലമെന്റേറിയന്മാരിൽ ഒരാളുമായിരുന്ന ജസ്വന്ത് സിങ് വിടപറഞ്ഞിരിക്കുന്നു. ഗ്രന്ഥകാരൻ, രാഷ്ട്രീയ നേതാവ്, ഭരണാധികാരി എന്നീ നിലകളിലൊക്കെ ഏറെ തിളങ്ങാൻ ഈ മുൻ സൈനികന് കഴിഞ്ഞു. പാർലമെന്റിൽ ബിജെപിയുടെ ആധികാരിക ശബ്ദമായിരുന്ന ജസ്വന്ത് സിങ്ങിന് റൂൾ ബുക്ക് മനപ്പാഠമായിരുന്നു. ബോഫോസ് അഴിമതിയെക്കുറിച്ച് പാർലമെന്റിൽ നടന്ന ചർച്ചകളിൽ ഭരണപക്ഷമായ കോൺഗ്രസിനെ നിർത്തിപ്പൊരിച്ച നേതാവാണ്. ലോക്സഭയിലും രാജ്യസഭയിലുമായി ഒൻപത് തവണ തെരഞ്ഞെടുക്കപ്പെടുകയും, വാജ്പേയി മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായും പ്രതിരോധ മന്ത്രിയായും ധനമന്ത്രിയായും തിളങ്ങുകയും ചെയ്തു. നയതന്ത്ര കാര്യങ്ങളിൽ ഏറെ പിടിപാടുണ്ടായിരുന്ന ജസ്വന്ത് സിങ് പൊഖ്രാൻ ആണവസ്ഫോടനത്തെ തുടർന്ന് ഭാരതത്തിനുമേൽ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധത്തെ നേരിടുന്നതിൽ അസാമാന്യമായ പാടവമാണ് കാഴ്ചവച്ചത്. ദേശീയ രാഷ്ട്രീയത്തിലെ ആ അതികായന് ഞങ്ങളുടെ ശ്രദ്ധാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: