ജീവിതത്തില്‍ ഈശ്വരകൃപകൊണ്ടു രോഗം മാറിയ സംഭവങ്ങള്‍ ശാരദാദേവിതന്നെ വിവരിക്കുന്നത് ‘ശാരദാദേവീവചനങ്ങള്’ എന്ന ഗ്രന്ഥത്തില്‍ കാണാം: ‘ഒരിക്കല്‍ ദേവിയുടെ അവസാനത്തെ രോഗത്തിനു തൊട്ടുമുമ്പായി ആപല്‍ക്കരമായ പനിപിടിച്ച് ജയരാംവാടിയില്‍ കിടക്കുകയായിരുന്ന സമയത്ത് ഞാന്‍ (നളിനി ബിഹാരി സര്‍ക്കാര്‍) അമ്മയുടെ കാലുകള്‍ തടവുകയായിരുന്നു. അമ്മ പറഞ്ഞു, കുഞ്ഞേ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്, എന്നാല്‍ മറുപടിയില്ല. ഞാനെത്ര കരഞ്ഞു! എന്നിട്ടും ഒന്നും സംഭവിച്ചില്ല. അവസാനം ഇന്ന് ജഗദ്ധാത്രി വന്നു. അവരുടെ മുഖം എന്റെ അമ്മയുടെ മുഖംപോലിരുന്നു. ഇനി ഞാന്‍ ഈ രോഗത്തില്‍നിന്നു രക്ഷപ്പെടും. ഒരിക്കല്‍ എന്റെ ചെറുപ്പകാലത്ത് ഞാന്‍ ദക്ഷിണേശ്വരത്തേക്കു യാത്രചെയ്യുകയായിരുന്നു. വഴിയില്‍ എനിക്കു പനി പിടിപെട്ടു. ഞാന്‍ ബോധമില്ലാതെ കിടക്കുമ്പോള്‍, നല്ല കറുത്ത നിറമുള്ള ഒരു പെണ്‍കുട്ടി എന്റെ മുറിയില്‍ വന്ന് എന്റെ അടുത്തിരുന്നു. അവളുടെ കാലുകളില്‍ നിറയെ പൊടിയായിരുന്നു. അവള് എന്റെ തല തലോടിത്തുടങ്ങി. അവളുടെ പൊടി നിറഞ്ഞ കാലുകള്‍ കണ്ട് ഞാന്‍ ചോദിച്ചു, അമ്മേ, ആരും അവിടുത്തേക്കു കാലു കഴുകാന്‍ വെള്ളം തന്നില്ലേ? ആ കുട്ടി പറഞ്ഞു, ഇല്ല, അമ്മേ, ഞാന്‍ ഉടനെ പോവുകയായി. ഞാന്‍ നിങ്ങളെ കാണാന്‍ വന്നതാണ്. എന്തിനു പേടിക്കുന്നു? നിങ്ങള്‍ക്കു സുഖമാവും. പിറ്റേന്നു മുതല്‍ എനിക്കു ക്രമേണ ഭേദമായി. ഇത്തവണ ഞാന്‍ വളരെ കഷ്ടപ്പെട്ടു. കുഞ്ഞേ, വളരെ പ്രാര്‍ത്ഥനയ്ക്കുശേഷമാണ് ഇന്ന് ജഗദ്ധാത്രിയെ കണ്ടത്. ഇത്തവണയും എനിക്കു ഭേദമാവും. എന്തിനു പേടിക്കുന്നു, കുഞ്ഞേ? നീ അദ്ദേഹത്തെ (ശ്രീരാമകൃഷ്ണനെ) ആത്മാര്‍ത്ഥമായി ഭജിച്ചാല്‍ അദ്ദേഹം എല്ലാ ചുറ്റുപാടുകളിലും നിന്നെ രക്ഷിക്കും.’ ഇങ്ങനെ, മഹാത്മാക്കള്‍പോലും പ്രാര്ത്ഥിക്കുന്നതു നാം കാണുന്നു, അപ്പോള്‍പ്പിന്നെ സാധാരണക്കാര്‍ പ്രാര്ത്ഥിക്കേണ്ടതില്ലേ. ഏതായാലും മഹാത്മാക്കളിലൂടെ നമുക്കു വെളിപ്പെട്ടുകിട്ടുന്നത് പ്രാര്‍ത്ഥനയുടെ ശക്തിയും ഫലവുമാണ്. പ്രാര്‍ത്ഥനയുടെ ശക്തിയെക്കുറിച്ച് ശ്രീരാമകൃഷ്ണന് പറയുന്നു: ‘ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയിലൂടെ മനുഷ്യന് സ്വന്തം ആത്മാവിനെ സാക്ഷാത്കരിക്കാന്‍ കഴിയുമെന്ന് ഞാന്‍ ഉറപ്പു പറയുന്നു. മനുഷ്യന് വ്യാകുലമായ ഹൃദയത്തോടെ പ്രാര്‍ത്ഥിക്കണം. ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന ഈശ്വരന് തീര്‍ച്ചയായും കേള്‍ക്കുന്നു. അക്കാര്യത്തില്‍ സംശയമേയില്ല. കാന്തം ഇരുമ്പിനോടെന്നപോലെ ഈശ്വരന് മനുഷ്യനോടു ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ പിന്നെ എന്തുകൊണ്ടാണ് ഈശ്വരന് മനുഷ്യനെ ആകര്ഷിക്കാത്തത്? ചെളിയില്‍ പൂഴ്ന്നു കിടക്കുന്ന ഇരുമ്പ് കാന്തത്തിന്റെ ആകര്ഷണംകൊണ്ടിളകുന്നില്ല. അതു
പോലെ മായയില്‍ മുങ്ങിക്കിടക്കുന്ന ആത്മാവ് ഈശ്വരന്റെ ആകര്‍ഷണം അറിയുന്നില്ല. ‘
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: