ന്യൂദല്‍ഹി: ഇന്ത്യക്കെതിരായ നീക്കം ശക്തിപ്പെടുത്താന്‍ ജമ്മു കശ്മീരിലേക്ക് വന്‍തോതില്‍ ആയുധങ്ങള്‍ എത്തിക്കാന്‍ പാക്കിസ്ഥാന് ചൈന നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ഇന്ത്യ നിര്‍ണായക മേല്‍ക്കൈ നേടിയതു മുതല്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ സംയുക്തമായി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട്.
പാക് ചാര സംഘടനയായ ഐഎസ്ഐയ്‌ക്ക് ചൈനീസ് സൈന്യത്തിന്റെ ഭാഗത്തു നിന്നു പോയ ചില സന്ദേശങ്ങള്‍ പിടിച്ചെടുത്തതില്‍ നിന്നാണ് തെളിവുകള്‍ ലഭിച്ചത്. അടുത്തിടെ കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരരില്‍ നിന്നു പിടിച്ചെടുക്കുന്ന ആയുധങ്ങള്‍ പാക്-ചൈന നീക്കത്തിലേക്കുള്ള സൂചനകളാണ്.
ചൈനീസ് കമ്പനിയായ നോറിന്‍കോ നിര്‍മിച്ച 97 എന്‍എസ്ആര്‍ റൈഫിളുകള്‍ സൈന്യം ഭീകരരല്‍ നിന്നു പിടിച്ചെടുത്തിരുന്നു. പാക്കിസ്ഥാനു ചൈന നല്‍കുന്ന ആയുധങ്ങള്‍ക്കൊപ്പമുള്ള ഈ റൈഫിളുകള്‍ ഐഎസ്‌ഐ വഴിയാണ് ഭീകര സംഘടനകള്‍ക്കെത്തുന്നത് എന്നാണ് നിഗമനം.
സൈന്യം അതീവ ജാഗ്രത പാലിക്കുന്നതിനാല്‍ മുന്‍ കാലത്തേതു പോലെ ഭീകരരെ കശ്മീരിലേക്ക് കടത്തിവിടാന്‍ പാക് സൈന്യത്തിനു കഴിയുന്നില്ല. എന്നാല്‍, ചൈനീസ് നിര്‍ദേശത്തെത്തുടര്‍ന്ന് ഐഎസ്‌ഐ സാഹസത്തിനു മുതിരാന്‍ സാധ്യതയുണ്ടെന്നാണ് സൈന്യം കരുതുന്നത്. കരസേനാ മേധാവി എം.എം. നരവനെ, ബിഎസ്എഫ് മേധാവി രാകേഷ് അസ്താന, സിആര്‍പിഎഫ് മേധാവി എ.പി. മഹേശ്വരി എന്നിവര്‍ കഴിഞ്ഞ പത്തു ദിവസത്തിനിടെ കശ്മീര്‍ സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തിയതും ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. മൂന്നുപേരും കേന്ദ്ര സര്‍ക്കാരിന് പ്രത്യേകം റിപ്പോര്‍ട്ടുകളും നല്‍കിയിട്ടുണ്ട്.
നുഴഞ്ഞുകയറ്റ നീക്കങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ കശ്മീരില്‍ പ്രാദേശിക തലത്തില്‍ ഭീകരസംഘടനകളിലേക്ക് ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യാന്‍ പാക് ചാരസംഘടന ശ്രമിച്ചിരുന്നു. ചിലരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞെങ്കിലും അവര്‍ക്ക് ആയുധങ്ങള്‍ എത്തിക്കാന്‍ സാധിച്ചിരുന്നില്ല. ഡ്രോണുകള്‍ ഉപയോഗിച്ച് ആയുധക്കടത്തിന് പാക് സൈന്യം ശ്രമിച്ചതിന്റെ തെളിവുകളും സൈന്യത്തിന് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: