ഇടുക്കി: ഇടുക്കി സംഭരണിയിലെ ജലനിരപ്പ് ബ്ലൂ അലേര്‍ട്ട് ലെവല്‍ പിന്നിട്ടെങ്കിലും തല്ക്കാലം അലേര്‍ട്ട് പ്രഖ്യാപിക്കേണ്ടത് തീരുമാനം. വൈദ്യുതി ഉത്പാദനം നേരിയ തോതില്‍ ഉയര്‍ത്തി.
നിലവില്‍ ദിവസങ്ങളായി മഴ കുറഞ്ഞതും ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞ് വരുന്നതുമാണ് അലേര്‍ട്ട് പ്രഖ്യാപിക്കുന്നത് മാറ്റിവെയ്ക്കാന്‍ കാരണമെന്ന് ഇടുക്കി ഡാം സേഫ്റ്റി ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അലോഷി പോള്‍ ജന്മഭൂമിയോട് പറഞ്ഞു. അലേര്‍ട്ട് പ്രഖ്യാപിച്ച് ജനങ്ങളെ ഭയപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ല, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിലും അടുത്ത രണ്ടാഴ്ച സാധാരണ മഴ മാത്രമാണുള്ളത്. ഇതിനൊപ്പം ഓരോ ദിവസവും അലേര്‍ട്ട് ലെവലില്‍ മാറ്റം വരുന്നുണ്ട്. ബ്ലൂ അലേര്‍ട്ട് നല്കിയാല് ചെറുതോണിയില്‍ കണ്ട്രോള് റൂം തുറക്കും. നാളെ ഈ ലെവല്‍ താഴ്ന്നാല്‍ ഇത് പിന്‍വലിക്കേണ്ടി വരുമെന്നും അലോഷി വ്യക്തമാക്കി. ദിവസവും യോഗം ചേര്‍ന്ന് വിലയിരുത്തിയ ശേഷം വേണ്ടി വന്നാല്‍ അലേര്‍ട്ട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ലഭിച്ച കണക്ക് പ്രകാരം 2388.26 അടി ആണ് ഇടുക്കിയിലെ ജലനിരപ്പ്, 83.10%. ബ്ലൂ അലേര്‍ട്ട് ലെവല്‍ 2388.17 അടിയാണ്. ഇതിന്റെ എട്ടടി കൂടി ഉയരത്തിലാണ് ചെറുതോണി ഡാം തുറക്കുന്നതിനുള്ള അപ്പര്‍ റൂള്‍ ലെവല്‍. ദിവസവും 0.2 അടി വീതം അലേര്‍ട്ട് ലെവല്‍ കൂടി വരും. ഒക്ടോബര്‍ ഒന്നിന് 2397.77 അടിയാണ് അപ്പര്‍ റൂള്‍ ലെവല്‍, ബ്ലൂ അലേര്‍ട്ട് ലെവലാകട്ടെ 2389.77 അടിയും.
ഇത്തരത്തില്‍ കേന്ദ്ര ജല കമ്മീഷന് പത്ത് ദിവസം ഇടവിട്ടുള്ള വാട്ടര്‍ ലെവലാണ് അനുവദിച്ച് നല്‍കിയിരിക്കുന്നത്. ഇതിനെ പത്തായി വിഭജിച്ചാണ് അതാത് സ്ഥലത്ത് കണക്കെടുക്കുന്നത്. അതേ സമയം ഇടുക്കിയിലെ വൈദ്യുതി ഉത്പാദനത്തില്‍ ഇന്നലെ വര്‍ദ്ധനവ് വരുത്തിയതായും അധികൃതര്‍ വ്യക്തമാക്കി. അടുത്ത വാരത്തോടെ ഉത്പാദനം വീണ്ടും ഉയര്‍ത്തും. നിലവില്‍ ചെറിയ സംഭരണികളില്‍ നിന്നുള്ള ജനറേഷന് പൂര്‍ണ്ണമായും നടക്കുന്നതും ഉപയോഗം കുറഞ്ഞ് നില്‍ക്കുന്നതുമാണ് ഇടുക്കിയിലെ ഉത്പാദനം ശരാശരി 3-5 മില്യണ്‍ യൂണിറ്റിലേക്ക് പരിമിത പെടുത്താന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: