ഒരു അഭിമുഖത്തിനിടയില്‍, പത്രപ്രതിനിധി അമ്മയോടു ചോദിച്ചു, ”അമ്മ ദിവസവും പതിനായിരങ്ങളെ നേരിട്ടു കാണുന്നു. രാവിലെ ദര്ശനവേദിയിലെത്തിയാല്, അവസാനത്തെ വ്യക്തിയേയും കാണും. അവര്‍ക്കു പറയാനുള്ളതു കേള്‍ക്കും. അതിനുശേഷമേ ഇരിപ്പിടത്തില്‍നിന്ന് എഴുന്നേല്ക്കൂ. ദര്‍ശനം കഴിയുമ്പോള്‍ രാത്രി വളരെ വൈകും. ചിലപ്പോള്‍ അര്‍ദ്ധരാത്രി കഴിയും. മഠം നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെയും മേല്‍നോട്ടം വഹിക്കുന്നതും അമ്മയാണു്. മുറിയിലെത്തിയാലും ഭക്തന്മാരുടെയും അന്തേവാസികളുടെയും കത്തുകള്‍ വായിക്കും. അവര്‍ക്കുവേണ്ട ഉപദേശങ്ങള്‍ നല്‍കും. ഊണും ഉറക്കവും നന്നേ കുറവു്…! ഇങ്ങനെ മറ്റുള്ളവര്‍ക്കുവേണ്ടി മാത്രം ജീവിക്കുമ്പോള്‍, അല്പ സമയം ഒറ്റയ്ക്കിരിക്കണമെന്നും അല്പം വിശ്രമിക്കണമെന്നും അമ്മയ്ക്കു തോന്നാറില്ലേ?”
സ്വതഃസിദ്ധമായ പുഞ്ചിരിയില്‍ പൊതിഞ്ഞ അമ്മയുടെ മറുപടി ഇങ്ങനെ, ”അമ്മയുടെ സമയം മക്കളുടെ സമയം എന്നു രണ്ടില്ലല്ലോ. എല്ലാം അമ്മയുടെ സമയമാണല്ലോ?”
ഒരു കുഞ്ഞിന്റെ കളിയും നിഷ്ക്കളങ്കതയും നിറഞ്ഞ വാക്കുകള്‍. എന്നാല്‍, ആ ‘കളിവാക്കില്‍’ വലിയൊരു ‘കാര്യം’ അമ്മ ഒളിപ്പിച്ചുവച്ചിരുന്നു. മനോബുദ്ധികള്ക്കു് അത്ര എളുപ്പം ഗ്രഹിക്കാനോ അപഗ്രഥിക്കാനോ സാധിക്കാത്ത ബോധമണ്ഡലത്തിന്റെ ഒരുത്തുംഗശൃംഗത്തിലേക്കാണ് അമ്മ വിരല്‍ ചൂണ്ടിയതു്. അതിന്റെ അര്‍ത്ഥതലത്തെ ചെറുതായൊന്നു സ്പര്‍ശിക്കാന്‍, അവിടേക്കൊന്നെത്തി നോക്കാന്‍, മനസ്സിന്റെ അപശ്രുതികളടങ്ങണം. സമുദ്രം അതിന്റെ ഉള്ത്തട്ടിലാണു പവിഴമുത്തുകള്‍ ഗുപ്തമായി സൂക്ഷിച്ചിരിക്കുന്നതു്. അവ കണ്ടെത്താന്‍, അലയിളകുന്ന ഉപരിതലം ഭേദിക്കണം. ആഴക്കടലിന്റെ അപാരതയിലേക്കു് ഊളിയിട്ടിറങ്ങണം. എന്നതുപോലെ, വാക്കുകളുടെ ബാഹ്യതലം കടന്നു മനസ്സിനെ ധ്യാനാത്മകമാക്കിയാലേ അമ്മയുടെ മൊഴിമുത്തുകളുടെ ആഴമറിയാന്‍ കഴിയൂ.
ആ ആപ്തവചനത്തിന്റെ സ്പന്ദനങ്ങള്‍ ഹൃദയത്തെ മന്ദമായൊന്നു തലോടിയതുകൊണ്ടാകാം, ഞാനും കൂടെയുണ്ടായിരുന്ന ബ്രഹ്മചാരിയും ആശ്ചര്യത്തോടെ പരസ്പരം നോക്കി. അമ്മയുടെ മൊഴികള്‍ ആത്മബോധത്തിന്റെ അജ്ഞേയമായ ഏതു കൊടുമുടിയെയാണ് സംസ്പര്‍ശം ചെയ്തതു്…!
മഹത്തും ബൃഹത്തുമാണ് കാലം. സമയമെന്നും, ടൈം എന്നും വിളിക്കുന്ന ആ പ്രഹേളികയെ നാം അറിയുന്നതു്, നാഴികമണിയുടെ ‘ടിക്, ടിക്’ ശബ്ദത്തിലൂടെയും രാപകലുകളെ വേര്‍തിരിക്കുന്ന വിവിധ ഘട്ടങ്ങളിലൂടെയുമാണ്. അതിന്റെ സാകല്യത്തെക്കുറിച്ചു നമ്മള് തികച്ചും അജ്ഞരാണു്.
ഋഗ്വേദത്തിലെ ഈ മന്ത്രം ശ്രദ്ധിക്കുക:
”നാസദാസീന്നോ സദാസീത്തദാനീം
നാസീദ്രജോ നോ വ്യോമാ പരോ യത്
കിമാവരീവഃ കുഹ കസ്യ ശര്മ്മന്നഭഃ
കിമാസീദ്ഗഹനം ഗംഭീരം.”
”അപ്പോള്‍, ജീവനുള്ളതും നിര്‍ജ്ജീവവുമായ ഒന്നുംതന്നെ നിലനിന്നിരുന്നില്ല. ശൂന്യതയോ ദീപ്തമായ ആകാശമോ ഉണ്ടായിരുന്നില്ല. എല്ലാം, എവിടെ, എന്തിനെ ആശ്രയിച്ചു നിന്നിരുന്നു? കരകാണാത്ത ജലപ്പരപ്പായിരുന്നോ ഉണ്ടായിരുന്നതു്?”
”ന മൃത്യൂരാസീദമൃതം ന തര്‍ഹി ന
രാത്ര്യാ അഹ്ന ആസീത് പ്രകേതഃ
ആനീദവാതം സ്വധയാ തദേകം
തസ്മാദ്ധാന്യന്ന പരഃ കിഞ്ചനാസ.”
”അപ്പോള്‍ മരണമോ അമരത്വമോ, പകലോ രാത്രിയോ ഇല്ലായിരുന്നു. ആധാരമായതു്, വായുവില്ലാതെ സ്വയം ശ്വസിച്ചു. അതു് അല്ലാതെ, മറ്റൊന്നും തന്നെ ഇല്ലായിരുന്നു.”
ഇതു് ആധുനികശാസ്ത്രം വിവരിക്കുന്ന ‘ബിഗ്ബാങിനു’ ‘ -വന്‍സ്ഫോടനത്തിനു’ -മുന്‍പുള്ള അവസ്ഥയായിരുന്നെന്നു വിശ്വസിച്ചാല്‍, അതിനുശേഷം എന്തു സംഭവിച്ചു? തൈത്തിരീയോപനിഷത്തിലെ മന്ത്രം അതിനുത്തരം തന്നേക്കാം.
”സോളകാമയത ബഹൂസ്യാം
പ്രജയേയേതി സ തപോള തപ്യത
സ തപസ്തപ്ത്വാ ഇദം
സര്വമസൃജത യദിദം കിഞ്ച
തത്സൃഷ്ട്വാ തദേവാനുപ്രാവിശതു്
തദനു പ്രവിശ്യ സച്ച ത്യച്ചാഭവതു്
നിരുക്തം ചാനിരുക്തം ച
നിലയനം ചാനിലയനം ച
വിജ്ഞാനം ചാവിജ്ഞാനം ച
സത്യം ചാനൃതം ച സത്യമഭവതു്
യദിദം കിഞ്ച തത്സത്യമിത്യാചക്ഷതേ
തദപ്യേഷ ശ്ലോകോ ഭവതി.”
”അതു്, ശുദ്ധബോധം, ‘ഞാന്‍ ജന്മം കൊള്ളട്ടെ, പലതായിത്തീരട്ടെ’ എന്നു കാമിച്ചു. അതു തപസ്സു് ചെയ്തു. ആ തപസ്സില്‍നിന്നും ഈ ജഗത്തു് എന്തെല്ലാമാണോ, അതെല്ലാം ഉണ്ടായി. അതിനുശേഷം അതില്‍ത്തന്നെ അനുപ്രവേശിച്ചു. വ്യക്തവും അവ്യക്തവുമായി. നിര്‍വ്വചനീയവും അനിര്‍വ്വചനീയവുമായി. ആലംബവും നിരാലംബവുമായി. ചേതനവും അചേതനവും ആയി, സത്യവും അസത്യവുമായി… പരമാര്‍ത്ഥസത്യം, ബ്രഹ്മം ഇതെല്ലാമായി ഭവിച്ചു…”
ബിഗ്ബാങിലൂടെ ദൃശ്യപ്രപഞ്ചത്തിന്റെ ഉത്പത്തിയെക്കുറിച്ചാണു് ഈ ശ്ലോകം വിവരിക്കുന്നതെന്നു വേണമെങ്കില്‍ വ്യാഖ്യാനിക്കാം. സൃഷ്ടിയുടെ ഈ ബിന്ദുവില്നിന്നാണു കാലം അല്ലെങ്കില്‍ സമയം ആരംഭിക്കുന്നത്. പ്രസിദ്ധ ജ്യോതിഃശാസ്ത്രജ്ഞനായ കാള്സഗന് തന്റെ ‘കോസ്മോസ്’ എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു, ”ഈ പ്രപഞ്ചം അത്യന്തം, അല്ല, അനന്തമായ ജനനമരണ ചക്രങ്ങളിലൂടെ കടന്നുപോകുന്നു എന്ന ആശയത്തിനു് ഊന്നല്‍ നല്കുന്ന ലോകത്തിലെ ഒരേയൊരു തത്ത്വശാസ്ത്രം മഹത്തായ ഹിന്ദുമതം മാത്രമാണു്. സമയത്തിന്റെ നൈരന്തര്യത്തിനു മാനദണ്ഡമായി വര്‍ത്തിക്കുന്ന സംഭവപരമ്പരകളെക്കുറിച്ചു് ആധുനികശാസ്ത്രം നല്കുന്ന പ്രപഞ്ചഘടനാവിവരണവുമായി സാദൃശ്യമുള്ള ഒരേയൊരു മതം ഹിന്ദുമതമാണു്. ബ്രഹ്മാവിന്റെ ഒരു പകലും രാത്രിയും മനുഷ്യന്റെ 8.64 ബില്ല്യണ്‍ വര്‍ഷങ്ങളാണെന്നു, കാലചക്രത്തെക്കുറിച്ചു് അതില്‍ പ്രതിപാദിക്കുന്നു. ഭൂമിയുടെയും സൂര്യന്റെയും ആയുസ്സിനെക്കാള്‍ കൂടുതലാണു് ആ കാലദൈര്‍ഘ്യം. ബിഗ്ബാങിനു ശേഷമുള്ള പകുതി സമയം.”
വാസ്തവത്തില്‍, സമയത്തെ(കാലത്തെ)കുറിച്ചു കൃത്യമായൊരു നിര്‍വ്വചനം നല്കാന് ആധുനിക ശാസ്ത്രത്തിനു് ഇതേവരെ കഴിഞ്ഞിട്ടില്ല. വിഷയത്തിന്റെ ഉപരിതലം സ്വല്പമെങ്കിലും ഭേദിച്ചു്, അന്തഃസ്ഥിതമായ യാഥാര്‍ത്ഥ്യത്തിന്റെ അചിരദര്ശനമെങ്കിലും ലഭിച്ചിട്ടുള്ള ശാസ്ത്രജ്ഞര്‍ അവരുടെ നിരീക്ഷണങ്ങള്‍ ആത്മാര്‍ത്ഥമായി രേഖപ്പെടുത്തിയിട്ടുണ്ടുതാനും.
തന്റെ ഉറ്റ സുഹൃത്തായിരുന്ന മിഷേല്‍ ബസ്സോ അന്തരിച്ചപ്പോള്‍, പ്രസിദ്ധ ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്സ്റ്റീന്, ബസ്സോയുടെ കുടുംബത്തിനൊരു അനുശോചനസന്ദേശം അയച്ചു. അതിങ്ങനെ ആയിരുന്നു: ”എന്നേക്കാളും അല്പം മുന്‍പേ അവന് വിചിത്രമായ ഈ ലോകത്തില്‍ നിന്നും പോയിരിക്കുന്നു. ഞങ്ങളെപ്പോലെ, വിശ്വാസികളായ ഭൗതികശാസ്ത്രജ്ഞരെ സംബന്ധിച്ചിട ത്തോളം, ഭൂതവും ഭാവിയും വര്‍ത്തമാനവും തമ്മിലുള്ള അന്തരം ഞങ്ങള്‍ ദുശ്ശാഠ്യത്തോടെ പിന്തുടരുന്ന ഒരു മിഥ്യാധാരണ മാത്രമാണു്.”
എന്നാല്‍, ഋഷിയുടെ ഉള്‍ക്കണ്ണില്‍ തെളിഞ്ഞ പ്രപഞ്ചരഹസ്യങ്ങള്‍ എന്താണു വെളിപ്പെടുത്തുന്നതു്? സമയത്തിന്റെ അതിസൂക്ഷ്മമായ ഘടനയെക്കുറിച്ചും ഘടകങ്ങളെക്കുറിച്ചും അതിഗഹനമായി ആ യോഗിവര്യര്‍ ചിന്തിച്ചിരുന്നു, ഒരു പക്ഷേ, ആധുനികശാസ്ത്രജ്ഞരെപ്പോലും അതിശയിപ്പിക്കുന്ന വിധത്തില്‍…!
കാളി, കാലം, കാലന്. ഇവ മൂന്നും സമയത്തിന്റെ, എല്ലാത്തിനെയും വിഴുങ്ങുകയും വീണ്ടും പ്രത്യക്ഷീഭവിപ്പിക്കുകയും ചെയ്യുന്ന മഹത്തായ കാലത്തിന്റെ പ്രതിരൂപങ്ങളാണു്.
ഭഗവദ്ഗീതയിലെ 11ാം അദ്ധ്യായമായ വിശ്വരൂപദര്‍ശനയോഗത്തിലെ, 32ാം ശ്ലോകം ശ്രദ്ധിക്കുക:
”കാലോസ്മി ലോകക്ഷയകൃത് പ്രവൃദ്ധോ
ലോകാന് സമാഹര്തുമിഹ പ്രവൃത്തഃ
ഋതേള പി ത്വാം ന ഭവിഷ്യന്തി സര്‍വേ
യേള വസ്ഥിതാഃ പ്രത്യനീകേഷു യോധാഃ”
”ഞാന്‍ ലോകത്തെ നശിപ്പിക്കുന്ന കാലം (കാലന്) ആകുന്നു. ഞാന്‍ ലോകസംഹാരകൃത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണു്. നീയില്ലെങ്കിലും (നീ യുദ്ധം ചെയ്തില്ലെങ്കിലും) ഇവിടെക്കൂടിയിരിക്കുന്ന ശത്രുപക്ഷത്തിലെ യോദ്ധാക്കളാരും ജീവിച്ചിരിക്കുകയില്ല.”
അതുപോലെ, നാലാം അദ്ധ്യായത്തിലെ അഞ്ചാമത്തെ ശ്ലോകം പരിശോധിക്കുക.
”ബഹൂനി മേ വ്യതീതാനി
ജന്മനി തവ ചാര്‍ജ്ജുന
താന്യഹം വേദ സര്‍വ്വാണി
ന ത്വം വേത്ഥ പരന്തപ.”
”അര്‍ജ്ജുനാ, നീയും ഞാനും നിരവധി ജന്മങ്ങളിലൂടെ കടന്നുപോയിട്ടുണ്ടു്. നീ അതൊന്നും ഓര്‍ക്കുന്നില്ല, എന്നാല്‍, ഞാന്‍ അതെല്ലാം അറിയുന്നു.”
‘ഞാന്‍ എല്ലാം അറിയുന്നു’ എന്ന ഭഗവാന്റെ മൊഴി ദേശകാലങ്ങളുടെ പരിധികളും പരിമിതികളും ലംഘിച്ച അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്..
മഹാഭാരതത്തിലെ കകുദ്മിയുടെ (രൈവതന്) കഥ വളരെ പ്രസിദ്ധമാണ്. ഏക മകളായ രേവതിക്കു ഭൂമിയില്‍ അനുരൂപനായൊരു വരനെ കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍, മകളെയും കൂട്ടി കകുദ്മി സൃഷ്ടികര്‍ത്താവിന്റെ ഉപദേശം തേടാനായി ബ്രഹ്മലോകത്തിലേക്കു യാത്രതിരിച്ചു. അവിടെയെത്തിയപ്പോള്‍, ബ്രഹ്മദേവന് ഒരു സംഗീതവിരുന്നില്‍ ലയിച്ചിരിക്കുകയായിരുന്നു. കകുദ്മി കാത്തുനിന്നു. സംഗീതപരിപാടി അവസാനിച്ചപ്പോള്‍ കകുദ്മി നാന്മുഖനെ കണ്ടു സങ്കടം ഉണര്‍ത്തിച്ചു. സംഗതി കേട്ടു സൃഷ്ടികര്‍ത്താവു പൊട്ടിച്ചിരിച്ചു. കാരണം, കകുദ്മി ബ്രഹ്മാവിനെ കാത്തുനിന്ന അല്പ സമയത്തിനുള്ളില്‍, ഭൂമിയിലെ 27 ചതുര്യുഗങ്ങള് കഴിഞ്ഞിരുന്നു…!
ശ്രീരാമന്റെ മുന്‍ഗാമിയായ മുചുകുന്ദ മഹാരാജാവു്, അസുരര്ക്കെതിരെയുള്ള യുദ്ധത്തില്‍ ദേവന്മാരെ സഹായിക്കാനായി ദേവലോകത്തിലേക്കു പോയി. ത്രേതായുഗത്തിലാണു പോയതു്. പക്ഷേ, ഏതാനും നാളുകള്‍ക്കു ശേഷം അദ്ദേഹം ഭൂമിയില്‍ തിരിച്ചെത്തിയപ്പോള്‍, ത്രേതായുഗം അവസാനിച്ചു ദ്വാപര യുഗം തുടങ്ങിയിരുന്നു…!
ഐന്‍സ്റ്റീന്റെ Wormhole Theory (ദേശകാലങ്ങളെ അതിജീവിച്ചു് അതിവേഗം സഞ്ചരിക്കാനുള്ള സവിശേഷശക്തി), ഇന്നും ഒരു പരികല്പനയാണെങ്കിലും, അതിന്റെ പ്രയോഗക്ഷമത ശാസ്ത്രലോകം പൂര്‍ണ്ണമായി തള്ളിക്കളഞ്ഞിട്ടില്ല. അതു സാദ്ധ്യമാണെന്നു ഹിന്ദു ശാസ്ത്രഗ്രന്ഥങ്ങളും ഋഷീശ്വരന്മാരുടെ ജീവിതവും ലോകത്തോടു പ്രഖ്യാപിക്കുന്നു.
പന്ത്രണ്ടോ അതില്‍ കൂടുതലോ മണിക്കൂറുകള്‍ നീളുന്ന അമ്മയുടെ ദര്‍ശനവേളകള്‍ ഒരു ദൈനംദിന സംഭവമാണ്. ആ സമയം അമ്മയുടെ സാന്നിദ്ധ്യത്തില്‍ ഇരിക്കുമ്പോള്‍, സമയത്തിന്റെ ഈ ദൈര്ഘ്യക്കുറവു് അറിയാന്‍ എളുപ്പമാണ്. ഒരു പകലും രാത്രിയും കടന്നുപോകുന്നതറിയില്ല. എല്ലാം കഴിയുമ്പോള്‍ ‘ഇത്രയെളുപ്പം രാത്രി ആയോ…? നേരം വെളുത്തോ…? സമയം എത്ര വേഗമാണ് പോയതു്’ എന്നു തോന്നും. അഗാധമായ ധ്യാനാവസ്ഥയില്‍ മനസ്സു് ലയിക്കുമ്പോഴും ഇതേ അനുഭവം തന്നെയാണുണ്ടാകുന്നതു്.
ഓര്‍മ്മയില്‍ മങ്ങാതെ കിടക്കുന്ന ഒരു സംഭവം പങ്കുവയ്ക്കട്ടെ. 1987ല്‍ നടന്നതാണ്. അമ്മയുടെ ആദ്യത്തെ ലോകപര്യടനം തുടങ്ങുന്നതിനു രണ്ടു മാസം മുന്‍പു് അമ്മയുടെ വരവിനു കളമൊരുക്കാന്‍ ആ വര്‍ഷം മാര്‍ച്ചു മാസത്തില്‍ ഞാന്‍ അമേരിക്കയില്‍ പോയി. കൂടെ സ്വാമി പരമാത്മാനന്ദയും ഉണ്ടായിരുന്നു. മറ്റൊരു ഭക്തയായ കുസുമവും (ഗ്രെച്ചന്‍ മക്ഗ്രെഗര്‍) നേരത്തേതന്നെ യാത്ര തിരിച്ചിരുന്നു.
1979ല്‍ അമ്മയെ കണ്ടതിനു ശേഷമുള്ള ആദ്യത്തെ നീണ്ട യാത്രയായിരുന്നു അതു്. രണ്ടുമാസം… അത്രയും നാള് അമ്മയില്‍നിന്നും അകന്നുനിന്നിട്ടില്ല. അതിന്റെ പൊള്ളുന്ന വേദന മനസ്സിലുണ്ട്. അമേരിക്കയില്‍ എത്തിയിട്ടു കഷ്ടിച്ചു രണ്ടാഴ്ച ആയിട്ടേയുള്ളൂ. എങ്കിലും കൃഷ്ണനെ പിരിഞ്ഞ ഗോപികമാരുടെ മനോവ്യഥ എന്തെന്നറിഞ്ഞ നാളുകളായിരുന്നു അതു്. ഹൃദയത്തിന്റെ താപവും വിങ്ങലും ശമിക്കുന്നുണ്ടായിരുന്നില്ല… ‘അമ്മയുടെ ശബ്ദം ഒന്നു കേള്‍ക്കണം’ തീവ്രമായൊരാഗ്രഹം മനസ്സിലുടലെടുത്തു.
അന്നു നാട്ടിലേക്കു വിളിക്കണമെങ്കില്‍ ട്രങ്ക്കാള്‍ ബുക്കു ചെയ്തു കാത്തിരിക്കണം. ആശ്രമത്തിലാണെങ്കില്‍ ഒരേയൊരു ലാന്‍ഡ് ലൈന്‍ മാത്രമാണുള്ളതു്. ഞങ്ങള്‍ കാലിഫോര്‍ണിയായിലുള്ള മൗണ്ട്ശാസ്താ എന്ന പ്രദേശത്തായിരുന്നു. രാത്രി യില്‍ ട്രങ്ക്കാള്‍ ബുക്കു ചെയ്തു; മണിക്കൂറുകള്‍ പ്രതീക്ഷയോടെ കാത്തിരുന്നു. പക്ഷേ, ഫലമുണ്ടായില്ല. എത്രയൊക്കെ വിവരിച്ചിട്ടും വള്ളിക്കാവും കൊല്ലവും (ക്വയിലോണ്‍) അവിടുത്തെ ടെലഫോണ്‍ ഡിപ്പാര്ട്ടുമെന്റുകാര്ക്കു മനസ്സിലാകുന്നില്ല. അവസാനം വേദനയും തേങ്ങലും ഉള്ളിലൊതുക്കി കിടക്കാന്‍ പോയി.
ഉറക്കമായിരുന്നോ, അതോ ഉണര്ന്നിരിക്കുകയായിരുന്നോ… അറിയില്ല. മുറിയില്‍ അഭൗമമായൊരു പ്രകാശവും സുഗന്ധവും വ്യാപിച്ചു. പകല്‍ കാണുന്നതും അനുഭവിക്കുന്നതുമായ സൂര്യപ്രകാശമല്ല, മനസ്സിനും ശരീരത്തിനും കുളിര്‍മ്മയും സാന്ത്വനവും സന്തോഷവും പകരുന്ന ഒരു പ്രഭ. ചുറ്റിനും നോക്കാന്‍ ശ്രമിച്ചപ്പോള്‍, കണ്ണല്ല കാണുന്നതു്… മനസ്സല്ല അറിയുന്നതു്, നാസികകള്‍ അല്ല ഘ്രാണനം ചെയ്യുന്നത്.. ഓരോ അണുവും കാണുന്നു അറിയുന്നു, അനുഭവിക്കുന്നു എന്നതുപോലൊരവസ്ഥ… എവിടെനിന്നാണെന്നറിയില്ല… അമ്മ പുഞ്ചിരിയോടെ മുന്പില് നില്ക്കുന്നു, ”മോനേ… എന്റെ മോന് വിഷമിക്കല്ലേ, അമ്മ കൂടെയുണ്ടു്… ”മൂന്നു തവണ ആവര്‍ത്തിച്ചു പറഞ്ഞു… പെട്ടെന്നെല്ലാം മറഞ്ഞു. സ്ഥലകാലബോധം വന്നപ്പോള്‍, ഫോണ്‍ബെല്ലടിച്ചു. ചാടിയെഴുന്നേറ്റു റിസീവര്‍ എടുത്തു, ”കണക്ടിങ്ങു് യുവര്‍ കാള്‍ റ്റു ഇന്ത്യ” ഓപ്പറേറ്ററുടെ ശബ്ദം. ഏതാനും നിമിഷങ്ങള്‍, ”മോനേ… എന്റെ മോന് വിഷമിക്കല്ലേ, അമ്മ കൂടെയുണ്ടു്… ”ഫോണിന്റെ അങ്ങേതലയ്ക്കല്‍നിന്നും ആര്‍ത്തിയോടെ കേള്‍ക്കാനിരുന്ന അമ്മയുടെ സ്വരം… മൂന്നു തവണ… മൂന്നേമൂന്നു തവണ. എനിക്കൊന്നും മിണ്ടാനായില്ല. മനസ്സടങ്ങി നിശ്ചലമായിപ്പോയി. പക്ഷേ, കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു ണ്ടായിരുന്നു… ഉള്ളുതുളുമ്പി ഒഴുകിയതാകാം…
ശ്രീ ലളിതാസഹസ്രനാമത്തിലെ, ”ഓം ദേശകാലാപരിച്ഛിന്നായൈ നമഃ” എന്ന നാമ ത്തിന്റെ പൊരുളറിയാനുള്ള എത്രയെത്ര അവസരങ്ങള്‍… അനുഭവങ്ങള്‍… ഇതാ വീണ്ടും ഹൃദയഗ്രന്ഥികള്‍ തകര്‍ത്തെറിയുന്ന അമ്മയുടെ ഓര്‍മ്മപ്പെടുത്തലിന്റെ സ്വരം… ”അമ്മയുടെ സമയം മക്കളുടെ സമയം എന്നു രണ്ടില്ലല്ലോ. എല്ലാം അമ്മയുടെ സമയമാണല്ലോ.”
സ്വാമി അമൃതസ്വരൂപാനന്ദ പുരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: