മഞ്ചേരി ഹൈസ്കൂളില്‍ ചരിത്രാധ്യാപകനായിരുന്ന അക്ബര്‍ അലി മാഷാണ് അച്ഛച്ഛനെക്കുറിച്ച് അറിയാനുള്ള എന്റെ താല്പര്യം ജ്വലിപ്പിച്ചത്. ഇതല്ല ശരിയായ ചരിത്രമെന്ന് ക്ലാസില്‍ ഞങ്ങളെ പഠിപ്പിക്കുമ്പോഴൊക്കെ അദ്ദേഹം പറയുമായിരുന്നു. തന്റെ മുത്തച്ഛന്റെ പേര് ഇവിടെ വേണമായിരുന്നു. ഇവിടെ പരാമര്‍ശിക്കപ്പെട്ട സംഭവങ്ങളിലെല്ലാം അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ടെങ്കിലും ആ പേര് കാണുന്നില്ല. എന്തുകൊണ്ടാണിങ്ങനെ? ഇങ്ങനെ സംഭവിക്കാന്‍ അനുവദിക്കരുത്. ഇത് തന്റെ മുത്തച്ഛനോട് നീതി ചെയ്യുന്നതല്ല. ഇതാണ് അക്ബര്‍ അലി മാഷ് പറഞ്ഞിരുന്നത്.
മാഷിനെ ഞങ്ങള്‍ വിദ്യാര്‍ത്ഥികളെല്ലാം സ്നേഹിച്ചിരുന്നു. പ്രദേശത്തെ ബോയ്സ് ഹൈസ്കൂളില്‍ നിന്ന് വിരമിച്ചാണ് അദ്ദേഹം ഞങ്ങളുടെ സ്കൂളില്‍ എത്തിയത്. അന്തസ്സാര്‍ന്ന രീതിയില്‍ ശുഭ്രവസ്ത്രം ധരിച്ച് എല്ലായിപ്പോഴും സുസ്മേരവദനനായി ക്ലാസിലെത്തിയിരുന്ന അദ്ദേഹം വിദ്യാര്‍ത്ഥികളില്‍ ചരിത്രത്തോടുള്ള താല്പര്യമുണര്ത്തി. 1982 ലെ ഒരു പ്രത്യേക സംഭവം ഞാന്‍ ഓര്‍ക്കുന്നു. എന്നെ കണ്ടപ്പോള്‍ ഓടി അടുത്തുവന്ന അദ്ദേഹം, എങ്ങനെയുണ്ടായിരുന്നു തലേന്ന് രാത്രിയിലെ പരിപാടിയെന്ന് അന്വേഷിച്ചു. ”എന്താണ് അവിടെ സംഭവിച്ചത്? എല്ലാം എന്നോട് പറയൂ. അതേക്കുറിച്ചറിയാന്‍ എനിക്ക് ആഗ്രഹമുണ്ട്.” എന്റെ അമ്പരപ്പ് കണ്ടിട്ടാവണം അദ്ദേഹം ചോദിച്ചു: ”എന്താ താന്‍ കോഴിക്കോട് പോയില്ലേ? മുത്തച്ഛനെ ആദരിക്കുന്ന പരിപാടിയില്‍ പങ്കെടുത്തില്ലേ?” ഞാന്‍ പറഞ്ഞു: ”എന്റെ അച്ഛന് ഇന്നലെ കോഴിക്കോട് പോയിട്ടുണ്ടായിരുന്നു. അത് പരിപാടിയില്‍ പങ്കെടുക്കാനായിരിക്കാം.”
”എനിക്കതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍! എന്തുകൊണ്ടാണ് താന്‍ ഇത്തരമൊരു അസുലഭാവസരം നഷ്ടപ്പെടുത്തിയത്?” എന്ന പ്രതികരണത്തില്‍ നിന്ന് എന്റെ മറുപടി അദ്ദേഹത്തിലുണ്ടാക്കിയ നിരാശ എനിക്ക് വായിച്ചെടുക്കാന്‍ കഴിഞ്ഞു. ഇതിനുശേഷമാണ് എന്റെ മുത്തച്ഛനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളുടെ ഗൗരവം ഞാന്‍ ഉള്‍ക്കൊണ്ടത്. അദ്ദേഹം മുത്തച്ഛന്റെ വലിയ ആരാധകനായിരുന്നു.
അച്ഛനോട് ഇതിനെക്കുറിച്ച് ചോദിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അത്താഴത്തിനിടെ അത് ചോദിച്ചു, ”അച്ഛാ ആരായിരുന്നു അച്ഛച്ഛന്?. അദ്ദേഹം മഹാനായിരുന്നുവെന്ന് അക്ബര്‍ അലി മാഷ് പറയുന്നു. അങ്ങനെയായിരുന്നോ? കോഴിക്കോട്ട് പരിപാടിയില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ അച്ഛനോടൊപ്പം വരാതിരുന്നതില്‍ മാഷ് അസ്വസ്ഥനായി. എന്തായിരുന്നു പരിപാടി?” അച്ഛച്ഛന്റെ ജന്മശതാബ്ദി ആഘോഷമായിരുന്നു അതെന്ന് അച്ഛന് പറഞ്ഞു. ഞാന്‍ കൂടുതല്‍ അറിയാന്‍ ആഗ്രഹിച്ചു. അപ്പോള്‍ അച്ഛന് കൂടുതല്‍ കഥകള്‍ പറയാന്‍ തുടങ്ങി. അദ്ദേഹം വളരെ നല്ല അച്ഛനായിരുന്നുവെന്ന് പറഞ്ഞാണ് അച്ഛന് തുടങ്ങിയത്. യുവാവായിരിക്കെ ഉച്ചയൂണിനും അത്താഴത്തിനും എല്ലാ കറികളും ചേര്‍ത്ത് ചോറുരുളയുണ്ടാക്കി അദ്ദേഹം കുട്ടികളെ ഊട്ടുമായിരുന്നു. അച്ഛച്ഛനില് നിന്നുള്ള ഈ വിഹിതം ലഭിക്കാതെ എന്റെ അച്ഛന് ഒരിക്കലും ഭക്ഷണം കഴിക്കുമായിരുന്നില്ല. പക്ഷേ, മൂന്നോ നാലോ വയസ്സ് പിന്നിട്ട ശേഷം അച്ഛന് വളരെ കുറച്ച് മാത്രമാണ് അച്ഛച്ഛനെ കാണാന്‍ കിട്ടിയിരുന്നുള്ളൂ. സ്വാതന്ത്ര്യസമരത്തിന്റേയും ഒരു മുന്‍നിര പത്രത്തിന്റേയും നേതാവായിരുന്നതിനാല്‍ അച്ഛച്ഛന് വലിയ തിരക്കായിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായി അദ്ദേഹം അഭിഭാഷകവൃത്തി നിര്‍ത്തി. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി(കെപിസിസി) രൂപീകരിച്ച് അതിന്റെ ആദ്യ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതോടെ ചാലപ്പുറത്തെ സ്വന്തം വീട് കോണ്‍ഗ്രസ് ഓഫീസായി മാറി. അതൊരു ഗസ്റ്റ് ഹൗസ് പോലെയായി. പ്രാദേശിക തലത്തിലും ദേശീയ തലത്തിമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വന്ന് താമസിച്ചു. ഈ അതിഥികളെ പരിചരിക്കുന്നതിനായി അച്ഛമ്മ അടുക്കളയില്‍ വലിയ തിരക്കിലുമായിരുന്നു. ഈ വീട്ടില്‍ ഏറെ തങ്ങിയിട്ടുള്ള കാര്യം കെ.പി. കേശവമേനോന് ‘കഴിഞ്ഞ കാലം’ എന്ന ആത്മകഥയില്‍ ഓര്‍മ്മിക്കുന്നുണ്ട്. തൊട്ടടുത്തുള്ള സ്കൂള്‍ സ്വാതന്ത്ര്യസമരത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് പരിശീലനം നല്കാന് ഉപയോഗിച്ചിരുന്നതായി എന്റെ അച്ഛന് പറഞ്ഞിട്ടുണ്ട്.
ജവഹര്‍ലാല്‍ നെഹ്റു 1928 ല്‍ കോഴിക്കോട് സന്ദര്‍ശിച്ചതും അച്ഛന് വിവരിക്കുകയുണ്ടായി. കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന അച്ഛച്ഛന് തന്റെ പുതിയ ഫോര്‍ഡ് കാറില്‍ കയറ്റിയാണ് അവിടെയൊരു പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ കൊണ്ടുപോയത്. വഴിനീളെ നെഹ്റുവിനെ കാണാന്‍ വലിയ ജനക്കൂട്ടമായിരുന്നു. ഇവര്‍ക്കിടയിലൂടെ കാറ് സാവധാനമാണ് പോയത്. ആവേശഭരിതനായ നെഹ്റു കാറില്‍ നിന്ന് പുറത്തുചാടുകയും, കാഴ്ചക്കാരില്‍ ഒരാളുടെ സൈക്കിള്‍ വാങ്ങി പതിനൊന്നുകാരനായ എന്റെ അച്ഛനേയും പിന്നിലിരുത്തി വേദിയിലേക്ക് വേഗത്തില്‍ ഓടിച്ചുപോയി.
ഈ കഥകളൊക്കെ വീട്ടില്‍ പറയുമായിരുന്നെങ്കിലും എന്തോ കാരണത്താല്‍ ചരിത്ര പുസ്തകങ്ങളില്‍ അച്ഛച്ഛന് ഇടം കിട്ടുകയോ, എന്റെ സുഹൃത്തുക്കളില്‍ ആരും തന്നെ അദ്ദേഹത്തെക്കുറിച്ച് അറിയുകയോ ചെയ്തില്ല.
കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം അസുഖബാധിതനാണെന്നറിഞ്ഞ് ഞങ്ങള്‍ ചില സുഹൃത്തുക്കള്‍ അക്ബര്‍ അലി മാഷിനെ അദ്ദേഹത്തിന്റെ വീട്ടില്‍ കാണാന്‍ പോയി. അച്ഛച്ഛന്റെ പേരക്കുട്ടിയാണ് ഞാനെന്ന് മാഷ് ഭാര്യയെ പരിചയപ്പെടുത്തി. ഒരു ദിവസം താന്‍ മുത്തച്ഛന്റെ പേര് പുറത്തുകൊണ്ടുവരുമെന്ന് എനിക്ക് ഉറപ്പു തരണമെന്ന് മാഷ് ആവശ്യപ്പെട്ടു. ഈ വാചകം എന്നില്‍ എപ്പോഴുമുണ്ട്.
വര്‍ഷങ്ങള്‍ പിന്നെയും കടന്നുപോയി. മറ്റ് മുന്‍ഗണനകള്‍ മേല്‍ക്കൈ നേടിയപ്പോഴും അച്ഛച്ഛനെക്കുറിച്ച് അറിയാനുള്ള ഔത്സുക്യം എന്റെ മനസ്സിന്റെ അടിത്തട്ടില്‍ നിലനിന്നു.
ഒരു ദിവസം എന്റെ ഒരു അടുത്ത സുഹൃത്ത്, മുഹമ്മദ് അബ്ദുള്‍ റഹ്മാന് സാഹിബിന്റെ പുസ്തകം വായിച്ചതിനെക്കുറിച്ച് ആശ്ചര്യത്തോടെ ഇങ്ങനെ പറഞ്ഞു: ‘തന്റെ അച്ഛച്ഛനും അബ്ദുള്‍ റഹ്മാന് സാഹിബും 1920 ലെ നാഗ്പൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്ത കാര്യം തനിക്ക് അറിയുമോ? മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നിവയെ ഒരുമിച്ച് കൊണ്ടുവന്ന് ഒരോറ്റ സംസ്ഥാനമാക്കണമെന്നും, അതിന് കേരളമെന്ന പേര് നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചത് തന്റെ മുത്തച്ഛനാണ്. മലബാര്‍ പ്രദേശ് കോണ്‍ഗ്രസ് എന്നതിന് പകരം കേരള പ്രദേശ് കോണ്‍ഗ്രസ് എന്നാവണമെന്നും നിര്‍ദ്ദേശിച്ചു. ഇതിനുശേഷം കെപിസിസിയുടെ ആദ്യ സെക്രട്ടറിയായി തന്റെ മുത്തച്ഛന് തെരഞ്ഞെടുക്കപ്പെട്ടു. കേരള സംസ്ഥാന രൂപീകരണത്തിന്റെ കാരണക്കാരന്‍ അദ്ദേഹമായിരുന്നു എന്നതാണ് ഇതിനര്‍ത്ഥം’. എന്റെ സുഹൃത്ത് തമാശയോടെ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു, ‘ അതായത് യഥാര്‍ത്ഥത്തില്‍ തന്റെ മുത്തച്ഛനാണ് കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി!’ ഈ വാക്കുകള്‍ എന്നില്‍ ശക്തമായ സ്വാധീനം ചെലുത്തി.
അച്ഛച്ഛന് ഗാന്ധിജിയും മറ്റുമായി നടത്തിയ കത്തിടപാടുകള്‍ അച്ഛമ്മയുടെ വീട്ടില്‍ നിന്ന് നഷ്ടപ്പെട്ടുവെന്ന സംസാരം എന്റെ കോളേജ് പഠനകാലത്ത് ഞാന്‍ കേട്ടിരുന്നു. രാഷ്ട്രപിതാവുമായുള്ള കത്തിടപാടുകള്‍? അത് ശരിയായിരിക്കുമോ?
എന്തായാലും അത് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. കുറച്ചുവര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ സഹോദരന് അച്ചുവേട്ടന് എനിക്കും എന്റെ കൂടപ്പിറപ്പുകള്‍ക്കും അച്ഛച്ഛനെക്കുറിച്ചുള്ള ഗാന്ധിജിയുടെ പ്രസംഗം അയച്ചു തന്നു. 1934 ല്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന, മുത്തച്ഛന്റെ ഛായാചിത്ര അനാച്ഛാദന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗാന്ധിജി.
”തൊട്ടുകൂടായ്മയ്ക്കെതിരായുള്ള പോരാട്ടത്തില്‍ ഏറെ മുന്‍പന്തിയിലായിരുന്നു മലബാര്‍. ഈ അനാചാരം ദൂരീകരിക്കുന്നതില്‍ മഹത്തായ ത്യാഗങ്ങള്‍ ആണ് മലബാറില്‍ ഉണ്ടായിട്ടുള്ളത്. കെ. മാധവന് നായരുടെ ഛായാചിത്രം അനാച്ഛാദനം ചെയ്യുന്നതിനേക്കാള്‍ ഉപരിയായി എന്താണ് ആ യോഗത്തിന്റെ പരിപാവനതയായി ഓര്‍മ്മിപ്പിക്കുന്നത്? ഭൗതികദേഹം ഉപേക്ഷിച്ച ഒരാളെ നാം അനുസ്മരിക്കുമ്പോഴും അവരുടെ ബൗദ്ധിക സംഭാവനകളിലൂടെയല്ല, മറിച്ച് സദ് വൃത്തികളിലൂടെയാണ് അവര്‍ നമ്മുടെയുള്ളില്‍ ജീവിക്കുന്നതെന്ന് നമുക്ക് കണ്ടെത്താന്‍ കഴിയും”
അനാച്ഛാദന ചടങ്ങുകള്‍ക്ക് ശേഷം ഗാന്ധിജി മാതൃഭൂമി ഓഫീസ് സന്ദര്‍ശിച്ചിരുന്നു. അവിടുത്തെ ജീവനക്കാരെ അദ്ദേഹം അഭിസംബോധന ചെയ്തു. ട്രസ്റ്റിന്റെ ആത്മാവായിരുന്ന മാധവന് നായരുടെ അവിരാമ പ്രയ്തനമാണ് മലബാറില്‍ മാതൃഭൂമി പത്രത്തിന് അനുപമമായ സ്ഥാനം നേടിക്കൊടുത്തത്. ജീവനക്കാര്‍ ഓരോരുത്തരും അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ പിന്തുടരണമെന്നും ഗാന്ധിജി അഭ്യര്‍ത്ഥിച്ചു. യാതൊരു വൈമനസ്യവും കൂടാതെ ഹരിജന പ്രക്ഷോഭത്തെ പൂര്‍ണ്ണ മനസ്സോടെ അനുകൂലിച്ച വ്യക്തിയാണ് മാധവന് നായരെന്നുമായിരുന്നു ഗാന്ധിജി അഭിപ്രായപ്പെട്ടത്.
ഇതെല്ലാം എന്നില്‍ ഞെട്ടലുളവാക്കി. ഗാന്ധിജിയെപ്പൊലൊരാള് ഒരു വ്യക്തിയെക്കുറിച്ച് ഇത്ര ശ്രേഷ്ഠമായി സംസാരിക്കണമെങ്കില്‍ ആ വ്യക്തി എത്ര മഹത്വം ഉള്ളയാളായിരിക്കണം!. ആ ചിന്ത അച്ഛച്ഛനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനുള്ള അഗ്നിയായി എന്റെ ഉള്ളില്‍ ജ്വലിച്ചു. ഞാന്‍ അദ്ദേഹത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. യുഎസില്‍ താമസിക്കുന്നതിനാല്‍, (ഗൂഗിളിന്റെ ആവിര്‍ഭാവത്തിന് മുന്‍പ്), ലൈബ്രറികളില്‍ നിന്നും കേരള ചരിത്രം സംബന്ധിക്കുന്ന വസ്തുതകള്‍ ഒന്നും ലഭ്യമല്ലാതിരുന്നത് എന്നെ നിരാശപ്പെടുത്തി. എനിക്ക് എന്ത് ചെയ്യാന്‍ സാധിക്കും എന്നതായിരുന്നു അനുദിനമുള്ള ചിന്ത. എവിടെ നിന്നാണ് എനിക്ക് വിവരങ്ങള്‍ ലഭിക്കുക?. വര്‍ഷങ്ങള്‍ കടന്നുപോയി. ഒരു ദിവസം ഞാന്‍ കരുതി, സബര്‍മതി ആശ്രമത്തിലേക്ക് ഒരു കത്തെഴുതാം. ജനങ്ങള്‍ ഗാന്ധിജിക്ക് അയച്ച കത്തുകള്‍ അവിടെ സംരക്ഷിച്ചിട്ടുണ്ടെങ്കിലോ? അച്ഛച്ഛനും ഗാന്ധിജിയും തമ്മിലുണ്ടായിരുന്ന കത്തിടപാടുകളില്‍ എനിക്ക് പ്രത്യേക താല്പര്യവുമുണ്ടായിരുന്നു. അവര്‍ പരസ്പരം എഴുതിയിരുന്ന നിരവധി കത്തുകള്‍ ആശ്രമത്തില്‍ നിന്നും അയച്ചുതന്നു. അതെല്ലാം വായിച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ സ്തബ്ധയായി. ആ കത്തുകളുടേയും അതില്‍ എഴുതിയിരിക്കുന്ന കാലഘട്ടത്തിന്റേയും അടിസ്ഥാനത്തില്‍ ഇന്റര്‍നെറ്റിന്റെ സഹായത്താല്‍ ഞാന്‍ ഗവേഷണം ആരംഭിച്ചു. ഏതാനും വെബ്സൈറ്റുകളില്‍ നിന്നും അച്ഛച്ഛനെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തി. ഇന്ത്യയില്‍ നിന്നും വന്നപ്പോള്‍ കൊണ്ടുവന്ന പ്രൊഫ. ജോണ്‍ ഓച്ചന്തുരത്തിന്റെ കെ. മാധവന് നായര്‍ ജന്മശതാബ്ദി സ്മരണിക, പ്രൊഫ. സി. കെ. മൂസദിന്റെ കെ. മാധവന് നായര്‍ ജീവചരിത്രം ഉള്‍പ്പടെയുള്ള പുസ്തകങ്ങള്‍ ഈ സംരംഭത്തിന് എന്നെ ഏറെ സഹായിച്ചു.
# കെപിസിസിയുടെ ജനനം
1915 മുതല്‍ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ സജീവമായിരുന്നു കെ.മാധവന് നായര്‍. 1919 ല്‍ ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുത്തു. ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടുക എന്നതായിരുന്നു ഏക അജണ്ട. 1920 ല്‍ അഞ്ചാം മലബാര്‍ ഡിസ്ട്രിക്ട് പൊളിറ്റിക്കല്‍ കോണ്‍ഫറന്‍സ് മഞ്ചേരിയില്‍ നടന്നു. ഹിന്ദു പത്രത്തിന്റെ എഡിറ്റര്‍ കസ്തുരി രംഗന് അയ്യര്‍ ആയിരുന്നു കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ്. ആനി ബസന്റും പങ്കെടുത്തിരുന്നു. മലപ്പുറത്ത് കോണ്‍ഗ്രസിന്റെ നേതാവ് മാധവന് നായരായിരുന്നു. സ്വാതന്ത്ര്യ നേട്ടത്തിന് എല്ലാ സമുദായങ്ങളും ഒന്നിച്ചുനില്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എല്ലാ വിഭാഗക്കാരേയും യോഗത്തില്‍ ഉള്‍പ്പെടുത്തി. കെ.പി. കേശവ മേനോനെ പോലുള്ള സുഹൃത്തുക്കളോടും അക്കാലത്ത് കേരളത്തിന് വെളിയിലായിരുന്നവരോടും തിരിച്ചെത്തി യോഗത്തില്‍ പങ്കുകൊണ്ട് പിന്തുണയ്ക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. മലബാറില്‍ പലയിടങ്ങളിലും പോയി അവര്‍ പ്രസംഗിച്ചു. ഈ യോഗങ്ങളെല്ലാം വന്‍ വിജയമായിരുന്നു. മലബാറില്‍, സ്വാതന്ത്ര്യ പോരാട്ടത്തിന് വേണ്ടിയുള്ള ശക്തമായ അടിത്തറ പടുത്തുയര്‍ത്താനും ഇത് സഹായിച്ചു.
കെ. മാധവന് നായരും അബ്ദുള്‍ റഹിമാന്‍ സാഹിബിനേപ്പൊലുള്ള മറ്റു നേതാക്കളും 1920 ഡിസംബറില്‍ നടന്ന ഓള് ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നാഗ്പൂര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ആ യോഗത്തില്‍ മലബാറിനെ പ്രതിനിധീകരിച്ചതും അദ്ദേഹമായിരുന്നു. കൊച്ചിയേയും മലബാറിനേയും തിരുവിതാംകൂറിനേയും സംയോജിപ്പിച്ച് ഒറ്റ സംസ്ഥാനം ആക്കണമെന്നും അത് കേരളമെന്ന് അറിയപ്പെടണമെന്നുമുള്ള പ്രമേയവും നാഗ്പൂര്‍ സമ്മേളനത്തില്‍ മാധവന് നായര്‍ അവതരിപ്പിച്ചു. ആ പ്രമേയം ഐക്യകണ്ഠേന എല്ലാവരും അംഗീകരിക്കുകയും ചെയ്തു. അങ്ങനെയാണ് കേരള പ്രദേശ് കോണ്‍ഗ്രസ് രൂപീകരിച്ചത്.
നാഗ്പൂര്‍ സമ്മേളനം കഴിഞ്ഞ് മടങ്ങിയെത്തിയ മാധവന് നായരും മറ്റ് നേതാക്കളും 1921 ജനുവരി 30ന് കോഴിക്കോട് വച്ച് യോഗം ചേര്‍ന്നു. കേരള പ്രദേശ് കോണ്‍ഗ്രസ് നിലവില്‍ വന്നതും അന്നാണ്. കോഴിക്കോടായിരുന്നു ആസ്ഥാനം. തലശ്ശേരി, കോഴിക്കോട്, പാലക്കാട്, കൊച്ചി, ട്രാവന്‍കൂര്‍ എന്നിവിടങ്ങളിലും 100 അംഗങ്ങളുമായി കെപിസിസി രൂപീകരിച്ചു. എല്ലാ താലൂക്കുകളിലും കോണ്‍ഗ്രസ് കമ്മിറ്റി നിലവില്‍ വരണമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഐക്യ കേരളം എന്ന ആശയവും മുന്നോട്ടുവച്ചു. അത് ജനങ്ങള്‍ക്കിടയില്‍ ഏറെ സ്വീകാര്യവുമായി. മാധവന് നായര്‍ അതിന്റെ ആദ്യ സെക്രട്ടറിയായി ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. യു. ഗോപാല മേനോനായിരുന്നു ജോയിന്റ് സെക്രട്ടറി. അന്ന് പ്രസിഡന്റ് പദവി നിലവില്‍ വന്നിരുന്നില്ല. 1925ല്‍ ആ സ്ഥാനം നിലവില്‍ വന്നപ്പോള്‍ മാധവന് നായരെ തന്നെ ആദ്യത്തെ പ്രസിഡന്റായും കെ. കേളപ്പനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
1921 ഫെബ്രുവരിയില്‍ കോഴിക്കോട്ട് നടന്ന നിസഹകരണ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കെ. മാധവന് നായര്‍ അറസ്റ്റിലായി. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തില്‍ നിന്ന് അറസ്റ്റ് വരിക്കുന്ന ആദ്യ നേതാക്കളില്‍ ഒരാള്‍. അദ്ദേഹം ജയിലിലായിരുന്ന സമയത്താണ് കെപിസിസിയുടെ ആദ്യ യോഗം ഒറ്റപ്പാലത്ത് നടക്കുന്നത്. അധ്യക്ഷനായിരുന്നിട്ടുകൂടി മാധവന് നായര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. ആറ് മാസത്തിന് ശേഷമാണ് ജയില്‍ മോചിതനാകുന്നത്.
ആറ് മാസത്തെ ജയില്‍ ശിക്ഷ കഴിഞ്ഞ് മാധവന് നായരും മറ്റ് കോണ്‍ഗ്രസ് നേതാക്കളുമായ യൂ ഗോപാല മേനോന്, യാക്കൂബ് ഹസ്സന്, മൊയ്ദീന് കോയ എന്നിവര്‍ 1921 ആഗസ്റ്റ് 17ന് കണ്ണൂര്‍ ജയിലില്‍നിന്നും പുറത്തു വന്നു. ആ സംഭവം ശ്രീ കേശവമേനോന് വിവരിക്കുന്നത് ഇപ്രകാരമാണ്:
”കോഴിക്കോട്ടെത്തുന്നതുവരെ വഴിയില്‍ എല്ലാ റെയില്‍വേ സ്റ്റേഷനിലും അവര്‍ക്ക് വമ്പിച്ച സ്വീകരണം ലഭിച്ചു. അവരെ സ്വീകരിക്കുന്നതിനായി കോഴിക്കോട്ട് വന്‍ തോതില്‍ ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു. കോണ്‍ഗ്രസ് വാളണ്ടിയര്‍മാരും ഖിലാഫത്ത് വാളണ്ടിയര്‍മാരും പൊതുജനങ്ങളും വണ്ടിയുടെ വരവും കാത്ത് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലും തിരക്കിക്കൂട്ടി. യാക്കൂബ് ഹസ്സന് സാഹിബ് നേരിട്ട് മദിരാശിക്ക് മടങ്ങിപ്പോയി. ബാക്കി മൂന്ന് പേരേയും ഒരു ഘോഷയാത്രയായി പട്ടണത്തില്‍ക്കൂടി കൊണ്ടുപോകുന്നതിന് ഒരുക്കങ്ങള്‍ ചെയ്തിരുന്നു. ഘോഷയാത്രയുടെ മുമ്പില്‍ ടി.വി. ചാത്തുക്കുട്ടി നായര്‍ ഉചിതമായ ഉടുപ്പ് ധരിച്ച് കുതിരപ്പുറത്ത് കയറി ആ യാത്ര നിയന്ത്രിച്ചിരുന്നു. വാദ്യഘോഷങ്ങളും, ജയ് വിളിയും, ആര്‍പ്പുവിളിയുമായി സാവധാനത്തില്‍ ക്രമപ്രകാരം പോയ ആ ഘോഷയാത്ര നല്ലൊരു കാഴ്ചയായിരുന്നു. വിതാനിച്ച പട്ടണത്തെരുവുകളില്‍ കൂടി പോകുമ്പോള്‍ പല സ്ഥലങ്ങളിലും ജനങ്ങള്‍ നേതാക്കന്മാരെ മാലയണിയിച്ചു. ഘോഷയാത്ര ചാലപ്പുറത്തു കോണ്‍ഗ്രസ് ആപ്പീസില് എത്തിച്ചേരുന്നതിന് മൂന്ന് മണിക്കൂര്‍ വേണ്ടിവന്നു. അന്ന് വൈകുന്നേരം കടപ്പുറത്ത് കൂടിയ പൊതുയോഗത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. ഹിന്ദു മുസ്ലിം മൈത്രി അതിന്റെ ഉച്ചത്തിലെത്തിയ അവസരമായിരുന്നു അത്. ഒരു മഹോത്സവം പോലെ ആ സുദിനത്തെ പട്ടണവാസികള്‍ ഉത്സാഹപൂര്‍വ്വം കൊണ്ടാടി.”
മാധവന്നായര്ക്ക് അന്ന് ലഭിച്ചത്പോലെ ഗംഭീരമായ ഒരു വരവേല്‍പ്പ് അക്കാലത്ത് മഹാത്മഗാന്ധിക്കൊഴികെ മറ്റാര്‍ക്കും ലഭിച്ചിട്ടുണ്ടാവില്ലെന്നാണ് ‘മാതൃഭൂമിയുടെ ചരിത്രത്തില്‍’ വി.ആര്. മേനോന് പറഞ്ഞിട്ടുള്ളത്.
# മാപ്പിള ലഹള
കെ. മാധവന് നായര്‍ ജയിലില്‍ കഴിയുമ്പോഴാണ് മാപ്പിള ലഹള ഏറനാട്ടില്‍ പൊട്ടിപ്പുറപ്പെട്ടത്. ആറ് മാസമായി കാണാതിരുന്ന ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം അദ്ദേഹത്തിന് സമയം ചെലവഴിക്കാന്‍ കഴിഞ്ഞില്ല എന്നതായിരുന്നു ജയിലില്‍ നിന്ന് വന്നതിന് ശേഷമുള്ള ഏറ്റവും സങ്കടകരമായ കാര്യം. എന്നിട്ടും സ്വന്തം ജീവിതം അപകടത്തിലാക്കി ഏറനാട് താലൂക്കിലെ വ്യത്യസ്ത സ്ഥലങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം അവിടുത്തെ മുസ്ലീം നേതാക്കളോട് ലഹള അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ചിലയിടങ്ങളില്‍ അത് വിജയിച്ചെങ്കിലും മറ്റ് സ്ഥലങ്ങളില്‍ ഹിന്ദുക്കള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ലഹളയുടെ ക്രൂരതയും വേദനയും അനുഭവിച്ച ഹിന്ദു കുടുംബങ്ങളെ നേരിട്ട് സന്ദര്‍ശിച്ച് സമാധാനിപ്പിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ സമയമായിരുന്നു അത്. ശാരീരികമായും മാനസികമായും ഇത് അദ്ദേഹത്തെ എത്രത്തോളം തളര്‍ത്തിയെന്നത് എനിക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്. ഇതേ സമയത്ത് തന്നെ കെ. മാധവന് നായരുടേയും മറ്റ് നേതാക്കളുടേയും സഹായമഭ്യര്‍ഥിച്ച് കൊണ്ട് മലബാര്‍ കലാപത്തിലെ അഭയാര്‍ഥികള്‍ കോഴിക്കോട്ടേക്ക് ഒഴുകി തുടങ്ങിയിരുന്നു. യാതൊരു മടിയുമില്ലാതെ അവര്‍ക്കും അദ്ദേഹം സഹായങ്ങള്‍ നല്കി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ദുരിതാശ്വാസ കമ്മിറ്റിയും രൂപീകരിച്ചു. കോണ്‍ഗ്രസിന്റെ ഓഫീസായിരുന്ന സ്വന്തം വീട് പിന്നീട് ദുരിതാശ്വാസ കമ്മിറ്റിയുടെ ഓഫീസായി. എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചിരുന്നത് അവിടെ നിന്നായിരുന്നു. ഗാന്ധിജി തന്നെ ജനങ്ങളോട് അപേക്ഷിച്ചതോടെ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും പണം ഒഴുകിയെത്തി തുടങ്ങി. വ്യത്യസ്ത ഭാഗങ്ങളിലായി 25000 പേര്‍ക്കുളള ക്യാമ്പ് തുടങ്ങുകയും അവര്‍ക്ക് ഭക്ഷണം, മരുന്ന്, തുണി തുടങ്ങിയ അവശ്യസാധനങ്ങള്‍ നല്‍കുകയും ചെയ്തു. ഈ സേവന സന്നദ്ധതയും ത്യാഗ മനോഭാവവും അദ്ദേഹത്തെ കുറിച്ച് എന്നില്‍ അഭിമാനമുണര്ത്തുന്നതാണ്.
25000ത്തില്‍പ്പരം ഉണ്ടായിരുന്ന അഭയാര്‍ഥികള്‍ക്ക് കോഴിക്കോട്ടെ ആഴ്ചവട്ടം, വാഴപ്പിള്ളി, ഫ്രാന്‍സിസ് റോഡ് എന്നീ സ്ഥലങ്ങളിലായിരുന്നു റിലീഫ് ക്യാമ്പുകള്‍ ഏര്‍പ്പെടുത്തിയിരുന്നത്. വീടും സര്‍വസ്വവും ഉപേക്ഷിച്ച് നാലും അഞ്ചും ദിവസം പട്ടിണികിടന്നു കാടും മലയും കടന്നോടിയെത്തിയിരുന്ന പാവങ്ങളെ സമാശ്വസിപ്പിക്കാന്‍ മാധവന്നായര്ക്കുണ്ടായിരുന്ന പാടവം അത്ഭുതാവഹമായിരുന്നു. അദ്ദേഹവുമായി അല്പനേരം ഇടപെടുമ്പോഴേക്കും, തങ്ങളുടെ യാതനകളൊക്കെ അവര്‍ മറക്കും. എന്താണതിന്റെ രഹസ്യമെന്ന് പലരും അത്ഭുത പെടാറുണ്ട്. പരുക്കന്‍മട്ടില്‍ ഗൗരവത്തിലുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം എങ്ങനെ ഈ പാവങ്ങളില്‍ ആത്മവിശ്വാസവും സമാധാനവും ഉണ്ടാക്കുന്നു? പിഞ്ചു പൈതങ്ങളെ മാറോടണച്ച്, വിങ്ങിവിങ്ങിക്കരയുന്ന എത്രയോ അമ്മമാര്‍, മാധവന്നായരുടെ സാന്ത്വനങ്ങള്ക്ക്ശേഷം, പൂര്‍ണ സംതൃപ്തിയോടെ, ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ പടിയിറങ്ങിപ്പോകുന്നത് കണ്ടിട്ടുണ്ട്. അഭയാര്‍ഥികളുടെ ഭയങ്കര അനുഭവങ്ങള്‍ കേട്ട് നടുങ്ങാത്തവര്‍ അന്നുണ്ടായിരുന്നില്ല.
രാവിലെ എട്ട് മണിക്ക് മുമ്പ് എല്ലാ ക്യാമ്പുകളില്‍ നിന്നും ആളുകള്‍ അരിക്ക് വേണ്ടി കോണ്ഗ്രസാഫീസിലെത്തും. ഓരോ കുടുംബത്തിനും പ്രത്യേക കാര്‍ഡുണ്ടായിരുന്നു. അംഗങ്ങളുടെ ആവശ്യങ്ങള്‍ അന്വേഷിക്കുവാനും വേണ്ടതു ചെയ്ത്കൊടുക്കുവാനുമായി ധാരാളം വോളണ്ടിയര്‍മാര്‍ അവിടെ തയ്യാറുണ്ടായിരുന്നു. ഏറനാട്ടിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷണസാധനങ്ങളും മറ്റും എത്തിക്കാന്‍ അവിടത്തെ ഖിലാഫത്ത് നേതാക്കന്മാരുടെ സഹകരണത്തോടെ മാധവന് നായര്‍ക്ക് കഴിഞ്ഞു. മുസ്ലീം കേന്ദ്രങ്ങളില്‍ എത്തിച്ചേരാനുള്ള വൈഷമ്യവും അപകടസാധ്യതയും കാരണമായിരിക്കാം, ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ കൂടുതലും ഹൈന്ദവരെ കേന്ദ്രീകരിച്ചാണെന്നും മുസ്ലീങ്ങളെ അവഗണിക്കുകയാണെന്നും ഉള്ള പരാതി ഉണ്ടായപ്പോള്‍, കോഴിക്കോട് വന്ന് മാധവന്‍നായരെ സന്ദര്‍ശിച്ച സി.കെ. കോമുക്കുട്ടി മൗലവിയുടേയും, അബ്ദുള്ളക്കുട്ടി മൗലവിയുടേയും സഹകരണത്തോടെ ഏതാണ്ട് അര ലക്ഷത്തോളം രൂപ മുസ്ലീം സഹോദരങ്ങള്‍ക്കിടയില്‍ മാത്രം ചിലവഴിക്കാന്‍ സന്നദ്ധനായത് മുസ്ലീങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ നീതിബോധത്തെപ്പറ്റിയുള്ള മതിപ്പ് വര്‍ധിപ്പിച്ചു. ഏതാണ്ട് ആറ് മാസക്കാലത്തോളം നീണ്ടുനിന്ന ഈദൃശദുരിതനിവാരണ പ്രവൃത്തികള്‍ വിരോധികളുടെപോലും പ്രശംസയ്ക്ക് പാത്രമായെന്ന് കെ.പി. കേശവമേനോന് ആത്മകഥയില്‍ അനുസ്മരിക്കുന്നുണ്ട്.
കേരളത്തിലെ ജാതിവ്യവസ്ഥയും തൊട്ടുകൂടായ്മയും ഇല്ലാതാക്കുന്നതിന് കോണ്‍ഗ്രസിന്റെ മറ്റ് നേതാക്കളുമായി ചേര്‍ന്ന് കെ. മാധവന് നായര്‍ അതികഠിനമായി പോരാടിയിരുന്നു. ഹിന്ദു വിഭാഗത്തിനിടയില്‍ നിലനില്‍ക്കുന്ന വിനാശകരമായ വ്യവസ്ഥയെ ഇല്ലാതാക്കാന്‍ കേരള തൊട്ടുകൂടായ്മ വിരുദ്ധ സമിതി രൂപീകരിച്ചു. കോഴിക്കോട് സാമൂതിരി കോളേജില്‍ താഴ്ന്ന ജാതിയിലുള്ളവരുടെ പ്രവേശനം, ഉയര്‍ന്ന ജാതിയിലുള്ളവരും താഴ്ന്ന ജാതിയിലുള്ളവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക, താഴ്ന്ന ജാതിയിലുള്ളവര്‍ക്ക് അമ്പലം പോലുള്ള പൊതു സ്ഥലങ്ങല്‍ പ്രവേശനം ഉറപ്പാക്കുക എന്നിവയ്ക്കായി അക്ഷീണം പ്രവര്‍ത്തിക്കുകയും വിവിധ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്തു. കോഴിക്കോട് തളി ക്ഷേത്രത്തിന് മുന്നിലെ പാതയില്‍ താഴ്ന്ന ജാതിയിലുള്ളവര്‍ക്ക് പ്രവേശനമില്ലായിരുന്നു. ഇതിനെതിരായി കെ. മാധവന് നായരും മറ്റ് നേതാക്കളും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും മദ്രാസ് ഹൈക്കോടതിയിലെ പേരുകേട്ട തിയ്യ വക്കീലുമായിരുന്ന സി. കൃഷ്ണനേയും താഴ്ന്ന ജാതിക്കാ രായ കുറച്ച് ആളുകളേയും കൂട്ടി ക്ഷേത്രത്തിന് മുന്നിലെ വഴിയിലൂടെ നടക്കുകയും പ്രവേശനം നിഷേധിച്ച് ഉത്തരവ് രേഖപ്പെടുത്തിയ ബോര്‍ഡ് ഇളക്കി മാറ്റുകയും ചെയ്തു. ഈ സംഭവം തളി ക്ഷേത്ര പാതയിലൂടെ നടക്കുന്നതിന് താഴ്ന്ന ജാതിക്കാര്‍ക്ക് പ്രചോദനമാകുകയും ചെയ്തു.
1924 മാര്‍ച്ച് 15ന് കേരള തൊട്ടുകൂടായ്മ വിരുദ്ധ സമിതിയുടെ ഡയറക്ടറായി കെ. മാധവന് നായരെ തിരഞ്ഞെടുത്തു. മാര്‍ച്ച് 30ന് വൈക്കം സത്യാഗ്രഹം തുടങ്ങി. താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനും ക്ഷേത്രപരിസരത്തും റോഡിലൂടെയും നടക്കുന്നതിനും വിലക്കുണ്ടായിരുന്നു. എല്ലാവര്ക്കും റോഡ് ഉപയോഗിക്കുന്നതിനും താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനവും ക്ഷേത്ര പരിസരത്തു കൂടി നടക്കുന്നതിനുള്ള അനുമതിയ്ക്കും വേണ്ടിയായിരുന്നു പോരാട്ടം. എന്നാല്‍ സമരത്തിനിറങ്ങിയവര്ക്കെല്ലാം നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. ഈ സമയത്ത് ഗാന്ധിജിയുടെ സഹായം അഭ്യര്‍ഥിക്കുന്നതിനായി കെ. മാധവന് നായര്‍ ഉള്‍പ്പെട്ട സംഘം ബോംബൈയിലെ ജുഹുവിലേക്ക് പുറപ്പെട്ടു. കെ. മാധവന് നായരും കൂറൂര്‍ നമ്പൂതിരിപ്പാടും ഒപ്പിട്ട് വൈക്കം സ്ട്രഗിള്‍ എന്ന പേരില്‍ 20 പേജുള്ള കത്ത് ഗാന്ധിജിക്ക് കൈമാറുകയും ചെയ്തു. ആ സന്ദര്‍ശനത്തിലൂടെ വൈക്കം സത്യഗ്രഹത്തിന് ഗാന്ധിജി പൂര്‍ണപിന്തുണ നല്‍കുകയും വൈക്കത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഉയര്‍ന്ന ജാതിക്കാരുടെ കാല്‍നട യാത്ര (സവര്‍ണ ജാഥ) നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. തിരുവിതാംകൂറിലെ രാജ്ഞിയെ സന്ദര്‍ശിച്ച് ക്ഷേത്ര വാതില്‍ പൊതുജനങ്ങള്‍ക്കായി തുറക്കണമെന്നാവശ്യപ്പെട്ട് നിവേദനവും നല്കി.
വൈക്കം സത്യഗ്രഹത്തിന്റെ വിജയത്തിന് ശേഷം അവരുടെ ശ്രദ്ധ ഗുരുവായൂരിലേക്കായി. താഴ്ന്ന ജാതിക്കാര്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കുന്നതിനായി വൈക്കം സത്യഗ്രഹത്തിന്റെ മാതൃകയില്‍ അവിടേയും സത്യഗ്രഹം തുടങ്ങി. കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായ കെ. കേളപ്പന് 12 ദിവസത്തെ നിരാഹാര സമരം നടത്തി. എന്നാല്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥരായ സാമൂതിരിമാര്‍ സമരക്കാരുടെ ആവശ്യങ്ങള്‍ ഒന്നും അംഗീകരിച്ചില്ല. ഇതിനെ തുടര്‍ന്ന് ഗാന്ധിജി ഇടപെടുകയും ഒരു അഭിപ്രായ സമിതി രൂപീകരിക്കുകയും ചെയ്തു. രാജഗോപാലാചാരി, കസ്തൂര്‍ബ ഗാന്ധി, ഊര്‍മിള ദേവി എന്നിവരായിരുന്നു സമിതി അംഗങ്ങള്‍. എന്നാല്‍ എനിക്ക് അഭിമാനം തോന്നിയത്, സമിതിയുടെ ഡയറക്ടറായി നിയമിച്ചത് കെ. മാധവന് നായരെയായിരുന്നു എന്ന് വായിച്ചപ്പോഴാണ്. ഉപ്പ് സത്യഗ്രഹത്തെ തുടര്‍ന്നുണ്ടായ അറസ്റ്റിനും ജയില്‍ വാസത്തിനും ശേഷം രോഗബാധിതനായ അദ്ദേഹം സമിതിയുടെ ജോലികള്‍ ഒരു വൈമനസ്യവും കൂടാതെ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ചോര്‍ത്ത് ആശങ്കപ്പെട്ടിരുന്ന എന്റെ മുത്തശിയ്ക്ക് തീര്‍ത്തും വേദനാജനകമായിരുന്നു ആ തീരുമാനം.
ഗുരുവായൂരിലെ ഹിതപരിശോധനയ്ക്ക് ശേഷം അവര്‍ ഗാന്ധിജിയെ നേരില്‍ കാണാനായി പൂനെയ്ക്ക് പോയി. ഗുരുവായൂര്‍ സത്യഗ്രഹ്രവുമായി ബന്ധപ്പെട്ട് ഗാന്ധിജിയും അദ്ദേഹവും തമ്മില്‍ നിരവധി തവണ കത്തിടപാടുകള്‍ നടത്തിയിരുന്നു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ കെ. മാധവന് നായരുടെ നേതൃത്വത്തില്‍ ഗുരുവായൂരില്‍ നടന്ന ഹിത പരിശോധനയെപ്പറ്റിയും അതിന്റെ വിജയത്തെപ്പറ്റിയും ഗാന്ധിജി മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചു.
നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ തൊട്ടുകൂടായ്മ പ്രക്ഷോഭങ്ങളുടെയും വൈക്കം-ഗുരുവായൂര്‍ സത്യഗ്രഹങ്ങളുടെയും ചരിത്രത്തിന്റെ ഏടുകളില്‍ നിന്ന് കെ. മാധവന് നായര്‍ എന്ന പേര് അപ്രത്യക്ഷമായി. ഇത് എന്നെ വല്ലാതെ നിരാശയാക്കി.
കുടിയാന്മാര്ക്കനുകൂലമായ ജന്മി-കുടിയാന് നിയമം
1926 നവംബര്‍ 6ന് കെ. മാധവന് നായര്‍ മദ്രാസ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സര്‍ക്കാര്‍ അദ്ദേഹത്തിന് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു. എന്നാല്‍, സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങള്‍ ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുന്ന ആ സമയത്ത് കെപിസിസി പ്രസിഡന്റിന്റെ ചുമതലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താന്‍ ആഗ്രഹിക്കുതെന്ന് പറഞ്ഞ് അദ്ദേഹം അത് നിരസിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന സ്ഥാനത്തു ഇരുന്നുകൊണ്ട് മദ്രാസ് സര്‍ക്കാരിന്റെ മന്ത്രി പദവിയുടെ ചുമതലയോടു പൂര്‍ണ നീതി നടപ്പാക്കാന്‍ കഴിയില്ല എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നിരുന്നാലും സഭയിലെ മലബാറിന്റെ പ്രതിനിധി എന്ന നിലയില്‍ ജന്മി കുടിയാന് നിയമത്തില്‍ മാറ്റം വരുത്തുന്നതിനായി അദ്ദേഹം വാദിച്ചു.
1927 ജനുവരി 29 മുതല്‍ മദ്രാസ് ഗവര്‍ണറുടെ അധ്യക്ഷതയില്‍ ജന്മി-കുടിയാന് നിയമവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാരംഭിച്ചു. നാല് ദിവസമായിരുന്നു ചര്‍ച്ച. പ്രതികൂലമായിരുന്നു ചര്‍ച്ചയുടെ ഫലം. എന്നാല്‍, കുടിയാന്മാര്‍ക്കനുകൂലമായി നിയമം മാറ്റണമെന്നതില്‍ തന്നെ അദ്ദേഹം ഉറച്ചു നിന്നു. അല്ലാത്ത പക്ഷം മദ്രാസ് നിയമസഭയില്‍ നിന്ന് രാജിവയ്ക്കുമെന്ന് അന്നത്തെ എഐസിസി പ്രസിഡന്റ് ജവഹര്‍ലാല്‍ നെഹ്റുവിന് അദ്ദേഹം കത്തയച്ചു. അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമത്തിനൊടുവില്‍ 1929 ഒക്ടോബര്‍ 25ന് കുടിയാന്മാര്‍ക്കനുകൂലമായി ബില്‍ പാസായി. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതിന് നിരവധി പേര് പ്രശംസയുമായെത്തി. പക്ഷേ, കേരളത്തിന്റെ ചരിത്രത്തില്‍ ഇതൊന്നും ഇടം നേടിയിട്ടില്ല.
മാതൃഭൂമിയുടെ ജനയിതാവ്
മാതൃഭൂമി ദിനപ്പത്രത്തിന്റെ ചോരയും നീരും ആത്മാവുമായിരുന്നു കെ. മാധവന് നായര്‍. മൊയ്ദു മൗലവി, വി.ആര്. മേനോന് തുടങ്ങി നിരവധി നേതാക്കള്‍ പല തവണ ഇത് പ്രസ്താവിച്ചിട്ടുമുണ്ട്. സ്വതന്ത്ര ഭാരതം എന്ന ആശയവും, ഗാന്ധിജിയുടെയും മറ്റു നേതാക്കളുടെയും ആഹ്വാനങ്ങളും ജനങ്ങളില്‍ എത്തിക്കുവാന്‍ ഉപകരിക്കുമെന്ന ഉദ്ദേശമായിരുന്നു മാതൃഭൂമി തുടങ്ങാന്‍ പ്രേരിപ്പിച്ചത്. കെ. മാധവന് നായര്‍ ആയിരുന്നു മാതൃഭൂമിയുടെ ആദ്യത്തെ മാനേജിങ് ഡയറക്ടര്‍. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പത്രത്തിന്റെ രജിസ്ട്രേഷന് നടന്നത്.
മാതൃഭൂമി ദിനപ്പത്രത്തിന്റെ ചരിത്രത്തില്‍ അധികമാര്‍ക്കുമറിയാത്ത ഒരു ഭാഗമുണ്ട്. പത്രത്തിന്റെ നടത്തിപ്പിനായി കെട്ടിടവും പ്രസ് മെഷീനുകളും വാങ്ങാനായി 1923ല്‍ 20,000 രൂപ ആവശ്യമായിരുന്നു. 12,000 രൂപ സമാഹരിച്ചു. ബാക്കിയുള്ളത് അദ്ദേഹത്തിന്റെ കൈയില്‍ നിന്നാണ് എടുത്തത്. കടബാധ്യതകളില്ലാതെ എന്ത് വിലകൊടുത്തും ഒരു പത്രം തുടങ്ങുക എന്നത് അദ്ദേഹത്തിന്റെ ആവശ്യമായിരുന്നു. എന്നാല്‍, ആദ്യത്തെ അഞ്ച് വര്‍ഷത്തിനുള്ളില്‍ പത്രത്തിന് 13,000 രൂപയുടെ കടമുണ്ടായി. നടത്തിപ്പും അത്ര സുഗമമായിരുന്നില്ല. പത്രവും കെട്ടിടവും വില്‍ക്കേണ്ട ഘട്ടത്തില്‍ വരെയെത്തി.
എന്നാല്‍, പത്രത്തിനു വേണ്ടി ഭാര്യയുടെ ആഭരണങ്ങളും സ്വന്തം വീടും വസ്തുവകകളും ഉള്‍പ്പെടെ എല്ലാം എടുത്ത് അദ്ദേഹം ജാമ്യം നിന്നു. ശേഷം, ഇതിന്റെ പലിശ എല്ലാമാസവും കിട്ടേണ്ടതുണ്ടെന്നും അല്ലാത്ത പക്ഷം കുട്ടികളുടെ സ്കൂള്‍ ഫീസ് നല്കാന് കഴിയില്ലെന്നും മാനേജര്‍ കൃഷ്ണന് നായര്‍ക്ക് ഒരു ചെക്ക് കൊടുത്തുകൊണ്ട് അദ്ദേഹം പറയുകയുണ്ടായി. ഇത് പറയുമ്പോള്‍ കൂടെ കല്യാണി കുട്ടി അമ്മയും (അച്ഛമ്മ), കുട്ടികളായിരുന്ന അച്ഛനും അച്ഛന്റെ ഏട്ടനും ഉണ്ടായിരുന്നു എന്നും, അച്ഛമ്മ കണ്ണീര് തുടക്കുന്നതു കണ്ടു എന്നും മാതൃഭൂമിയുടെ ചരിത്രം ഒന്നാം വോള്യത്തില്‍ വി.ആര്. മേനോന് എഴുതിയിട്ടുണ്ട്. ഇത്രയേറെ കഷ്ടതകള്‍ അനുഭവിച്ച് ഒരു പത്രത്തെ പടുത്തുയര്‍ത്തിയിട്ടും അതിന്റെ വെബ്സൈറ്റിലോ വിക്കിപ്പീഡിയ പേജിലോ ഇതോന്നും പരാമര്‍ശിക്കാത്തത് വേദനാജനകമാണ്. മരണം വരെയും മാതൃഭൂമിയുടെ വളര്‍ച്ചയ്ക്കായി പ്രയത്നിച്ചയാളാണ് അദ്ദേഹം.
ഉപ്പുസത്യഗ്രഹം
കേരളത്തില്‍ കെ. കേളപ്പന്റെ നേതൃത്വത്തിലായിരുന്നു ഉപ്പുസത്യഗ്രഹമെങ്കിലും അതിനുവേണ്ട എല്ലാ സഹായങ്ങളും ചെയ്തു നല്‍കിയത് കെ. മാധവന് നായരായിരുന്നുവെന്ന് സ്വാതന്ത്ര്യസമര സേനാനി മൊയ്ദു മൗലവി പറഞ്ഞിട്ടുണ്ട്. സത്യഗ്രഹത്തിന് സാമ്പത്തിക സഹായവും മാധവന് നായര്‍ ചെയ്തിരുന്നു. മാധവന് നായരുടെ പ്രസംഗമാണ് യുവാക്കള്‍ക്ക് മാര്‍ച്ച് ചെയ്യാനുള്ള പ്രചോദനവും ഊര്‍ജവും അത്യുത്സാഹവും നല്‍കിയതെന്ന് കെ. കേളപ്പന് പിന്നീട് എഴുതിയിരുന്നു.
അവശതയൊന്നും അദ്ദേഹം ഒരിക്കലും കാര്യമാക്കിയിരുന്നില്ല. പയ്യന്നൂരിലേക്ക് കടുത്ത പനിയുമായാണ് അദ്ദേഹം കാല്‍നടയായി പോയത്. മെയ് 12ന് കെ. കേളപ്പനെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചപ്പോള്‍ മെയ് 17ന് പയ്യന്നൂരിലെ കെപിസിസിയുടെ ഉപ്പുസത്യഗ്രഹ സമ്മേളനത്തിന് നേതൃത്വം നല്‍കിയത് കെ. മാധവന് നായര്‍ ആയിരുന്നു.
ഈ കാലയളവില്‍ സത്യഗ്രഹവുമായി ബന്ധപ്പെട്ട ഉപ്പ് നിരോധനം, വിദേശ വസ്ത്രങ്ങളുടെ കത്തിക്കല്‍, വിദേശ വസ്തുക്കള്‍ വില്‍ക്കുന്ന കടകളിലേക്കുള്ള പിക്കറ്റിങ്, സ്വദേശി ഉത്പന്നങ്ങള്‍ മാത്രമേ ഉപയോഗിക്കുവെന്നതിനുള്ള ഒപ്പു ശേഖരണം, ഖാദി വസ്ത്രങ്ങളുടെ പ്രചരണം, മദ്യ നിരോധനം തുടങ്ങി നിരവധി പ്രതിഷേധങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്കി. ഇതില്‍ പങ്കാളികളാകാന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അദ്ദേഹം പ്രചോദനം നല്കി. ഇത് കണക്കിലെടുത്ത് ജൂലൈ ഒന്‍പതിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കേരളത്തിലെ പാഠ്യപദ്ധതിയില്‍പോലും ഉപ്പുസത്യഗ്രഹത്തിലെ കെ. മാധവന് നായരുടെ പങ്ക് ഉള്‍പ്പെടുത്തിയിട്ടില്ല.
മഹാനായ ഒരു എഴുത്തുകാരന് കൂടിയാണ് കെ. മാധവന് നായര്‍. ധാരാളം മാസികകള്‍ക്ക് വേണ്ടി അദ്ദേഹം കവിതകളെഴുതി. മാതൃഭൂമിയില്‍ സ്ഥിരമായി ലേഖനങ്ങളെഴുതിയിരുന്നു. കൂടാതെ 1921ലെ മാപ്പിള ലഹളയിലെ ദൃക്സാക്ഷിയില് നിന്ന് വിവരങ്ങള്‍ ശേഖരിച്ച് ‘മലബാര്‍ കലാപം’ എന്ന ഒരു പുസ്തകവും അദ്ദേഹം എഴുതിയിരുന്നു.
അര്‍ബുദത്തെ തുടര്‍ന്ന് 51-മത്തെ വയസ്സില്‍ 1933 സെപ്തംബര്‍ 28ന് സ്വന്തന്ത്ര ഭാരതം, ഐക്യ കേരള രൂപീകരണം എന്നീ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കപെടുന്നത് കാണാനിടയാകാതെ അദ്ദേഹം അന്തരിച്ചു.
എന്റെ മുത്തച്ഛന കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയതോടെ സങ്കടമാണ് തോന്നിയത്. അദ്ദേഹത്തെ കുറിച്ച് വായിക്കുമ്പോള്‍ ചിലപ്പോഴൊക്കെ കണ്ണുനീര് വരുമായിരുന്നു.
ചെറുപ്രായത്തില്‍ തന്നെ തന്റെ ജീവനും ജീവിതവും രാഷ്ട്ര സേവനത്തിന് വേണ്ടി സമര്‍പ്പിച്ച ഒരാളെ എങ്ങനെയാണ് ചരിത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കുക? എന്റെ മുത്തച്ഛനെക്കുറിച്ച് ഞാന്‍ കൂടുതല്‍ അറിയണമെന്നും അത് മറ്റുള്ളവരെ അറിയിക്കണമെന്നും അലി അക്ബര്‍ മാഷ് നിര്‍ബന്ധം പിടിച്ചത് എന്തുകൊണ്ടാണെന്ന് ഇപ്പോഴെനിക്കറിയാം.
(കെ. മാധവന് നായരുടെ മകന്റെ മകളായ ലേഖിക മൂന്ന് പതിറ്റാണ്ടായി അമേരിക്കയിലാണ് താമസിക്കുന്നത്.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: