തൃശൂര്‍: ലൈഫ്മിഷന് കേസില്‍ സിബിഐ അന്വേഷണം തുടങ്ങിയതോടെ സംസ്ഥാന സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തില്‍. മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അന്വേഷണം നേരിടുന്ന ഈ സാഹചര്യം അസാധാരണമെന്ന് നിയമ വിദഗ്ധരും അഭിപ്രായപ്പെടുന്നു. ഇന്നലെ പ്രത്യേക കോടതിയില്‍ സിബിഐ ഫയല്‍ ചെയ്ത കേസില്‍ ചുമത്തിയിട്ടുള്ളത് അതീവ ഗുരുതരമായ കുറ്റങ്ങള്‍. നിലവില്‍ മന്ത്രിമാരെ ആരെയും സിബിഐ പ്രതിയാക്കിയിട്ടില്ലെങ്കിലും സ്വാഭാവികമായും അന്വേഷണം നടക്കുന്നത് മുഖ്യമന്ത്രിയും രണ്ട് മുതിര്‍ന്ന മന്ത്രിമാരും ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ഏജന്‍സികളും കക്ഷികളായിട്ടുള്ള ഇടപാടിലാണെന്നത് കാര്യങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു.
അന്വേഷണം പുരോഗമിക്കുന്നതോടെ ഇവരിലാരും പ്രതിചേര്‍ക്കപ്പെടാം എന്നതാണ് നിലവിലുള്ള സാഹചര്യം. വിദേശത്ത് നിന്ന് അനധികൃതമായി വന്‍തുക കൈപ്പറ്റിയതിനാണ് കേസെടുത്തിട്ടുള്ളത്. റെഡ്ക്രസന്റിന്റെ ഫണ്ട് സ്വീകരിച്ചത് നിയമവിരുദ്ധമെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനാലാണ് സിബിഐ കേസ് ഏറ്റെടുത്തിട്ടുള്ളത്. ഈ ഫണ്ട് കൈമാറ്റത്തിനുള്ള കരാര്‍ ഒപ്പിട്ടിരിക്കുന്നതാകട്ടെ മുഖ്യമന്ത്രി പിണറായി വിജയനും.വിദേശഫണ്ട് സ്വീകരിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ എന്തുകൊണ്ട് പാലിച്ചില്ല എന്ന ചോദ്യത്തിന് മുഖ്യമന്ത്രി തന്നെ ഉത്തരം പറയേണ്ടി വരും. നികുതിവെട്ടിപ്പ്, കള്ളപ്പണ കടത്ത്, തുടങ്ങിയ ഗുരുതര വകുപ്പുകളാണ് കേസിലുള്ളത്.
തദ്ദേശസ്വയംഭരണ വകുപ്പാണ് ഫണ്ട് കൈകാര്യം ചെയ്തിട്ടുളളത്. നിര്‍മ്മാണക്കരാറും കോടികളുടെ കമ്മീഷന് ഇടപാടും നടന്നിട്ടുള്ളത് തദ്ദേശവകുപ്പിന് കീഴിലെ ലൈഫ് മിഷനുമായി ബന്ധപ്പെട്ടാണ്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്,വകുപ്പ് സെക്രട്ടറി ടി.കെ.ജോസ്,ലൈഫ് മിഷന് സിഇഒ യു.വി.ജോസ് എന്നിവരൊക്കെ അറിഞ്ഞും മുന്കൈയെടുത്തുമാണ് ഇടപാട് നടന്നിട്ടുള്ളത്. കമ്മീഷന്റെ കാര്യം അറിയില്ലെന്ന് പറഞ്ഞൊഴിയാമെങ്കിലും വിദേശഫണ്ട് സ്വീകരിക്കുമ്പോള്‍ പാലിക്കേണ്ടിയിരുന്ന മാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കാത്തതിന് ഇവരും പ്രതിക്കൂട്ടിലാകും. വിദേശ ഫണ്ട് സ്വീകരിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കണമെന്ന് നിയമവകുപ്പ് രേഖാമൂലം അറിയിച്ചിട്ടും അത് മറികടന്നത് ആരുടെ നിര്‍ദ്ദേശപ്രകാരമെന്ന ചോദ്യത്തിനും സര്‍ക്കാര്‍ ഉത്തരം പറയണം.
കേസില്‍ ആരോപണവിധേയനായിട്ടുള്ള മറ്റൊരു മന്ത്രി ഇ.പി.ജയരാജനാണ്. സ്വകാര്യ സന്ദര്‍ശനം എന്ന പേരില്‍ മന്ത്രി നടത്തിയ വിദേശയാത്രകള്‍ അന്വേഷണഘട്ടത്തിലാണ്. വിവാദമായ ഫഌറ്റുകള്‍ നിര്‍മ്മിക്കാന്‍ തിടുക്കത്തില്‍ സ്ഥലംകണ്ടെത്തിയതിന് പിന്നിലും ഒരു ദിവസം കൊണ്ട് നിര്‍മ്മാണക്കമ്പനിയായ യൂണിടാക്കിന് കരാര്‍ ഉറപ്പിച്ചു നല്‍കിയതിലും മന്ത്രി ജയരാജന് ഇടപെട്ടതായാണ് ആരോപണം. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറും കരാര്‍ ഉറപ്പിക്കുന്നതില്‍ തിടുക്കം കാട്ടിയെന്ന് ആരോപണമുയര്‍ന്നിരുന്നു. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്ന സുരേഷിന്റെയും പേരിലുള്ള ലോക്കറില്‍ കണ്ടെത്തിയ ഒരുകോടി രൂപ ലൈഫ് മിഷന് ഇടപാടില്‍ കമ്മീഷനായി കിട്ടിയതാണെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കിയിട്ടുമുണ്ട്. ഇതിനു പുറമേയാണ് മന്ത്രി ജയരാജന്റെ മകന് ജയ്സണും സ്വപ്നയും ഒരുമിച്ചുള്ള ചിത്രങ്ങളും ആരോപണങ്ങളും പുറത്തുവന്നതും.
റെഡ്ക്രസന്റ് ഇടപാടിന് പുറമേ ഗള്‍ഫില്‍ നിന്ന് കേരളത്തിലെ പ്രളയ പുനരധിവാസത്തിന്റെ പേരില്‍ വന്‍തോതില്‍ പണപ്പിരിവ് നടന്നിട്ടുണ്ടെന്നും മന്ത്രിസഭാംഗമായ പ്രമുഖനാണ് ഗള്‍ഫില്‍ ഈ പണപ്പിരിവിന് നേതൃത്വം നല്‍കിയതെന്നും ഈ പണം ഹവാല രൂപത്തില്‍ കേരളത്തിലേക്കെത്തിയെന്ന് സംശയിക്കുന്നതായും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ റിപ്പോര്‍ട്ടിലുണ്ട് . ഇക്കാര്യങ്ങളെല്ലാം അന്വേഷണ പരിധിയില്‍ വരുമ്പോള്‍ സ്വാഭാവികമായും പ്രതിസ്ഥാനത്ത് വരിക മുഖ്യമന്ത്രിയും മന്ത്രിമാരും തന്നെയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: