കാസര്‍കോട്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുമായി അടുപ്പമുണ്ടെന്ന സംശയത്തില്‍ നിരീക്ഷണത്തിലായിരുന്ന നാല് മലയാളികളെ യുഎഇ നാടുകടത്തി. യുഎഇയില്‍ നിരീക്ഷണത്തിലായിരുന്ന ഒന്‍പത് കാസര്‍കോട് സ്വദേശികളില്‍ നാല് പേരെയാണ് യുഎഇ പോലീസ് വിശദമായ ചോദ്യം ചെയ്യലിനു ശേഷം നാട്ടിലേക്കു കയറ്റിവിട്ടത്.
നാലുപേരും തൃക്കരിപ്പൂര്‍ മേഖലയിലുള്ളവരാണ്. കാബൂളിലെ ഗുരുദ്വാറില്‍ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടതായി പറയുന്ന തൃക്കരിപ്പൂര്‍ സ്വദേശി മുഹ്സിന്, ജലാലാബാദ് ജയിലില്‍ വെടിയുതിര്‍ത്ത് തടവുകാരെ മോചിപ്പിച്ച സംഭവത്തില്‍ മുഖ്യപ്രതിയായി എന്‍ഐഎ കണ്ടെത്തിയ പടന്ന സ്വദേശി ഇജാസ് എന്നിവരുമായി സൗഹൃദമുണ്ടായി എന്നാരോപിച്ചാണ് യുഎഇ പോലീസ് ഒന്‍പതു പേരെ പിടികൂടിയത്. പിടിയിലായവരില്‍ നാല് പേരെ കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിച്ചു.
ഇവരുടെ പാസ്പോര്‍ട്ട് എന്‍ഐഎ സംഘം പിടിച്ചുവച്ചതായും വിവരമുണ്ട്. എന്നാല്‍ ഇവര്‍ക്കെതിരെ നിലവില്‍ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. കോഴിക്കോട് ഫസ്റ്റ് ട്രീറ്റ്മെന്റ് സെന്ററില്‍ ക്വറന്റൈനില്‍ പാര്‍പ്പിച്ച യുവാക്കള്‍ കഴിഞ്ഞ ദിവസം കാസര്‍കോടുള്ള ഇവരുടെ വീടുകളിലെത്തിയിട്ടുണ്ട്.
ഐഎസില്‍ പോയവരുമായി ഇവര്‍ നിരന്തരം വാട്സ് ആപ്പ്, ഇന്‍സ്റ്റ ഗ്രാം തുടങ്ങിയവ വഴി ബന്ധപ്പെട്ടിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഐഎസ് ആശയങ്ങളിലേക്ക് ചോദ്യം ചെയ്യപ്പെട്ടവരും ആകര്ഷിക്കപ്പെട്ടിരുന്നുവെന്നതിന്റെ ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടിയുണ്ടായതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: