തൃശൂര്‍: സര്‍ക്കാരിന്റെ അഴിമതികള്‍ ചോദ്യം ചെയ്യുന്നവരെ മാനസിക രോഗികളായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മാനസികാവസ്ഥയാണ് തെറ്റിയിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ് മിഷനില്‍ അഴിമതി നടന്നുവെന്ന് ആദ്യം പറഞ്ഞത് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസും ധനകാര്യമന്ത്രി തോമസ് ഐസക്കുമാണ്. അതുകൊണ്ട് തന്നെ വിജിലന്‍സ് ആദ്യം ചോദ്യം ചെയ്യേണ്ടത് ബ്രിട്ടാസിനെയും തോമസ് ഐസക്കിനെയുമാണെന്ന് അദ്ദേഹം പറഞ്ഞു. ശിവശങ്കറും ബന്ധുക്കളും മുഖ്യമന്ത്രിയെ ബ്ലാക്ക് മെയില്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് അഴിമതിക്കാരെന്ന് തെളിഞ്ഞിട്ടും ശിവശങ്കറെയും ജലീലിനെയും മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടംകുളം പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.
സമാധാനപരമായി മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിവീശി. യുവമോര്‍ച്ച നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ജിനു, ആളൂര്‍ പഞ്ചായത്ത് സെക്ടട്ടറി അജീഷ് പൈക്കാട്ട് എന്നിവര്‍ക്ക് പോലീസ് മര്‍ദനത്തില്‍ പരിക്കേറ്റു. സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം, ജില്ലാ സെക്രട്ടറി കവിതാബിജു, ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, കെ.സി.വേണുമാസ്റ്റര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എസ് സുനില്‍കുമാര്‍, ജില്ല കമ്മിറ്റി അംഗം ഉണ്ണികൃഷ്ണന് പാറയില്‍, മണ്ഡലം ഭാരവാഹികളായ സണ്ണി കവലക്കാട്ട്, സുനില്‍ തളിയപറമ്പില്‍, മനോജ് കല്ലീക്കാട്ട്, സി.സി.മുരളി, ഷാജുട്ടന്‍, അഖിലാഷ് വിശ്വനാഥ്, തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: