തൃശൂര്‍: പീച്ചി ഡാമിലെ വൈദ്യുതോല്പാദന കേന്ദ്രത്തിലേക്ക് വെള്ളമെത്തുന്ന സ്ലൂയിസ് വാല്‍വിലെ ചോര്‍ച്ച പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. തകര്‍ന്ന ഷട്ടര്‍ പകുതിയോളം താഴ്ത്തിയതിനെ തുടര്‍ന്ന് വെള്ളത്തിന്റെ കുത്തൊഴുക്കിന് നേരിയ കുറവുണ്ട്. . കൊച്ചിയില്‍ നിന്നെത്തിയ നാവിക സേനാ വിദഗ്ധരും ഡൈവിങ് ടീമും ഇറിഗേഷന്‍ വകുപ്പിലെ മെക്കാനിക്കല്‍ ടീമുമാണ് തകരാര്‍ പരിഹരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഷട്ടറിന്റെ മുകളില്‍ 500 കിലോയുടെ ഇരുമ്പ് ഭാരം വെല്‍ഡ് ചെയ്ത് ഘടിപ്പിച്ച് താഴ്ത്താന്‍ നോക്കിയെങ്കിലും നടന്നില്ല. ഇതേ തുടര്‍ന്ന് തടസം അറിയാനായി ഡൈവിങ് ടീം വെള്ളത്തിനടിയിലിറങ്ങി പരിശോധിച്ചു. ഷട്ടറിനുള്ളില്‍ ഘടിപ്പിച്ചിരുന്ന റൗണ്ട് ഷീല്‍ഡ് അഴിച്ചുവെച്ച് ശ്രമിച്ചപ്പോഴാണ് ഷട്ടര്‍ അല്‍പ്പമെങ്കിലും ഇറക്കാനായത്. ഷട്ടര്‍ പകുതിയോളം അടച്ചതിനെ തുടര്‍ന്ന് വെള്ളത്തിന്റെ കുത്തൊഴുക്കിന് കുറവ് വന്നതിനാല്‍ നിലവില്‍ അപകട ഭീഷണി ഒഴിവായി. 20 സെ.മീ. കൂടിയാണ് ഇനിയും ഷട്ടര്‍ ഇറങ്ങാനുള്ളതെന്ന് അധികൃതര്‍ അറിയിച്ചു.
വൈദ്യുതി പ്ലാന്റിലേക്കുള്ള വാല്‍വിന്റെ തകരാര്‍ പരിഹരിച്ച് എമര്‍ജന്‍സി ഷട്ടര്‍ അടക്കാനായാല്‍ പ്രധാന പൈപ്പിലൂടെയുള്ള ജലത്തിന്റെ പ്രവാഹം നിര്‍ത്താന്‍ കഴിയും. പമ്പ് ഹൗസിന് സമീപത്ത് വാല്‍വ് സ്ഥാപിച്ച് വൈദ്യുതോല്പാദന കേന്ദ്രത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന സ്ലൂയിസ് പൈപ്പിന്റെ വാല്‍വിനുള്ളിലെ ഷട്ടറാണ് തകര്‍ന്നത്. ഷട്ടര്‍ അടച്ച് കെഎസ്ഇബിയുടെ പവര്‍ ഹൗസിലേക്കുള്ള പൈപ്പിലെ വെള്ളം നിയന്ത്രിച്ചാലേ സ്ലൂയിസ് വാല്‍വിന്റെ തകരാര്‍ പരിഹരിക്കാനാവൂ. വെള്ളത്തിന്റെ മര്‍ദ്ദം കാരണം അറ്റകുറ്റപണികള്‍ വേഗത്തില്‍ നടത്താന്‍ കഴിയാത്തതിനാല്‍ എമര്‍ജന്‍സി ഷട്ടര്‍ പൂര്‍ണമായും അടക്കാന്‍ ഇന്നലെയും സാധിച്ചിട്ടില്ല.
മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് ഷട്ടര്‍ ഇന്നലെ പകുതിയോളമെങ്കിലും താഴ്ത്താനായത്. പരിശ്രമങ്ങള്‍ ഇന്ന് രാവിലെ ആരംഭിക്കുമെന്നും വൈകീട്ടോടെ ഷട്ടര്‍ പൂര്‍ണമായും അടക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് പീച്ചി ഡാമിലെ നാല് സ്പില്‍വേ ഷട്ടറുകള്‍ തുറന്നത്. ഇതോടൊപ്പം കെഎസ്ഇബിയുടെ പവര്‍ ഹൗസിലേക്കുള്ള കൂറ്റന്‍ പൈപ്പിലൂടെയും വെള്ളം തുറന്നു വിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: