ബത്തേരി: ബത്തേരി ബീനാച്ചിയില്‍ സ്കൂളില്‍വെച്ച് പാമ്പുകടിയേറ്റ വിദ്യാര്‍ത്ഥിയുടെ ചികിത്സാചെലവ് പൂര്‍ണ്ണമായി സര്‍ക്കാര്‍ വഹിക്കുമെന്ന വാഗ്ദാനം പത്ത് മാസമായിട്ടും നിറവേറ്റിയില്ല. ദൊട്ടപ്പന്‍കുളം കാപ്പാട്ട് സുലൈമാനും കുടുംബവുമാണ് സര്‍ക്കാര്‍ സഹായത്തിനായി കാത്തിരിക്കുന്നത്.
പാമ്പ്കടിയേറ്റ വിദ്യാര്‍ത്ഥിയെ ജില്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ ഐസിയൂവിലാണ് പ്രവേശിപ്പിച്ചിരുന്നത്. എത്രയും വേഗം ചികിത്സാ ചെലവ് നല്‍കുമെന്ന് എംഎല്‍എ ഉള്‍പ്പെടെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇനിയും തുക കുടുംബത്തിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ ഡിസംബര്‍ 17നാണ് രണ്ടാം ക്ലാസുകാരന് മുഹമ്മദ് റെയ്ഹാന് ബീനാച്ചി ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളില്‍വെച്ച് പാമ്പ് കടിയേല്‍ക്കുന്നത്. കുട്ടിയെ താലൂക്ക് ആശുപത്രിയിലും പിന്നീട് വിംസ് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
ഷഹല ഷെറിന് പാമ്പുകടിയേറ്റ് മരിച്ച് ഒരു മാസം പിന്നിടും മുന്‍പായിരുന്നു ഈ സംഭവം. വിഷബാധയേറ്റതിനെ തുടര്‍ന്ന് നാല് ദിവസം സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സ നല്കിയ ശേഷമാണ് കുഞ്ഞിനെ രക്ഷിച്ചെടുക്കാനായത്. അന്ന് ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ബന്ധുക്കള്‍ക്ക് സികെ ശശീന്ദ്രന് എംഎല്‍എ ഉറപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ 10 മാസമാകാറായിട്ടും ചെലവ് വന്ന 25000 രൂപ പോലും ഈ കുടുംബത്തിന് ലഭിച്ചിട്ടില്ല.
അപകടത്തില്‍ തന്റെ ഒരു കാല് നഷ്ടപ്പെട്ട റയ്ഹാന്റെ ഉപ്പ സുലൈമാന്‍ കൊറോണ പശ്ചാത്തലത്തില്‍ സ്വന്തമായുണ്ടായിരുന്ന ചെറിയ കടയിലും പോകാനാകുന്നില്ല. താമസിക്കുന്ന വീടിന് ഉള്‍പ്പെടെ നാല് മാസമായി വാടക നല്‍കുന്നില്ല. സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്ന ചികിത്സാ സഹായം ലഭിച്ചിരുന്നെങ്കില്‍ ഏറെ സഹായകമാകും ഇന്നീ കുടുംബത്തിന്. പ്രവാസിയായിരുന്ന സുലൈമാന്‍ നാല് വര്‍ഷം മുന്‍പാണ് കോഴിക്കോട് വച്ചുണ്ടായ അപകടത്തില്‍ കാല് നഷ്ടമായത്. നടക്കാനുളള പ്രയാസത്തിനിടെയും വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ പലകുറി കയറിയിറങ്ങുകയാണ് ഈ പിതാവിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: