കൊച്ചി : എന്‍ഫോഴ്സ്മെന്റിനും, എന്‍ഐഎയ്ക്കും പിന്നാലെ മന്ത്രി കെ.ടി. ജലീലിനെ കസ്റ്റംസും ചോദ്യം ചെയ്യും. ഇന്ന് കൊച്ചി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുമെന്നാണ് സൂചന. ഇതുസംബന്ധിച്ച വിശദ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഡിപ്ലോമാറ്റിക് ബാഗേജ് വഴി മത ഗ്രന്ഥങ്ങള്‍ കൊണ്ടുവരികയും പ്രോട്ടോക്കോള്‍ ലംഘിച്ച് മന്ത്രി കെ.ടി. ജലീല്‍ അത് കൈപ്പറ്റുകയും ചെയ്തിരുന്നു. ഇവ സിആപ്റ്റിലെത്തിച്ച് വിതരണം ചെയ്യുകയും ചെയതിരുന്നു. ഇത് സംബന്ധിച്ചുള്ള അവ്യക്തത നീക്കുന്നതിന് വേണ്ടിയാണ് കസ്റ്റംസ് ചോദ്യം ചെയ്യാനായി ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റും എന്‍ഐഎയും നേരത്തെ ചോദ്യം ചെയ്തിരുന്നു.
28 പാഴ്സലുകളിലായാണ് ഡിപ്ലോമാറ്റിക് ബാഗേജ് വഴി മതഗ്രന്ഥം എത്തിച്ചതെന്നാണ് ജലീല്‍ നേരത്തെ മൊഴി നല്‍കിയിട്ടുള്ളത്. മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതിന്റെ മറവില്‍ ഏതെങ്കിലും തരത്തിലുള്ള കള്ളക്കടത്ത് നടന്നിട്ടുണ്ടോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായുള്ള മന്ത്രി ജലീലിന്റെ ബന്ധവും സംശയത്തിലേക്ക് വിരല്‍ചൂണ്ടുന്നു.
കഴിഞ്ഞ രണ്ടു ദിവസമായി എന്‍ഐഎ സിആപ്റ്റിന്റെ ഓഫീസില്‍ വിശദമായ പരിശോധന നടത്തിവരികയാണ്. സിആപ്റ്റിലെ ഉന്നത ഉദ്യോഗസ്ഥരെയും ഡ്രൈവര്‍മാരെയും എന്‍ഐഎ സംഘം ചോദ്യം ചെയ്തിരുന്നു.
അതേസമയം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് എന്‍ഐഎ ചോദ്യം ചെയ്യും. അതിനായി കൊച്ചി എന്‍ഐഎ ഓഫീസില്‍ ശിവശങ്കറിനെ എത്തിക്കും. ഇത് മൂന്നാം തവണയാണ് എന്‍ഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ഇത്തവണ സ്വപ്നയേയും ശിവശങ്കറിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: