ദുബായ്: ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം. സീസണിലെ ആദ്യ മത്സരത്തിനിറങ്ങുന്ന കൊല്‍ക്കത്തയ്ക്ക് വിജയ തുടക്കമാണ് ലക്ഷ്യം. എന്നാല്‍ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോട് അഞ്ച് വിക്കറ്റിന് തോറ്റാണ് മുംബൈയുടെ വരവ്. കൊല്‍ക്കത്തയ്ക്കെതിരെ മികച്ച റെക്കോഡുള്ള മുംബൈ ഇതിനുമുമ്പ് കളിച്ച 25 മത്സരങ്ങളില്‍ 19ലും വിജയിച്ചു. മധ്യനിരയാണ് മുംബൈയുടെ പ്രശ്നം. കഴിഞ്ഞ മത്സരത്തില്‍ സൗരവ് തിവാരിക്കൊഴികെ മറ്റാര്‍ക്കും പിടിച്ചു നില്ക്കാനായില്ല. പാണ്ഡ്യ സഹോദരന്മാര് ഫോം കണ്ടെത്തേണ്ടതുണ്ട്. നായകന് രോഹിത് ശര്‍മയും ക്വിന്റണ്‍ ഡികോക്കും നല്കുന്ന തുടക്കം നിര്‍ണ്ണായകമാകും. ജസ്പ്രീത് ബുംറയും ട്രന്റ് ബോള്‍ട്ടും നയിക്കുന്ന ബോളിങ് നിരയിലാണ് ടീമിന്റെ പ്രതീക്ഷ. ക്രുണാല്‍ പാണ്ഡ്യക്ക് പുറമെ മറ്റൊരു സ്പിന്നറെ കൂടി ടീമിലുള്‍പ്പെടുത്തിയേക്കും.
മറുവശത്ത് പ്രതീക്ഷയിലാണ് കൊല്‍ക്കത്ത. സുനില്‍ നരെയ്ന്, ആന്ദ്രെ റസല്‍ എന്നീ വിന്‍ഡീസ് താരങ്ങളാണ് ടീമിന്റെ കരുത്ത്. കഴിഞ്ഞ സീസണുകളില്‍ ഓപ്പണറായിറങ്ങിയ സുനില്‍ നരെയ്ന് ഇത്തവണ താഴോട്ടിറങ്ങി കളിച്ചേക്കും. മധ്യനിരയില്‍ ഓയിന്‍ മോര്ഗന് വന്നതോടെ ബാറ്റിങ് കൂടുതല്‍ ശക്തിപ്പെട്ടു. യുവതാരം ശുഭ്മാന്‍ ഗില്ലിന് ഇത്തവണ മുന്‍നിരയില്‍ സ്ഥാനം കിട്ടിയേക്കും. പാറ്റ് കമ്മിന്‍സ് നേതൃത്വം നല്കുന്ന പേസ് നിരയും നായകന് ദിനേശ് കാര്‍ത്തിക്കിന് ആശ്വാസമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: