ദുബായ്: ദുബായ്‌യില്‍ പുത്തന്‍ താരോദയം, ആദ്യ പ്രകടനം ആകര്‍ഷണീയം… റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി അരങ്ങേറ്റം കുറിച്ച ദേവ്ദത്ത് പടിക്കലിന്റെ തകര്‍പ്പന്‍ പ്രകടനത്തെ അഭിനന്ദിച്ച് കമന്റേറ്റര്‍ ആകാശ് ചോപ്ര പറഞ്ഞ വാക്കുകളാണിത്. സമൂഹമാധ്യമത്തില്‍ ദേവ്ദത്ത് പടിക്കല്‍ തരംഗമായി മാറി. പല ദേശീയ മാധ്യമങ്ങളും ‘പടിക്കല്‍ തരംഗ’മെന്ന് തുടര്‍ച്ചയായി വാര്‍ത്തകള്‍ നല്‍കി. ആദ്യ മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ചുറി നേടി ശ്രദ്ധേയനായ ദേവ്ദത്ത്, മികച്ച പ്രകടനം തുടര്‍ന്നാല്‍ കോഹ്‌ലിയുടെ വിശ്വസ്തനാകാം. അങ്ങനെയെങ്കില്‍ നീലകുപ്പായമടക്കം പല മോഹനനേട്ടങ്ങളും സ്വന്തമായേക്കും.
ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിനെ ഒരറ്റത്ത് സാക്ഷിയാക്കിയാണ് മലയാളി താരം അടിച്ചു തകര്‍ത്തത്. 42 പന്തില്‍ എട്ട് ഫോറടങ്ങുന്ന 56 റണ്‍സിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. ഓണ്‍ സൈഡ് പിക്ക് അപ്പ് ഷോട്ടും മിഡ് ഓഫിനെ കബളിപ്പിച്ചുള്ള ഡ്രൈവും പല തവണ കമന്ററി ബോക്‌സില്‍ ചര്‍ച്ചയായി. നായകന്‍ വിരാട് കോഹ്‌ലയും എ.ബി. ഡിവില്ലിയേഴ്‌സും അടക്കമുള്ളവര്‍ക്ക് മികച്ച അടിത്തറ നല്‍കിയാണ് പടിക്കല്‍ മടങ്ങിയത്. കോഹ്‌ലി-ഡിവില്ലിയേഴ്‌സ്-ഫിഞ്ച് ത്രയത്തിനൊപ്പം കട്ടയ്‌ക്ക് പിടിച്ചുനിന്നുള്ള ഇരുപതുകാരന്റെ പ്രകടനം മലയാളികള്‍ ഏറ്റെടുത്തു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ബെംഗളൂരുവിന്റെ വിജയത്തിലും പടിക്കലിന്റെ ബാറ്റിങ് നിര്‍ണ്ണായകമായി. മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡിവില്ലിയേഴ്‌സും (51) ആഞ്ഞടിച്ചതോടെയാണ് ബെംഗളൂരു സ്‌കോര്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സിലെത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 19.4 ഓവറില്‍ 153 റണ്‍സിന് പുറത്തായി.
ബെയര്‍സ്റ്റോ 61 റണ്‍സും പാണ്ഡെ 34 റണ്‍സും നേടി. ബെയര്‍സ്റ്റോ-പാണ്ഡെ കൂട്ടുകെട്ടിനെ പൊളിച്ച യുസ്‌വേന്ദ്ര ചാഹലിന്റെ മിന്നുന്ന ബൗളിങ്ങാണ് ബെംഗളൂരുവിനെ വിജയത്തിലേക്ക് നയിച്ചത്.
ഇതിനിടെ, ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും ദേവ്ദത്തിന്റെ ഇടംകൈയന്‍ ബാറ്റിങ് അഴകുള്ളതായിരുന്നെന്ന് പുകഴ്‌ത്തി. വമ്പന്‍ താരങ്ങള്‍ക്കൊപ്പം വെടിക്കെട്ട് ബാറ്റിങ്ങിലൂടെ പിടിച്ചുനിന്ന ദേവ്ദത്തിന്റെ പ്രകടനം യുവരാജ് സിങ്ങിനെ അനുസ്മരിപ്പിക്കുന്നെന്ന തരത്തിലും സമൂഹമാധ്യമത്തില്‍ ചര്‍ച്ചകളുണ്ടായി. കവറിന് മുകളിലൂടെ ഉയര്‍ത്തിയടിക്കുന്ന യുവരാജിന്റെ ബാറ്റിങ് ഒപ്പിയെടുക്കുകയായിരുന്നു ദേവ്ദത്ത്. മുന്‍ താരങ്ങളടക്കം പലരും ദേവ്ദത്തിന്റെ പ്രകടനത്തെ യുവരാജിന്റെ ബാറ്റിങ്ങുമായി താരതമ്യം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: