തൃശൂര്‍: അന്തിക്കാട് മണലൂര്‍ ഗ്രാമപഞ്ചായത്തുകളിലെ പടവുകളില്‍ കൃഷിയിറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ജില്ലാ കളക്ടര്‍ ഇടപെട്ടു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും കോള്‍പ്പടവ് സമിതി അംഗങ്ങളോടും ഗ്രാമപഞ്ചായത്ത് പ്രതിനിധികളോടും സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്കാന് കളക്ടര്‍ എസ്. ഷാനവാസ് നിര്‍ദ്ദേശിച്ചു.
മഴയില്‍ അന്തിക്കാട് കോള്‍ പടവിലെത്തുന്ന വെള്ളം പെരുമ്പുഴ പടവില്‍ നിന്ന് ഏനാമാക്കല്‍ റെഗുലേറ്റര്‍ വഴി കടലിലേക്കൊഴുക്കിയാല്‍ മാത്രമേ അന്തിക്കാട്-മണലൂര്‍ പടശേഖരങ്ങളില്‍ കൃഷിയിറക്കാന്‍ കഴിയൂ. ഈ കാലവര്‍ഷത്തില്‍ മഴ ശക്തമായപ്പോള്‍ കെഎല്‍ഡിസിയുടെയും പഞ്ചായത്ത് അധികൃതരുടെയും പാടശേഖര കമ്മിറ്റിയുടെയും നേതൃത്വത്തില്‍ പാലക്കഴയിലെ തടസങ്ങള്‍ മാറ്റിയിരുന്നു. എന്നാല്‍ പൊളിച്ച ഭാഗം ഇപ്പോള്‍ അടച്ച നിലയിലാണ്. ഇതിനാല്‍ അന്തിക്കാട് കോള്‍പ്പടവില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.
പ്രധാന ചാല് ഇടിയുന്നതുവരെ വെള്ളം വടക്കോട്ട് പാലക്കഴ വഴി മണലൂര്‍ താഴത്തു കൂടി തന്നെ പോകണമെന്നാണ് അന്തിക്കാട് കോള്‍പ്പടവ് കമ്മിറ്റി അംഗങ്ങള്‍ പറയുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്താല്‍ കോള്പടവിനോട് ചേര്‍ന്നുള്ള പ്രധാന ചാല് നിറഞ്ഞ് അവിടെ നിന്നുള്ള വെള്ളം പടവിലേക്കു തന്നെ തിരിച്ചെത്തുമെന്നാണ് മണലൂര്‍ പാടശേഖര കമ്മിറ്റി അംഗങ്ങളുടെ പക്ഷം. അന്തിക്കാട് മണലൂര്‍ പാടശേഖര കമ്മിറ്റികള്‍ തമ്മിലുള്ള ഈ തര്‍ക്കത്തെ തുടര്‍ന്നാണ് കളക്ടര്‍ ഇടപെട്ടത്. ഓണ്‍ലൈനായി നടന്ന യോഗത്തില്‍ കെഎല്‍ഡിസി, ഇറിഗേഷന്‍ ഉദ്യോഗസ്ഥരും മണലൂര്‍ – അന്തിക്കാട് കോള്‍ പടവ് പടശേഖര കമ്മിറ്റി അംഗങ്ങളും പഞ്ചായത്ത് പ്രതിനിധികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: