കൊച്ചി: മൂന്ന് അല്‍ഖ്വയ്ദ ഭീകരരെ കേരളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തതിനു പിന്നാലെ അന്വേഷണം കൂടുതല്‍ വിപുലമാക്കി ദേശീയ അന്വേഷണ ഏജന്‍സികള്‍. കേരളത്തിലേക്കുള്‍പ്പെടെ ദക്ഷിണേന്ത്യയിലേക്ക് അല്‍ഖ്വയ്ദയുടെ 150 മുതല്‍ 200 വരെ ഭീകരര്‍ എത്തിയിട്ടുണ്ടെന്നാണ് സൂചന. അന്താരാഷ്ട്ര തലത്തിലുള്ള നിരീക്ഷണങ്ങള്‍ പ്രകാരം കേന്ദ്ര സര്‍ക്കാരിന് നല്കിയ വിവരമാണിത്. കര്‍ണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലാണ് ഭീകരസംഘത്തിന്റെ ദൗത്യങ്ങള്‍. കേരളത്തില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
കൊച്ചിയില്‍നിന്നാണ് മുര്‍ഷിദ് ഹസന്, ഇയാക്കൂബ് ബിശ്വാസ്, മൊഷാറഫ് ഹൊസന്‍ എന്നിവര്‍ പിടിയിലായത്. ഇവരില്‍ മൊഷാറഫ് ഹൊസന്‍ ബംഗ്ലാദേശിയാണെന്ന് വ്യക്തമായി. മറ്റു രണ്ടുപേര്‍ക്ക് ബംഗാളില്‍ ബന്ധുക്കളുണ്ട്. മുര്‍ഷിദ് ഹസന് കളമശേരിക്കടുത്ത് ഏലൂര്‍ പാതാളത്തുനിന്നും മറ്റു രണ്ടുപേര്‍ പെരുമ്പാവൂരില്‍ നിന്നുമാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി ആസൂത്രണം ചെയ്ത് ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു റെയ്ഡും അറസ്റ്റും. ദല്‍ഹി എന്‍ഐഎ സംഘമാണ് അറസ്റ്റിനെത്തിയത്. ഇവരില്‍ ഒതുങ്ങുന്നില്ല കേരളത്തിലെ അല്‍ഖ്വയ്ദ പ്രവര്‍ത്തനമെന്നാണ് അന്വേഷണ ഏജന്‍സിയുടെ നിഗമനം. ഇവരുടെ കൂട്ടാളികള്‍ക്കായി സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ എന്‍ഐഎയുടെ അന്വേഷണം ശക്തമാക്കി.
കൊച്ചിയില്‍നിന്ന് പിടിയിലായവരെ എന്‍ഐഎ ദല്‍ഹിക്ക് കൊണ്ടുപോകാന്‍ മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കി സംസ്ഥാനാന്തര കടത്തല്‍ ഉത്തരവ് വാങ്ങി. എന്‍ഐഎകോടതി ഇല്ലാതിരുന്നതിനാലാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: