മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ ആന്തരികാവയവങ്ങള്‍ ശരിയായ രീതിയില്‍ മുംബൈ പോലീസും വൈദ്യസംഘവും സൂക്ഷിച്ചില്ലെന്ന് റിപ്പോര്‍ട്ട്. എയിംസിലെ ഫോറന്‍സിക് വിദഗ്ധ സംഘത്തിന് ലഭിച്ച ആന്തരികാവയങ്ങള്‍ വളരെ കുറഞ്ഞ അളവിലും അഴുകിത്തുടങ്ങിയ നിലയിലുമായിരുന്നെന്ന് എയിംസ് ഉന്നത വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ആന്തരികാവയവങ്ങള്‍ കഴിഞ്ഞ വെള്ളിയാഴ്ച വരെ എയിംസില്‍ പരിശോധിച്ചു. എന്നാല്‍, കൃത്യമായി സൂക്ഷിക്കാതിരുന്നതിനാല്‍ അവയവങ്ങള്‍ പരിശോധനയ്ക്കു വിധേയമാക്കുക വളരെ ശ്രമകരമായിരുന്നു. സുശാന്തിന്റെ മരണകാരണം കണ്ടെത്താനുള്ള സിബിഐയുടെ അന്വേഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വിവരമാണ് അവയവങ്ങളില്‍ നിന്ന് ലഭിക്കാനുള്ളത്.
തുടക്കം മുതല്‍ സുശാന്തിന്റേത് ആത്മഹത്യയാണെന്ന് വിധിയെഴുതിയ മുംബൈ പോലീസ്, നിരവധി സാക്ഷികളെ ചോദ്യം ചെയ്തെങ്കിലും ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധിച്ചനയ്ക്ക് വിധേയമാക്കിയിരുന്നില്ല. ഈ ആഴ്ച തന്നെ ഫോറന്‍സിക് വിദഗ്ധര്‍ സിബിഐക്ക് റിപ്പോര്‍ട്ട് കൈമാറുമെന്നാണ് വിവരം. ആന്തരിക അവയവങ്ങള്‍ കൃത്യമായി സൂക്ഷിക്കാത്തത് കേസ് അട്ടിമറിക്കാനാണെന്നും ഇതിന് പിന്നില്‍ ശിവസേന സര്‍ക്കാരാണ് പ്രവര്‍ത്തിച്ചതെന്നും അരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: