ആലുവ: ഭഗവാന് ശ്രീനാരായണ ഗുരുദേവന് 1914ല്‍ ആലുവയില്‍ സ്ഥാപിച്ച സംസ്കൃതപാഠശാലയും അനുബന്ധ കെട്ടിടങ്ങളും പൊളിക്കാനുള്ള ആലുവ നഗരസഭയിലെ ചിലരുടെ നീക്കത്തിനെതിരെ എസ്എന്‍ഡിപി യോഗം ആലുവ യൂണിയന് ശക്തമായി പ്രതിഷേധിച്ചു. ആലുവ എസ്എന്‍ഡിപി സ്കൂള്‍ വളപ്പിലാണ് 105 വര്‍ഷം പഴക്കമുള്ള സംസ്കൃതപാഠശാല സ്ഥിതി ചെയ്യുന്നത്.
സംസ്കൃതപാഠശാല ഹാളിനോട് ചേര്‍ന്നാണ് ഗുരുദേവന് വിശ്രമിച്ചിരുന്ന ഇരുനില മാളിക. പാഠശാലയില്‍ ഗുരുദേവന്റെ ദിവ്യ സാന്നിധ്യത്തില്‍ നടരാജ ഗുരുക്കള്‍ അടക്കം പങ്കെടുത്തിരുന്ന പണ്ഡിത സദസുകളും നടന്നിരുന്നു. ഗുരുവിന്റെ തൃപ്പാദ ദര്‍ശനം ഏറ്റിട്ടുള്ള ഇരുനില മാളിക സംസ്കൃതപാഠശാല വിദ്യാര്‍ഥികളുടെ മിശ്രഭോജനം, മഹാകവി കുമാരനാശാന്റെ എഴുത്തുമുറി എന്നിവയെല്ലാം അടങ്ങുന്നതാണ്. 1912 മുതല്‍ 1925 വരെ ഗുരുനവോത്ഥാനത്തിന് നേതൃത്വം നല്കിയ പവിത്രമായ മണ്ണും മഹത്ഭവനവുമാണ് പാഠശാലയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ചരിത്ര സ്മാരകം. ചരിത്ര പ്രാധാന്യം മനസ്സിലാക്കി ചരിത്രത്തോട് വര്‍ത്തമാന കാലഘട്ടത്തില്‍ നീതിപുലര്‍ത്തുന്ന ഭരണാധികാരികളായി മാറണമെന്നും പൈതൃക കെട്ടിടങ്ങള്‍ പൊളിക്കാനുള്ള ശ്രമങ്ങളില്‍ നിന്ന്് പിന്തിരിയണമെന്നും യൂണിയന് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
യൂണിയന് പ്രസിഡന്റ് വി. സന്തോഷ് ബാബു അധ്യക്ഷനായി. യൂണിയന് സെക്രട്ടറി എ.എന്‍. രാമചന്ദ്രന് പ്രമേയം അവതരിപ്പിച്ചു. യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥന്, യൂണിയന് വൈസ് പ്രസിഡന്റ് പി.ആര്. നിര്‍മ്മല്‍കുമാര്‍, യോഗം ബോര്‍ഡ് മെമ്പര്‍മാരായ വി.ഡി. രാജന്, പി.പി. സനകന്‍, ടി.എസ്. അരുണ്‍, കൗണ്‍സിലര്‍മാരായ സജീവന് ഇടച്ചിറ, കെ.കെ. മോഹനന്, കെ.സി. സ്മിജന്‍, കെ. കുമാരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: