ഇടുക്കി: ചുഴലിക്കാറ്റിനും ന്യൂനമര്‍ദത്തിനും പിന്നാലെ സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതോടെ ജലസംഭരണികള്‍ കൂട്ടത്തോടെ തുറന്നു.
കെഎസ്ഇബിയുടെ കീഴിലുള്ള 9 ഡാമുകളും ജലസേചന വകുപ്പിന്റെ 14 ഡാമുകളുമാണ് തുറന്നത്.
കെഎസ്ഇബിയുടെ കീഴില്‍ വരുന്ന തൃശൂര്‍ ജില്ലയിലെ ഷോളയാര്‍, ഇടുക്കിയിലെ പൊന്മുടി, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, ഹെഡ് വര്‍ക്ക്സ്, കുണ്ടള, തൃശൂരിലെ പൊരിങ്ങല്‍ക്കുത്ത്, വയനാട്ടിലെ ബാണാസുര സാഗര്‍, പത്തനംതിട്ടയിലെ മൂഴിയാര്‍ എന്നിവയാണ് തുറന്നിരിക്കുന്നത്.
ജലസേചന വകുപ്പിന്റെ കീഴിലുള്ള പാലക്കാട് ജില്ലയിലെ മലമ്പുഴ, മംഗലം, പോത്തുണ്ടി, മൂലത്തറ, കാഞ്ഞിരപ്പുഴ, ശിരുവാണി, എറണാകുളത്തെ ഭൂതത്താന്‍ കെട്ട്, പത്തനംതിട്ടയിലെ മണിയാര്‍, വയനാട്ടിലെ കാരാപ്പുഴ, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, കണ്ണൂരിലെ പഴശ്ശി, ഇടുക്കിയിലെ മലങ്കര, തിരുവനന്തപുരത്തെ നെയ്യാര്‍, അരുവിക്കര എന്നിവയുടെ ഷട്ടറുകളും തുറന്ന് വെച്ചിരിക്കുകയാണ്.
ഇവയില്‍ ചിലത് നേരത്തെ തന്നെ തുറന്നിരിക്കുന്നതാണെങ്കിലും കൂടുതല്‍ ഷട്ടറുകള്‍ മഴ എത്തിയതോടെ ഉയര്‍ത്തിയിരിക്കുകയാണ്. തൃശൂരിലെ പീച്ചി ഡാമില്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഡാം തുറക്കുമെന്നാണ് വിവരം. പാലക്കാട് ജില്ലയിലെ വാളയാറിലും ബ്ലൂ അലേര്‍ട്ടാണ്.
തമിഴ്നാടിന്റെ കീഴില്‍ വരുന്ന പറമ്പികുളം ഡാം തുറന്നതിനാല്‍ ഈ വെള്ളം എത്തുക പൊരിങ്ങല്കുത്തിലേക്കാണ്. ഇത് കൂടാതെ തമിഴ്നാടിന്റെ തന്നെ ആഴിയാര്‍, അപ്പര്‍ ഷോളയാര്‍ ഡാമുകളും ഉടന്‍ തുറക്കുമെന്നാണ് വിവരം. അപ്പര്‍ ഷോളയാര്‍ തുറന്നാല്‍ വെള്ളമെത്തുക ഷോളയാറിലേക്കും പിന്നീട് പൊരിങ്ങല്കുത്തിലേക്കുമാണ്. ഇവിടെ നിന്നുള്ള വെള്ളം വാച്ചുമരം ചുരം വഴി എറണാകുളത്തെ ഇടമലയാറിലേക്കും പോകുന്നുണ്ട്.
സംസ്ഥാനത്താകെ കെഎസ്ഇബിയുടെ കീഴില്‍ 55ഉം ജലസേചന വകുപ്പിന് 27 ഉം ജലസംഭരണികളാണുള്ളത്. ആകെയുള്ള ഡാമുകളില്‍ 15 എണ്ണമാണ് ഇടുക്കിയിലുള്ളത്. വലിയ അണക്കെട്ടുകളായ മലമ്പുഴ- 84, കല്ലട- 74, ചിമ്മണി- 90, നെയ്യാര്‍- 84, കുറ്റ്യാടി- 64, ശിരുവാണ്- 91, വാഴാനി- 55 ശതമാനം എന്നിങ്ങനെയാണ് ജലശേഖരം. ഇന്നലെ ഉച്ചയ്ക്ക് ജലസേചന വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: