കമ്യൂണിസ്റ്റുകാര്‍ക്ക് രണ്ട് ‘വിശുദ്ധ’ഗ്രന്ഥങ്ങളാണെന്നാണ് അവര്‍ പറയാറ്; ഒന്ന് കാള്‍ മാര്‍ക്സിന്റെ (ഏംഗല്‍സിന്റെയും) ‘മൂലധനം’, മറ്റൊന്ന് മാക്സിം ഗോര്‍ക്കിയുടെ ‘അമ്മ’. ലോകതൊഴിലാളി വര്ഗമോചനത്തിന്റെ ആധാരരേഖയെന്നൊക്കെ പറയാറുണ്ടെങ്കിലും 150 ാം വാര്‍ഷികം ലോകമറിയത്തക്കതായില്ല, 153 വയസായി മൂലധനത്തിനെങ്കിലും അതു വായിച്ചിട്ടില്ലാത്തവരാണ് കമ്യൂണിസ്റ്റുകളിലേറെ. എന്നാല്‍, ഗോര്‍ക്കിയുടെ ‘അമ്മ’ അങ്ങനെയല്ല, അതു വായിച്ചു കരയാത്ത കമ്യൂണിസ്റ്റുകളില്ലെന്നാണ് കഥകള്‍. അത് കഥയല്ല, ചരിത്രമാണെന്നും അതല്ല കമ്യൂണിസം പോലെ സങ്കല്‍പ്പമാണെന്നും പറച്ചിലുണ്ട്. അതെന്തായാലും അതിലെ ചില വിവരണങ്ങള്‍ സാഹിത്യമൂല്യംകൊണ്ട് ഹൃദയം ആര്‍ദ്രമാക്കുന്നവ തന്നെ.
റഷ്യയില്‍ കമ്യൂണിസത്തിന്റെ തുടക്കക്കാലം, ബോള്‍ഷെവിക് പാര്‍ട്ടിയുടെ വിപ്ലവ-പ്രചാരണ-വിവരണ ലഘുലേഖകള്‍ ഫാക്ടറിത്തൊഴിലാളികള്‍ക്ക് എത്തിക്കാന്‍ ചിലര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ വിവരണങ്ങള്‍. വിപ്ലവം വളര്ത്തലിനിടയില് പിടിക്കപ്പെടുന്നവര്‍, അധികാരികളുടെ മര്‍ദനം ഏല്ക്കുന്നവര്, തൂക്കിലേറ്റപ്പെടുന്നവര്… അങ്ങനെ വിപ്ലവ വഴിയില്‍ ചോരയും ജീവനും വെടിഞ്ഞവരുടെ കഥയും ചരിത്രവും ആരെയും ആര്‍ദ്രരാക്കും. എവിടെയുമുള്ള കമ്യൂണിസ്റ്റുകളെ അത് ആവേശ ഭരിതരാക്കും. ഇവിടെ, ഈ കൊച്ചു കേരളത്തിലുമങ്ങനെതന്നെ. പക്ഷേ, ആ കേരള കമ്യൂണിസ്റ്റുകള്‍, കേരളത്തിലിപ്പോള്‍ ‘വിശുദ്ധ ഖുറാനു’ വേണ്ടി വാദിക്കുകയും അതിനെ ദുരുപയോഗിക്കുന്നവരെ ആശ്ളേഷിക്കുകയും അതൊക്കെ ചോദ്യം ചെയ്യുന്നവരോട് ആക്രോശിക്കുകയും ചെയ്യുമ്പോള്‍ ചരിത്രത്തിലെ ചില തിരിച്ചു നടത്തങ്ങളും പാര്‍ട്ടിയുടെ അടവുനയങ്ങളിലെ അറപ്പുവഴികളും പൊതുമധ്യത്തില്‍ തെളിഞ്ഞു വരികയാണ്.
മൂലധനംവഴി മാര്‍ക്സ് പഠിപ്പിക്കാനുദ്ദേശിച്ച പാര്‍ട്ടിയുടെ വിപ്ലവപാത മറ്റൊന്നാണ്. ഗോര്‍ക്കി നടത്താന്‍ ആഗ്രഹിച്ച മാനവികതയുടെവഴി വേറൊന്നാണ്. കമ്യൂണിസ്റ്റ്, പ്രത്യേകിച്ച് മാര്‍ക്സിസ്റ്റ് സഞ്ചാരവഴി മറ്റൊന്നും. അങ്ങനെയാണ് ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പെന്ന’ ആശയം പ്രചരിപ്പിച്ച കമ്യൂണിസ്റ്റുകള്‍ മതഗ്രന്ഥമായ ഖുറാന് മാറോടണയ്ക്കുന്നതും ഖുറാന് സംരക്ഷണ സേനയാകുന്നതും. അവര്‍ ‘ലാല്‍ സലാ’മിനു പകരം ‘ലാല്‍ സലാമു അലൈക്കും’ എന്ന് പുതിയ മുദ്രാവാക്യം സ്വീകരിച്ചുവെന്ന് ‘ട്രോളുകള്‍’ പ്രചരിക്കുമ്പോള്‍ അതില്‍ കാമ്പില്ലാതില്ലെന്ന് കമ്യൂണിസ്റ്റുകാരും പറയുന്ന കാലമായി.
ഖുറാന് സംരക്ഷിക്കാന്‍ ആ ഗ്രന്ഥത്തിനെ വിശുദ്ധമായി കാണുന്ന, അതിനെ ആധാരമാക്കി ജീവിക്കുന്ന വിശ്വാസികള്‍ മതി. എപ്പപ്പോള്‍ അതിനെതിരേ നേരിയ ശബ്ദംപോലും ഉയര്‍ന്നിട്ടുണ്ടോ അപ്പോഴൊക്കെ സംരക്ഷിക്കാന്‍ അവര്‍ ഉണര്‍ന്നിട്ടുണ്ട്. അവഹേളിക്കാന്‍ കച്ചകെട്ടിയിറങ്ങാതിരുന്നാല് മതി. പക്ഷേ, ഇപ്പറഞ്ഞത് ഏത് വിശ്വാസത്തിന്റെയും മതഗ്രന്ഥത്തിന്റെയും കാര്യത്തിലുള്ള യുക്തിയാണ്. നിങ്ങള്‍ക്ക് വിശ്വസിക്കാം, വിശ്വസിക്കാതിരിക്കാം, വിശ്വസിക്കുന്നവരെ എതിര്‍ക്കാതിരിക്കുകയാണ് വേണ്ടത്. പക്ഷേ, കമ്യൂണസ്റ്റുകള്‍ ‘മൂലധനം’ വിട്ട് ഖുറാനോട് ചേരുമ്പോള്‍ അത് വിശ്വാസത്തിന്റെ മാറണയ്ക്കലല്ല, പകരം വോട്ടു രാഷ്ട്രീയത്തിന്റെ അവസരവാദമാണ് എന്നതാണ് പ്രത്യേകത. അതിനപ്പുറം കടന്ന്, ഖുറാന്റെ പേരിലുള്ള അനുപാതംവിട്ട വാദങ്ങള്‍ നടത്തുമ്പോള്‍ അത് വിശുദ്ധഗ്രന്ഥത്തിന്റെ പേരില്‍ ചിലര്‍ നടത്തുന്ന അശുദ്ധ ജിഹാദിന്റെ തലത്തിലെത്തും, അതാണിപ്പോള്‍ കമ്യൂണിസ്റ്റു വഴിയും.
മുസ്ലിം വോട്ടുബാങ്കിനോട് കമ്യൂണിസ്റ്റുകള്‍ക്ക്-മാര്‍ക്സിസ്റ്റുകള്‍ക്ക്-അത്രത്തോളം ആഭിമുഖ്യം വന്നത് ആഗോള തലത്തില്‍ രൂപപ്പെട്ട ചില ഇസ്ലാമിക രാഷ്ട്ര-രാഷ്ട്രീയ അടിത്തറയില്‍നിന്നാണ്. അതവര് പരീക്ഷിച്ച് വിജയിച്ചത് 1991 ലെ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലൂടെയാണ്. കുവൈത്തിനെ ഇറാഖ് ആക്രമിച്ചു. ഇറാഖിന്റെ തലവന്‍ സദ്ദാം ഹുസൈന് രണ്ടു ലക്ഷത്തിലേറെ കുര്‍ദ്-ഷിയ മുസ്ലിങ്ങളെ കൂട്ടക്കൊലചെയ്തയാളാണ്. കുവൈറ്റ് ആക്രമിച്ച സദ്ദാമിനെതിരെ അമേരിക്ക യുദ്ധം ചെയ്തു, പിടിച്ചു, തൂക്കിക്കൊന്നു. സദ്ദാമിനെ പിടിച്ച അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരേ കേരളത്തില്‍ സദ്ദാം അനുകൂല രാഷ്ട്രീയം കളിച്ചാണ് മാര്‍ക്സിസ്റ്റുകാര്‍ മുസ്ലിം വോട്ടു നേടി 1991 ലെ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയത്.
കോണ്‍ഗ്രസും മോശമായിരുന്നില്ല, അവരും സദ്ദാമിന്റെ പേരില്‍ സംസ്ഥാനത്ത്ഹര്ത്താല് നടത്തി, തുടര്‍ച്ചയായി രണ്ടുനാള്‍ കേരളത്തില്‍ ഹര്‍ത്താല്‍ നടന്നു. പക്ഷേ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ രാഷ്ട്രീയ കുബുദ്ധി കോണ്‍ഗ്രസിനില്ലായിരുന്നു. ആ വിജയം കമ്യൂണിസ്റ്റുകളെ മുസ്ലിം വോട്ടുബാങ്ക് ലഹരിക്ക് അടിമകളാക്കി. മുസ്ലിം ലീഗ് എതിര്‍പക്ഷത്ത് കോട്ടകെട്ടിയപ്പോള്‍ കിട്ടിയവരെയെല്ലാം കമ്യൂണിസ്റ്റുകള്‍ ഒപ്പം കൂട്ടി. അങ്ങനെ പാര്‍ട്ടി ‘റെഡ് ജിഹാദി’ന്റെ വലയില്‍ കുടുങ്ങി, പയ്യെപ്പയ്യെ അത് വഴിയാക്കി മാറ്റി.
പിന്നീട് ഈ രാഷ്ട്രീയത്തിനെ അത്രത്തോളം പച്ചയായും അതിശക്തമായുമുപയോഗിച്ചത് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്നുവെന്നും ‘ഹിന്ദുരാജ്യം’ സ്ഥാപിക്കപ്പെടാന്‍ പോകുന്നുവെന്നും മുസ്ലിങ്ങള്‍ കൂട്ടപ്പലായനം ചെയ്യേണ്ടിവരുമെന്നും പ്രചരിപ്പിച്ചായിരുന്നു അത്. അവിടെ ഹിന്ദു വികാരം അവര്‍ പരിഗണിച്ചില്ല, ഇന്ത്യയെന്ന വികാരം പണ്ടേയില്ല. അവിടത്തെ വിജയത്തോടെ പിണറായി വിജയന് അത് കൂടുതല്‍ പരപ്പിലും ആഴത്തിലുമാക്കി. മുസ്ലിം പ്രീണനം മാത്രമല്ല, ഹിന്ദു അവഹേളനവും ഇസ്ലാമിക വോട്ടുബാങ്ക് വശത്താക്കാനുപായമെന്ന് കരുതി. അങ്ങനെ ശബരിമല യുവതീപ്രവേശം വിഷയമാക്കി. വാസ്തവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാപരമായ അവകാശമായി, സുപ്രീം കോടതി നിര്‍ദേശ പ്രകാരം പാര്‍ലമെന്റില്‍ നിയമമാക്കിയ മുത്ത്വലാഖ് നിരോധനനിയമത്തിന് ബദലുകൂടിയായിട്ടാണ് കമ്യൂണിസ്റ്റുകള്‍ ശബരിമലയെ പൊക്കിപ്പിടിച്ചത്. ഇപ്പോള്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെ ‘ഖുറാന് വിവാദമുണ്ടാക്കി’ മുസ്ലിം വോട്ടുബാങ്ക് രാഷ്ട്രീയം പയറ്റുകയാണ് കമ്യൂണിസ്റ്റ് പിണറായി.
കോണ്‍സുലേറ്റുവഴിയുള്ള സ്വര്‍ണക്കടത്താണ് ‘ഖുറാന്’ ചര്‍ച്ചയിലെത്തിയത്. ആരാണ് ഖുറാന് ചര്‍ച്ച തുടങ്ങിവെച്ചത്? ആരാണ് കൊണ്ടുനടക്കുന്നത്? ആരാണ് രാഷ്ട്രീയ വിഷയമാക്കി നിലനിര്‍ത്തുന്നത്? അതാണ് പ്രധാനം. സ്വര്‍ണം കടത്തിന്റെ അന്വേഷണത്തിനിടെയാണ് ഉന്നത വിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ.ടി. ജീലിലിന്റെ വകുപ്പിനു കീഴിലെ സി പാറ്റ് എന്ന സ്ഥാപനത്തിലേക്ക് രഹസ്യമായി കോണ്‍സുലേറ്റില്‍നിന്ന് പെട്ടികള്‍ കടത്തിയെന്നു വാര്‍ത്ത വന്നത്. 2020 ജൂലൈ 17 ന് ‘ജന്മഭൂമി’യിലാണ് ആദ്യം വാര്‍ത്തവന്നത്.
പിന്നീട് അത് ഖുറാന് ആയിരുന്നുവെന്ന് ആദ്യം വിശദീകരിച്ചത് മന്ത്രി ജലീല്‍തന്നെ- ജൂലൈ 29 ന്. ”’കൊണ്ടുവന്നത് വിശുദ്ധ ഖുറാനാണ്. കോണ്‍സുലേറ്റ് ആവശ്യപ്പെട്ടിട്ടാണ്. അതിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരം തവണ തൂക്കിലേറ്റിയാലും അനുഭവിക്കാന്‍ തയാര്‍..” എന്ന തരത്തില്‍ മന്ത്രി വിശദീകരിച്ചു. ജൂലൈ 15 ന്, കോണ്‍സുലേറ്റ് നല്കിയ ദുരിതാശ്വാസ കിറ്റ് വിതരണം ചെയ്തത് വിശദീകരിച്ചപ്പോഴും ഇക്കാര്യം പറഞ്ഞില്ല. പറഞ്ഞപ്പോള്‍, കുറ്റത്തിന് ശിക്ഷ വിധിക്കുന്നത് കോടതിയാണെങ്കിലും അതില്‍ മോദിയെ കൊണ്ടുവന്നു, തൂക്കുമരവും ചേര്‍ത്തുവെച്ചു. കൃത്യമായ രാഷ്ട്രീയം.
ജലീല്‍ പിന്നെയും വിശദീകരിച്ചു- ആഗസ്ത് ആറിനും, 22 നും 23 നും ഫേസ്ബുക്കില്‍ വിശദീകരിച്ചു. അപ്പോഴെല്ലാം ഖുറാന് മുന്‍നിര്‍ത്തിയായിരുന്നു വിശകലനവും ന്യായീകരണങ്ങളും. ‘വിശുദ്ധ ഖുറാനെ’ പരസ്യമായി രാഷ്ട്രീയ ദുര്വിനിയോഗിച്ചിട്ടും മതപണ്ഡിതരുടെ ‘ഫത്വ’ വന്നില്ല, മത സംഘടനകളുടെ വിലക്കും എതിര് ശബ്ദവും വന്നില്ല. പരീക്ഷണമായിരുന്നു അത്. അതോടെ ഖുറാന് രാഷ്ട്രീയമായി വിനിയോഗിക്കാനുള്ള കമ്യൂണിസ്റ്റ് തീരുമാനം മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടപ്പാക്കി. മുഖ്യമന്ത്രി പിണറായി വിജയന്, സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, സിപിഎം മന്ത്രി എ.കെ. ബാലന് എന്നു വേണ്ട, ‘അറബി മലയാളം ഖുറാന്’ അവതരിപ്പിച്ചും ‘യുഎഇയെ വിശുദ്ധ നാടായി’ പ്രഖ്യാപിച്ചും കുട്ടി സഖാക്കള്‍ വരെ അഴിഞ്ഞാടി. എന്നിട്ടിപ്പോള്‍ പറയുന്നു, ഖുറാനെ രാഷ്ട്രീയമായി ചിലര്‍ സ്വര്‍ണക്കടത്തിന് മറയാക്കുന്നുവെന്ന്.
വില്യം ലോഗന്റെ മലബാര്‍ മാന്വലിലുണ്ട് ഇങ്ങനെയൊരു ചരിത്ര വിവരണം. അറേബ്യന്‍ നാട്ടില്‍നിന്ന് വിശുദ്ധമത തത്ത്വം പ്രചരിപ്പിക്കാന്‍ വന്നവര്‍ ചേരമാന്‍ പെരുമാളെ കണ്ട് വിശദീകരിച്ചപ്പോള്‍ ‘അവസാന പെരുമാള്‍’ അവര്‍ക്കൊപ്പം പോകാന്‍ സന്നദ്ധനായി എന്ന്. അത് ചേരമാന്‍ ഭരണത്തിന്റെ അവസാനം കുറിക്കാനുള്ള കാരണമായിരുന്നു. മലബാറിലെ കൊയിലാണ്ടിക്കൊല്ലത്തെ, പെരുമാള്‍ കപ്പല്‍ കയറിയ പ്രദേശം ‘പോയനാട്’ എന്നാണ് അറിയപ്പെടുന്നത്. ചരിത്രത്തിന്റെ ആവര്‍ത്തനം പോലെയാണിപ്പോള്‍ നടക്കുന്നത്. അറേബ്യയില്‍നിന്നു വന്ന സ്വര്‍ണവും ഈന്തപ്പഴവും ‘പുസ്തകക്കെട്ടും’ ഒരു രാഷ്ട്രീയ ആദര്‍ശത്തിന്റെ ഈ രാജ്യത്തെ ‘അവസാനത്തെ ഭരണാധികാരിയെ’ ഇറക്കിവിടാന്‍ അവസരം ഒരുക്കുകയാണ്. ‘പാറപ്പുറത്ത് വിതച്ച വിത്ത് ഏറെ നാള് വളരില്ലെന്ന’ തത്ത്വവും പഠിപ്പിക്കുന്നത് ഒരു മതഗ്രന്ഥമാണ്. ആ തത്ത്വം കണ്ണൂര്‍ തലശേരിയിലെ പാറപ്പുറത്ത് വിതച്ച രാഷ്ട്രീയ വിത്തിനും ബാധകമാവുകതന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: