ന്യൂദല്‍ഹി : അല്‍ഖ്വദയുമായി ബന്ധമുള്ള കൂടുതല്‍ പേരെ തിരിച്ചറിഞ്ഞതായി ദേശീയ അന്വേഷണ ഏജന്‍സി. കേടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കൊച്ചിയില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്ന് ഭീകരരെ കസ്റ്റഡിയില്‍ വാങ്ങാനായി സമര്‍പ്പിച്ച അപേക്ഷയിലാണ് ഇതുസംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം കൊച്ചി പാതാളത്തിന് സമീപത്തായി പിടിയിലായ മുര്‍ഷിദ് ഹസന് ആണ് സംഘത്തലവന്. രാജ്യ വ്യാപകമായി സ്ഫോടനം നടത്തുന്നതിനുള്ള പദ്ധതി തയ്യാറാക്കി വരികയായിരുന്നു. അല്‍ഖ്വയ്ദയുമായി ബന്ധമുള്ള പത്ത് പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതല്‍ പേരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും. ബംഗാളി ഭാഷ സംസാരിക്കുന്നവരാണ് ഇവര്‍.
കേരളത്തില്‍നിന്നും ബംഗാളില്‍നിന്നുമായി ഒമ്പത് ഭീകരരെയാണ് എന്‍ഐഎ ശനിയാഴ്ച പിടികൂടിയത്. രാജ്യവ്യാപകമായി സ്ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതി. ഇതിനായുള്ള ധന സസമാഹരണത്തിനായി ഇവര്‍ പദ്ധതി തയ്യാറാക്കി വരികയായിരുന്നു. ഇത് കൂടാതെ ഭീകര സംഘടനയിലേക്ക് കൂടുതല്‍ ആളുകളെ സ്വാധീനിക്കാനും ഇവര്‍ ശ്രമം നടത്തി വരികയായിരുന്നു. അറസ്റ്റിലായ പ്രതികളെ കൊച്ചിയില്‍നിന്ന് ദല്‍ഹിയിലേക്ക് കൊണ്ടുപോയി. ഇവരെ ചൊവ്വാഴ്ച പട്യാല കോടതിയില്‍ ഹാജരാക്കും. ചൊവ്വാഴ്ച രാവിലെ 11 വരെയാണ് എന്‍ഐഎയ്ക്ക് പ്രതികളെ കസ്റ്റഡിയില്‍ വെയ്ക്കാന്‍ സമയം അനുവദിച്ചിട്ടുള്ളത്.
രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളില്‍ പാകിസ്താന് സ്പോണ്‍സേര്‍ഡ് അല്‍ഖായിദ സ്ഫോടന പരമ്പരയ്ക്ക് ലക്ഷ്യമിടുന്നെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ 11ന് എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലും ബംഗാളിലും പതിനൊന്നിടങ്ങളില്‍ ഒരേസമയം റെയ്ഡ് നടത്തിയത്. അതിനിടെ കേസുമായി ബന്ധപ്പെട്ട് കേരളാ പോലീസ് അതിഥി തൊഴിലാളികള്‍ക്കിടയില്‍ വ്യാപക തെരച്ചില്‍ നടത്തി. മുഴുവന്‍ തൊഴിലാളികളുടേയും വിവരം ശേഖരിക്കുകയാണ് ആദ്യ ഘട്ടം. ഇവരില്‍ ദല്‍ഹിയിലേക്കും ബംഗാളിലേക്കും തുടര്‍ച്ചയായി യാത്ര ചെയ്തിട്ടുള്ളവരേയും കണ്ടെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: