ഭാരതത്തിന്റെ ദിവ്യത്വത്തെക്കുറിച്ച് വിവേകാനന്ദസ്വാമികള്‍ വീണ്ടും ഇങ്ങനെ പറയുന്നു: ‘ഭാരതം മരിക്കയോ? മരിച്ചാല്‍ ലോകത്തിലെ ആദ്ധ്യാത്മികതയെല്ലാം കെട്ടടങ്ങും; ധാര്‍മ്മികതയുടെ തികവു കെട്ടടങ്ങും; സുകുമാരഹൃദയങ്ങള്ക്കു മതത്തോടുള്ള സഹാനുഭൂതിയെല്ലാം കെട്ടടങ്ങും; ആദര്‍ശവാദമെല്ലാം കെട്ടടങ്ങും. പകരം, കാമവും ആര്‍ഭാടവും ദേവനും ദേവിയുമായി വാഴ്ചനടത്തും; പുരോഹിതന് പണമായിരിക്കും; ചടങ്ങുകള്‍ കപടതയും കയ്യൂക്കും മത്സരവുമായിരിക്കും; ഹോമദ്രവ്യം മനുഷ്യാത്മാവും. അങ്ങനെ ഒരുകാര്യം നടക്കുകയേ ഇല്ല. ഭാരതം മരിച്ചുപോകുമോ? ഉല്‍കൃഷ്ടവും ധാര്‍മികവും ആദ്ധ്യാത്മികവുമായതിന്റെയെല്ലാം വൃദ്ധമാതാവായ ഭാരതഭൂമി, ഋഷിമാര്‍ നടന്നതും ദേവതുല്യരായ മനുഷ്യര്‍ ഇന്നും ജീവിച്ചിരിക്കുന്നതുമായ ഈ നാട് മരിച്ചുപോകുമോ? ഏഥന്‍സിലെ ആ പ്രാജ്ഞന്‍ കൊണ്ടുനടന്ന റാന്തല്‍ കടം വാങ്ങിക്കൊണ്ട്, സഹോദരാ! ഞാന്‍ നിങ്ങളുടെ പിന്നാലെവരാം, വിശാലമായ ഈ ലോകത്തിലുള്ള പട്ടണങ്ങളിലും ഗ്രാമങ്ങളിലും സമതലങ്ങളിലും വനാന്തരങ്ങളിലും കൂടി; കഴിയുമെങ്കില്‍, മറുനാടുകളില്‍ അത്തരമാളുകളെ കാട്ടിത്തരൂ.’ ഇന്നു നമ്മുടെ യുവതലമുറയാകെ വിദേശപഠനവും വിദേശജോലിയും കൊതിക്കുന്നു. എന്നാല്‍ ഈ പരദേശപ്രയാണം കൊണ്ടുണ്ടാകുന്ന പ്രധാനദോഷം പാശ്ചാത്യസംസ്കാരഭ്രമത്താലുള്ള മൂല്യച്യുതിയും ധാര്മികാധഃപതനവുമാണ്. ഇപ്പോഴാണെങ്കില്‍ പകര്‍ച്ചവ്യാധിയും കൂടെ വന്ന് അന്തരീക്ഷം കലുഷിതമാക്കിയിരിക്കുന്നു.
പാശ്ചാത്യാനുകരണവ്യഗ്രതയ്ക്കെതിരെ യുവതലമുറയെ വിവേകാനന്ദസ്വാമികള്‍ പലവട്ടം താക്കീതുചെയ്യുന്നത് നമുക്കുകാണാം: അവിടുന്നു പറഞ്ഞു: ‘ഒരു വശത്തു നവഭാരതം പറയുകയാണ്: പാശ്ചാത്യരുടെ ആശയവും ഭാഷയും ആഹാരവും ഉപകരണങ്ങളും ആചാരമുറകളും സ്വീകരിച്ചാലേ പാശ്ചാത്യരെപ്പോലെ നമുക്കും ബലവും വീര്യവുമുണ്ടാകൂ.’ മറുവശത്ത് പ്രാചീനഭാരതം പറയുന്നു, ‘മഠയാ! അനുകരണത്തിലൂടെ പരകീയമായ ആശയങ്ങള്‍ നമ്മുടേതാവില്ല. സ്വയം സമ്പാദിക്കാതെ ഒരു വസ്തുവും നമ്മുടേതാവില്ല.’ ഒരു വശത്തു നവഭാരതം പറയുകയാണ്: ‘പാശ്ചാത്യവര്ഗ്ഗങ്ങള് ചെയ്യുന്നതെല്ലാം നന്ന്. നന്നല്ലെങ്കില്‍ അവര്‍ ഇത്ര പ്രബലരാകുന്നതെങ്ങനെ?’മറുവശത്ത് പ്രാചീനഭാരതം പറയുന്നു: ‘കൊള്ളിയാന്റെ വെളിച്ചത്തിനു ശക്തിവളരെയുണ്ട്; പക്ഷേ, അതു ക്ഷണികമാണ്. കുട്ടികളേ, നിങ്ങളുടെ കണ്ണു മങ്ങിപ്പോയിരിക്കയാണ്. സൂക്ഷിക്കണം.’
പാശ്ചാത്യരാജ്യങ്ങളിലെ സാമുദായികജീവിതം ഒരു പൊട്ടിച്ചിരിയുടെ നാദംപോലെയാണ്, എന്നാല്‍ അടിയില്‍ അതൊരു രോദനമാണ്. അതൊരു ഗദ്ഗദത്തില്‍ അവസാനിക്കുന്നു. വാസ്തവത്തില്‍ അതു ദുരന്തതീക്ഷ്ണത നിറഞ്ഞതാണ്. ഇവിടെയാകട്ടെ പുറത്ത് എല്ലാം ശോകാകുലവും മ്ലാനവുമാണ്. അടിയില്‍ എല്ലാം അശ്രദ്ധയും ആഹ്ലാദവും.’
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: