തലശ്ശേരി: കേരളത്തില്‍ ഖുറാനാണ് കൊണ്ടുവന്നതെന്ന കെ ടി ജലീലിന്റെ വാദം കടപ്പുറത്ത് പൂഴിയിറക്കി എന്ന് പറയുന്നത് പോലെയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി. അബ്ദുള്ളക്കുട്ടി പരിഹസിച്ചു. യുവമോര്‍ച്ച തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ തലശ്ശേരി സബ്ബ് കലക്ടര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉല്‍ഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കടപ്പുറത്ത് ആരെങ്കിലും പുഴിയിറക്കുമോ…? ഇവിടെ അത്രമാത്രം ഖുറാനും പള്ളികളും ഉണ്ടെന്നിരിക്കെ ഖുറാന്റെ മറവില്‍ സ്വര്‍ണ്ണമാണ് കടത്തിയതെന്ന കാര്യത്തില്‍ സംശയമില്ല. അതിനാല്‍ ജലീല്‍ രാജ്യദ്രോഹി മാത്രമല്ല ഖുറാന്റെ ശത്രുവും കൂടിയാണ്. വിദേശത്ത് പിരിച്ച പണം പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ശക്തമായ നടപടി കാരണം കള്ളപണമായി ഇന്ത്യയിലെത്തിക്കാന്‍ കഴിയുന്നില്ല. അത് കൊണ്ട് ആ പണം സ്വര്‍ണ്ണമാക്കി ഖുറാന്റെ മറവില്‍ കെ ടി ജലീലും സ്വപ്ന സുരേഷും ഉള്‍പ്പെടെയുള്ളവര്‍ കേരളത്തിലേക്ക് കടത്തുകയായിരുന്നു. ഇതിനെയാണ് ജലീല്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്.
മന്ത്രി എ.കെ.ബാലന് പറയുന്നത് പിണറായിയെ കാണുമ്പോള്‍ പ്രതിപക്ഷത്തിന് കുരുക്ക് കണ്ട സാത്താനെ പോലെയാണെന്നാണ്. ഇത് കേള്‍ക്കുമ്പോള്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയാണെന്ന് തോന്നുമെങ്കിലും ബാലന് പറയാതെ പറഞ്ഞത് പിണറായി വിജയന് മാര്‍ക്സിറ്റ് പാര്‍ട്ടിക്ക് ഒരു കുരുക്കായി മാറിയിരിക്കയാണെന്നാണ്. പിണറായിയുടെ പൊന്നുമോള്‍ക്ക് ഒരു പുതിയാപ്ല വലത് കാല് വെച്ച് കയറിയതോടു കൂടി പിണറായിയുടേയും മകളുടേയും കഷ്ടകാലം തുടങ്ങിയിരിക്കുകയാണ്. വീണയുടെ ഐ ടി കമ്പനിക്ക് വേണ്ടിയാണ് ശിവശങ്കരന് വഴിവിട്ട് പ്രവര്‍ത്തിച്ചത്.
ഇ.പി.ജയരാജന്റെ ഭാര്യ പറയുന്നത് അവരെ അപമാനിച്ചുവെന്നാണ്. മകന്റേയും സ്വപ്നയുടേയും ഫോട്ടോ പുറത്ത് വന്നപ്പോഴാണ് കോറന്ഡൈനില് കഴിയവെ ഇന്ദിര ബാങ്കിലെത്തി ലോക്കര്‍ തുറന്നത്. ഇത് ഒരു പവന്റെ മാല തൂക്കി നോക്കാനാണത്രെ. ഇതിനാലാണ് സ്വപ്നയുടെ കോടികള്‍ ഇവിടെ എത്തിയിരുന്നുവെന്ന് ജനങ്ങള്‍ സംശയിക്കുന്നത്. കള്ളക്കടത്തും മയക്ക് മരുന്ന് കടത്ത് സംഭവങ്ങളുമൊക്കെയായി അച്ഛനുറങ്ങാത്ത വീടായി മാറിയിരിക്കുകയാണ് കോടിയേരി ബാലകൃഷ്ണണന്റെ വീട്. ആദര്‍ശത്തിന് വേണ്ടി മക്കളെ പോലും തള്ളിപ്പറഞ്ഞ നേതാക്കളുണ്ടായിരുന്ന സി പി എമ്മിന്റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്.
കള്ളന്മാരേയും മാഫിയകളേയും രാജ്യദ്രോഹിക ളേയും സംരക്ഷിക്കുന്ന പ്രസ്ഥാനമായി സി പി എം മാറിയെന്നും നാട്ടുകാരെ പറ്റിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് ഇപ്പോള്‍ യാതൊരു ലജ്ജയുമില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. യുവമോര്‍ച്ച പ്രവര്‍ത്തകരെ ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്ത ഡിവൈഎസ്പി സദാനന്ദനെ പോലുള്ള മാര്‍ക്സിസ്റ്റ് ക്വട്ടേഷന്‍ പോലീസ് സംഘത്തെ കൊണ്ട് ബി ജെ പി നേതാക്കളെ സെല്യൂട്ടടിപ്പിക്കുന്ന കാലമാണ് ഇനി വരാനുള്ളതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ബി ജെ പി തലശ്ശേരി മണ്ഡലം കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് ആര്.ഡി.ഒ ഓഫീസ് പരിസരത്ത് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. മാര്‍ച്ച് എത്തിയ ഉടനെ പോലീസ് ജലപീരങ്കി പ്രയോഗിച്ച് നേരിടാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോവാന്‍ തയ്യാറായില്ല. സമര പരിപാടിയില്‍ കെ.ലിജേഷ് അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് അരുണ്‍ കൈതപ്രം പ്രസംഗിച്ചു. സി.പി. സംഗീത, എം.പി.സുമേഷ്, കെ.എം.റിതിന്, സ്മിതാ ജയമോഹന്, കെ.അജേഷ്, ഗഅനില്കുമാര്, പ്രതീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: