ന്യൂദല്‍ഹി: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കിയെന്നും മുന്‍നിശ്ചയിച്ച പ്രകാരം നാളെ മുതല്‍ സര്‍വീസ് നടത്താമെന്നും ദുബായ്. കഴിഞ്ഞ ദിവസം കൊറോണ രോഗിയെ യാത്രചെയ്യാന്‍ അനുവദിച്ചതിന്റെ പേരില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് വിലക്കേര്‍പ്പെടുത്തിയിരുന്നു.
ദല്‍ഹിയിലെയും ജയ്പൂരിലെയും വിമാനത്താവളങ്ങളിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള വിമാനത്തില്‍ കൊറോണ രോഗി യാത്രചെയ്യാന്‍ ഇടയായത്. ഇക്കാര്യം എയര്‍ ഇന്ത്യ എക്സ്പ്രസ് ദുബായെ അറിയിച്ചിരുന്നു.
ഈ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലും വ്യോമയാനമന്ത്രാലയങ്ങള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയുടെയും അടിസ്ഥാനത്തിലാണ് വിലക്ക് നീക്കിയത്. കൃത്യവിലോപം കാട്ടിയ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ വ്യക്തമാക്കി. നാളെ മുതല്‍ ദുബായിലേക്കുള്ള സര്‍വീസുകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: